മകൻ ഡോക്ടറായി വരുന്നത് കാണാൻ കാത്തിരുന്ന ആ അമ്മയ്ക്ക് മുന്നിൽ ആറടി മണ്ണിലേക്ക് യാത്രയായി നിതിൻ. സഹോദരിയുടെ വീട്ടുവളപ്പിൽ നിതിൻ ഇനി അന്ത്യവിശ്രമം കൊള്ളും. കണ്ണൂർ അഞ്ചരട്ടിയിൽ ആത്മഹത്യ ചെയ്ത ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ശബ്ദ സന്ദേശം ഉൾപ്പെടെ പുറത്ത് വന്നിരുന്നു.
വിദ്യാർത്ഥി നേരിട്ടിരുന്നത് കടുത്ത മാനസിക പീഡനമെന്ന് സുഹൃത്തുക്കൾക്ക് പങ്കുവെച്ച ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. അധ്യാപകനെതിരെ ഗുരുതര ആരോപണമാണ് ശബ്ദസന്ദേശത്തിലുള്ളത്. സ്റ്റാഫ് റൂമിൽ വെച്ച് നിരന്തരമായി അപമാനിക്കാറുണ്ടെന്ന് നിതിൻ രാജ് തൻ്റെ ശബ്ദസന്ദേശത്തിൽ പറയുന്നു. അമ്മയുടെ രോഗത്തെക്കുറിച്ച് അധ്യാപകൻ നിരന്തരം കളിയാക്കിയെന്ന് നിതിൻ രാജ് പറയുന്നു.
മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിനു മുകളിൽ നിന്നാണ് നിതിൻ താഴേക്ക് വീണത്. നിതിൻ രാജ് വകുപ്പ് മേധാവിയിൽ നിന്ന് കടുത്ത മാനസിക പീഡനം നേരിട്ടിരുന്നു എന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെ അധ്യാപകരെ സസ്പെൻഡ് ചെയ്തിരുന്നു. നിതിനെ പുഴുത്ത പട്ടിയെന്ന് വിളിച്ചു, നിറത്തിന്റെ പേരിൽ അധിക്ഷേപിച്ചുവെന്നും കുടുംബം ആരോപിച്ചിരുന്നു. സീനിയേഴ്‌സിൽ നിന്നുള്ള റാഗിങ്ങും ജീവനൊടുക്കാൻ കാരണമായെന്നും കുടുംബം പറഞ്ഞിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

