
യുപിയിലെ പ്രയാഗ്രാജില്‍ മഹാകുംഭമേളയ്ക്കിടെ തിക്കിലും തിരക്കിലും 79 പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ്ലോണ്‍ട്രിയാണ് തെളിവുകള്‍ ഉള്‍പ്പെടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കുംഭമേളയിലുണ്ടായ അപകടത്തിന്റെ വ്യാപ്തി ബിജെപി സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി.
ജനുവരി 29നു പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 30 പേര്‍ മരിച്ചെന്നും 60ല്‍ ഏറെപ്പേര്‍ക്കു പരുക്കേറ്റെന്നുമായിരുന്നു യുപി സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്. എന്നാല്‍ യഥാര്‍ഥ മരണസംഖ്യയും അപകടത്തിന്റെ വ്യാപ്തിയും സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിനിടെയാണ് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന മാധ്യമറിപ്പോര്‍ട്ട് പുറത്തുവന്നത്. \
ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ്ലോണ്‍ട്രിയാണ് തെളിവ് സഹിതം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കുംഭമേളയില്‍ മരിച്ചവരുടെ ശരീരങ്ങള്‍ പ്രയാഗ്രാജിലെ മോത്തിലാല്‍ നെഹ്‌റു മെഡിക്കല്‍ കോളജില്‍ നിന്നാണു ബന്ധുക്കള്‍ക്കു വിട്ടുനല്‍കിയത്. ആശുപത്രിയില്‍ എത്തിച്ച 69 പേരില്‍ 66 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു കൈമാറിയെന്നും 2 സ്ത്രീകളുള്‍പ്പെടെ 6 പേരെ തിരിച്ചറിയാനായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. 69 പേരില്‍ 10 പേര്‍ പുരുഷന്‍മാരാണ്. തിരിച്ചറിഞ്ഞ മൃതദേഹങ്ങളില്‍ ഭൂരിഭാഗവും യുപി സ്വദേശികളും. 14 പേര്‍ ബിഹാര്‍, 9 പേര്‍ ബംഗാള്‍, ഒരാള്‍ ഗുജറാത്ത് സ്വദേശിയുമാണ്. മൃതദേഹങ്ങളൊന്നും പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടുമില്ല.
പ്രയാഗ്രാജിലെ സ്വരൂപ് റാണി ഹോസ്പിറ്റലില്‍ 10 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. 36 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മോത്തിലാല്‍ നെഹ്റുവില്‍ 69 മൃതദേഹങ്ങളും സ്വരൂപ് റാണിയില്‍ കുറഞ്ഞത് 10 മൃതദേഹങ്ങളുമുണ്ടെങ്കില്‍, കുംഭമേളയിലെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 79 ആയി ഉയരുമെന്നും ന്യൂസ്ലോണ്‍ട്രി റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ നാല്‍പതോളം ഉയരുമെന്ന് നേരത്തേ വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭയില്‍ ചട്ടം 267 പ്രകാരം നോട്ടീസ് നല്‍കിയെങ്കിലും രാജ്യസഭാ ചെയര്‍മാന്‍ അനുവദിച്ചില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here