
സത്യൻ മാഷ്, പുതുതലമുറയ്ക്ക് ചിലപ്പോൾ ഈ പേര് പരിചയമുണ്ടാകില്ല. എന്നാൽ ഒരു തലമുറയെ സിനിമയോടടുപ്പിച്ച, വെള്ളിത്തിരയിൽ അത്ഭുതങ്ങൾ കാട്ടിക്കൊടുത്ത അനശ്വരനായ നടനെ അറിയാതെ പോകുന്നതെങ്ങനെ? സത്യനില്ലാത്ത ഒരു മലയാള സിനിമയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന ഒരു കാലമുണ്ടായിരുന്നു.
1971 ജൂൺ 15, പ്രായഭേദമന്യേ മലയാളികളുടെ നെഞ്ചുലച്ച് സത്യനെന്ന വസന്തം പെയ്തൊഴിഞ്ഞു. പെട്ടന്നായിരുന്നു ആ മരണം. അത് സത്യമെന്ന് വിശ്വസിക്കാൻ സിനിമാസ്വാദകർ നന്നേ പാടുപെട്ടു. ചെയ്തുതീർക്കാൻ എത്രയോ കഥാപാത്രങ്ങൾ ബാക്കിയാക്കിയാണ് ഓർമയുടെ സ്ക്രീനിലേക്ക് സത്യൻ മാഷ് നടന്നുകയറിയത്.

മലയാള സിനിമയില്‍ ആദ്യമായി മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ആൾ, മലയാളത്തിന്റെ ആദ്യത്തെ മഹാനടൻ… ഒരേയൊരു പേര് സത്യൻ. മഹാനടനെന്നും അഭിനയ ചക്രവര്‍ത്തിയെന്നും സ്വാഭാവികാഭിനയത്തിന്റെ സ്കൂളെന്നുമെല്ലാം സത്യൻ മാഷിനെ വിലയിരുത്തുന്നവരുണ്ട്.
‘സത്യന്റെ സിംഹാസനം… അതെന്നും ഒഴിഞ്ഞുതന്നെ കിടക്കും’ എന്നാണ് സത്യൻ മാഷ് വിടപറഞ്ഞപ്പോൾ അന്ന് പ്രേം നസീർ പറഞ്ഞത്. വിടപറഞ്ഞ് ഇതാ ഈ 55-ാം വർഷത്തിലും ആ സിംഹാസനം ഒഴിഞ്ഞുതന്നെ കിടക്കുകയാണെന്ന് പറയുന്നവരേറെ.
![]()
‘കരകാണാക്കടല്‍’ എന്ന സിനിമയിലെ അഭിനയത്തിന് സത്യൻ മാഷിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. മരണാനന്തരവും തേടിയെത്തിയ അംഗീകാരമായിരുന്നു അത്. പൊലീസ് ഉദ്യോഗം ഉപേക്ഷിച്ചാണ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് അദ്ദേഹം കടന്നുവന്നത്. ‘ത്യാഗസീമ’യടക്കമുള്ള ആദ്യകാല സിനിമകള്‍ വെളിച്ചം കണ്ടില്ലെങ്കിലും അദ്ദേഹം തളർന്നില്ല, നിരാശനായില്ല.

1952ല്‍ ‘ആത്മസഖി’യിലൂടെ സത്യൻ മാഷ് മലയാള സിനിമയിൽ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു. പിന്നീടങ്ങോട്ട് എത്രയെത്ര സിനിമകള്‍! ‘സ്‍നേഹസീമ’, ‘ആശാദീപം’, ‘ലോകനീതി’, ‘തിരമാല’… സത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ‘കുടുംബം’, ‘തൊമ്മന്റെ മക്കള്‍’, ‘അനാര്‍ക്കലി’, ‘തിലോത്തമ’, ‘കായംകുളം കൊച്ചുണ്ണി’, ‘അന്വേഷിച്ചു കണ്ടെത്തിയില്ല’, ‘കാവാലം ചുണ്ടന്‍’, ‘യക്ഷി’, ‘അടിമകള്‍’, ‘കടല്‍പ്പാലം’, ‘കാട്ടുകുരങ്ങ്’, ‘മൂലധനം’, ‘സ്ത്രീ’, ‘അമ്മ എന്ന സ്ത്രീ’, ‘കുരുക്ഷേത്രം’, ‘ഒതേനന്റെ മകന്‍’, ‘വിവാഹിത’, ‘കുറ്റവാളി’, ‘ക്രോസ്സ് ബെല്‍റ്റ്’, ‘ത്രിവേണി”നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’, ‘താര’, ‘വാഴ്വേമായം’, ‘അനുഭവങ്ങള്‍ പാളിച്ചകളും’ ‘പഞ്ചവന്‍ കാടും’. വൈകാതെ ‘കരകാണാക്കടല്‍’, ‘ഇന്‍ക്വിലാബ് സിന്ദാബാദ്’ ‘നീലക്കുയി’ലിലൂടെ മലയാള സിനിമയിലെ വിജയ നായകപട്ടം അദ്ദേഹം സ്വന്തമാക്കി.
![]()
ഇന്നും സത്യൻ മാഷ് മലയാളികള്‍ക്ക് അത്ഭുതമാണ്. സത്യൻ മാഷിനെ കുറിച്ച് പറയാതെ മലയാള സിനിമയെ അടയാളപ്പെടുത്താൻ ആകില്ല. സത്യന്റെ ഭാവാഭിനയത്തിന് പകരം വെക്കാന്‍ ആരുണ്ട് അന്നും ഇന്നും അല്ലേ!

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

