
മലയാളികൾ ഉൾപ്പെടെയുള്ളവർക്കേറെ ഇഷ്ടമുള്ള നടനാണ് അല്ലു അർജുൻ. ഏപ്രിൽ എട്ടിനായിരുന്നു അദ്ദേഹത്തിന്റെ 44 -ാമത് ജന്മദിനം. അന്ന് അല്ലു അർജുൻ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ഒരു ചിത്രം പോലും പുറത്തുവന്നിരുന്നില്ല. ഇത് ആരാധകരിൽ കടുത്ത നിരാശയാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ കുടുംബത്തിലെ അടുത്ത അംഗങ്ങളോടൊത്ത് പിറന്നാൾ ആഘോഷിക്കുന്ന അല്ലു അർജുന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അല്ലു അർജുന്റെ ഭാര്യ സ്നേഹ റെഡിയാണ് ഇൻസ്റ്റഗ്രാമിലൂടെ ലളിതമായ ആഘോഷത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
കറുത്ത ടീ ഷർട്ടും ഡെനീം ജീൻസുമണിഞ്ഞ് കേക്കുകൾ മുറിക്കുന്ന അല്ലു അർജുന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഏപ്രിലിലെ ചെറിയ സന്തോഷങ്ങളെന്ന ക്യാപ്ഷനോടുകൂടിയാണ് സ്നേഹ അല്ലു അർജുന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. പുതിയ ചിത്രം രാക്കയുടെ തിരക്കിലാണ് അല്ലു അർജുൻ. തന്റെ പിറന്നാൾ ദിനത്തിൽ അല്ലു അർജുൻ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കുവച്ചിരുന്നു.
ജവാനു ശേഷം അറ്റ്‍ലി സംവിധാനം ചെയ്യുന്ന രാക്ക 800 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. സൺ പിക്ചേഴ്സ് ആണ് നിർമാണം.ചിത്രത്തിൽ നാല് വ്യത്യസ്ത വേഷങ്ങളിലാണ് അല്ലു അർജുൻ എത്തുന്നത്. മുത്തച്ഛൻ, അച്ഛൻ, രണ്ട് ആൺമക്കൾ എന്നിവരുടെ വേഷങ്ങളിലാണ് അദ്ദേഹം എത്തുകയെന്നാണ് റിപ്പോർട്ടുകൾ. ബോളിവുഡ് നടി ദീപിക പദുക്കോണും രാക്കയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
രാക്കയിൽ അഭിനയിക്കുന്നതിന് അല്ലു അർജുൻ 175 കോടി രൂപ പ്രതിഫലമാണ് വാങ്ങുന്നതെന്ന് ഒരു ദേശീയ സിനിമാ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ചിത്രത്തിന്റെ 15 ശതമാനം നൽകുന്ന ഒരു ബാക്ക്എൻഡ് കരാറും ഇതിനോടകം താരത്തിന് ലഭിക്കുമെന്നാണ് സൂചന.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

