ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നാട്ടിൽ അജയ്യരെന്ന പ്രതിച്ഛായ അടുത്ത കാലത്തായി വെല്ലുവിളി നേരിടുകയാണ്. ന്യൂസിലൻഡ് പര്യടനത്തിന് മുൻപ് ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്ക, ഏകദിന ടി20 പരമ്പരയിൽ ആതിഥേയരെ വിറപ്പിക്കുകയും ടെസ്റ്റ് പരമ്പര തൂത്തുവാരുകയും ചെയ്തു.
ഇപ്പോൾ ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയും കയ്യാലപ്പുറത്തെ തേങ്ങയെപോലെയാണ് . മൈക്കൽ ബ്രേസ്വെല്ലിന്റെ നേതൃത്വത്തിലുള്ള രണ്ടാംനിര ടീമിനു മുന്നിൽ ഇന്ത്യ സമ്മർദ്ദത്തിലാണ് . ബറോഡയിൽ ആദ്യ മത്സരം ജയിച്ച ഇന്ത്യ, രാജ്കോട്ടിൽ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടു. ഇതോടെ ജനുവരി 18നു ഇൻഡോറിൽ നടക്കുന്ന മൂന്നാം ഏകദിനം വിജയിയെ നിർണയിക്കുന്ന ഫൈനൽ ആയി മാറി. മുഹമ്മദ് സിറാജ് ഇതിനെ ലോകകപ്പ് ഫൈനലിനോട് ഉപമിച്ചു.
പരമ്പരയിലെ 1-1 സ്കോർലൈൻ യഥാർത്ഥ ചിത്രം പൂർണമായി പ്രതിഫലിപ്പിക്കുന്നില്ല. ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ്, സ്പിൻ വിഭാഗങ്ങളിലൊക്കെ ന്യൂസിലൻഡ് ഇന്ത്യയെ മറികടന്നു. അരങ്ങേറ്റക്കാരൻ ജയ്ഡൻ ലെന്നോക്‌സ് ഉൾപ്പെടെയുള്ള കിവി സ്പിന്നർമാർ, ജഡേജ-കുൽദീപ് കൂട്ടുകെട്ടിനെക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
Also Read: രഞ്ജി ട്രോഫി മത്സരങ്ങളിൽ നിന്ന് പിന്മാറി അജിങ്ക്യ രഹാനെ
ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്ന വേദിയാണ് ഹോൾക്കർ സ്റ്റേഡിയം. ഇവിടെ കളിച്ച ഏഴ് ഏകദിനങ്ങളിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്. ചെറിയ ബൗണ്ടറികളുള്ള പിച്ചിൽ ബാറ്റർമാർക്ക് അനുകൂല സാഹചര്യമാണ് പ്രതീക്ഷിക്കുന്നത്. ടീമിൽ അർഷ്ദീപ് സിങ്ങിനെ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. നിതീഷ് കുമാർ റെഡിയോ ജഡേജയോ ബെഞ്ചിൽ ഇരിക്കേണ്ടി വരും.ന്യൂസിലൻഡ് ചരിത്ര നേട്ടത്തിനരികെയാണ്. വില്യംസൺ, റച്ചിൻ രവീന്ദ്ര, സാൻട്നർ എന്നിവരില്ലാതെയാണ് അവർ ഈ പ്രകടനം കാഴ്ചവെക്കുന്നത്. ഡാരിൽ മിച്ചൽ ഇന്ത്യൻ ബൗളർമാർക്ക് വലിയ വെല്ലുവിളിയാണ്. ഇന്ത്യൻ ആരാധകരുടെ എല്ലാ കണ്ണുകളും രോഹിത് ശർമയിലും വിരാട് കോഹ്‌ലിയിലുമാകും. ഇന്ത്യ പഴയ അജയ്യത തിരിച്ചുപിടിക്കുമോ, അതോ ന്യൂസിലൻഡ് ചരിത്രം കുറിക്കുമോ എന്നത് ഇൻഡോർ തീരുമാനിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

