
രാജ്യത്ത് തീവ്ര വലതുപക്ഷ ശക്തികൾക്ക് ചിലർ കൂടുതൽ ആത്മവിശ്വാസം നൽകുകയാണെന്നും തീവ്ര ഹിന്ദുത്വത്തിൻ്റെ അജണ്ടയാണ് ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്നും സി.പി.ഐ.എം നേതാവ് എ വിജയരാഘവൻ. ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിൻ്റെ പരിപാടിയിൽ നാട്ടിലെ പ്രമുഖർ പങ്കെടുത്തത് ഇത്തരം രാഷ്ട്രീയ വലതുപക്ഷ ശക്തികൾ പിടിമുറുക്കുന്നതിൻ്റെ തെളിവാണ്.
ഫാസിസം ശക്തിപ്പെടുമ്പോൾ ജനങ്ങൾക്ക് യുക്തിയും ശാസ്‌ത്രബോധവും നഷ്‌ടപ്പെടുമെന്നും, ഈ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് വർഗീയത വളർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് ഭരണഘടനയുടെ അടിത്തറ തകർക്കുകയും ജനാധിപത്യം ഇല്ലാതാക്കുകയും ചെയ്യുന്നു. ഹിന്ദു വർഗീയതക്ക് ബദലായി മുസ്ലിം വർഗീയതയും വളരുന്നുണ്ടെന്നും, സ്വത്വവാദം വർഗീയതയായി മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വെള്ളാപ്പള്ളി നടേശനെ ഏറ്റവും വലിയ വർഗീയവാദിയായി ചിത്രീകരിക്കുന്നവർ മോഹൻ ഭഗവതിൻ്റെ പേര് പറയാൻ തയ്യാറാകുന്നില്ലെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയെ ന്യായീകരിക്കേണ്ട ബാധ്യത ഇടതുപക്ഷത്തിനില്ല. മൃദു ഹിന്ദുത്വ നിലപാടാണ് കോൺഗ്രസിനെ തകർത്തത്. മുസ്ലിം ലീഗ് മതാത്മകതയിൽ നിന്ന് വർഗീയതയിലേക്ക് നീങ്ങിയെന്നും ജമാഅത്തെ ഇസ്ലാമി ആ വേഗത വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ജാതി രാഷ്ട്രീയത്തിലൂടെ ആ ജാതിയിലെ മധ്യവർഗമാണ് അധികാരത്തിലെത്തുന്നതെന്നും ഇത്തരം ജാതി കക്ഷികൾ ഒടുവിൽ സംഘ്‌പരിവാറിൽ ലയിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാത്തരം വർഗീയതയെയും എതിർക്കുന്നത് ഇടതുപക്ഷമാണെന്നും ഇതിൽ ഏറ്റവും അപകടകരം ഹിന്ദുത്വ വർഗീയതയാണെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്രപരമായി ജനസംഘത്തിലെ സോഷ്യലിസ്റ്റ് ചേരിയെ ഇടതുപക്ഷം പിന്തുണച്ചിട്ടുണ്ടെങ്കിലും വർഗീയ ചേരിയെ എപ്പോഴും എതിർത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

