
പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിലെ സമയത്തില്‍ മാറ്റം. വിദ്യാര്‍ത്ഥി ആശിര്‍നന്ദയുടെ ആത്മഹത്യയെ തുടര്‍ന്ന് രൂപീകരിച്ച പിടിഎയുടെ ആവശ്യ പ്രകാരമാണ് സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്തിയത്. അതേസമയം സ്‌കൂള്‍ തുറന്നപ്പോള്‍ ആദരാഞ്ജലി അര്‍പ്പിച്ച് സ്‌കൂള്‍ അസംബ്ലിയും ചേര്‍ന്നു.
രാവിലെ 8.40 ന് തുടങ്ങി വൈകീട്ട് 3.40 ന് അവസാനിക്കുന്ന തരത്തിലാണ് പുതിയ സമയം ക്രമീകരിച്ചിരിക്കുന്നത്. മുന്‍പ് 7 30ന് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് കോണ്‍വെന്റ് സ്‌കൂളിലെ ക്ലാസ് തുടങ്ങിയിരുന്നു. ഇതിലാണ് മാറ്റം വരുത്തിയത്. മാത്രമല്ല 20 മിനുറ്റായിരുന്ന ഉച്ചയൂണ്‍ സമയം 40 മിനിറ്റായും രണ്ട് ഇടവേള സമയങ്ങള്‍ 15 മിനിറ്റായും വ4ധിപ്പിച്ചു. മഴക്കാലത്ത് ഷൂ ഒഴിവാക്കി ചെരിപ്പിടാമെന്നും മാനേജ്‌മെന്റ് സമ്മതിച്ചതായി പിടിഎ ഭാരവാഹികള്‍ അറിയിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരാതി അറിയിക്കാന്‍ പൊതു സംവിധാനവും നിലവില്‍ വന്നു.
രക്ഷിതാക്കള്‍ക്ക് ഏതു സമയവും സ്‌കൂളില്‍ പ്രവേശിക്കാനുള്ള അനുമതിയും നല്‍കാനും തീരുമാനിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു ഒമ്പതാം ക്ലാസുകാരി ആശീര്‍നന്ദ ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് വലിയ പ്രതിഷേധം സ്‌കൂളിനെതിരെ ഉയര്‍ന്നിരുന്നു. താല്‍ക്കാലികമായി അടച്ചിട്ട് സ്‌കൂള്‍ ഒരാഴ്ചക്ക് ശേഷം ഇന്നാണ് തുറന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here