
എറണാകുളം പെരുമ്പാവൂരിൽ സർക്കാർ ജീവനക്കാർ താമസിക്കുന്ന എൻജിഒ ക്വാർട്ടേഴ്സിലും പരിസരത്തും ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്താത്തതാണ് രോഗം പടർന്നു പിടിക്കാൻ കാരണം. മാലിന്യ ടാങ്കുകളും ഓടകളും വൃത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.
പെരുമ്പാവൂർ നഗരസഭയ്ക്ക് സമീപമുള്ള എൻ ജി ഒ ക്വാർട്ടേഴ്സിലെ താമസക്കാരിൽ ചിലർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കുട്ടികളും മുതിർന്നവരും അടക്കം 150 ഓളം പേർ താമസിക്കുന്ന സ്ഥലത്തിൻ്റെ ചുറ്റുപാടുമുള്ള ഓടകളും സമീപത്തെ സെപ്റ്റിക് ടാങ്കും മാലിന്യം നിറഞ്ഞ് കൊതുകളുടെ ആവാസ കേന്ദ്രം ആയിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കോർട്ടേഴ്സും പരിസരവും ശുചീകരിക്കുവാൻ PWD അധികൃതർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് വാർഡ് കൗൺസിലർ ഹയറുന്നീസ നസീർ പറഞ്ഞു.
also read; കോറോ ഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ; സർക്കാർ ഇടപെടൽ ഫലം കണ്ടില്ല, എങ്ങുമെത്താതെ ചർച്ച
വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ 42 കുടുംബങ്ങളാണ് ക്വാർട്ടേഴ്സിൽ താമസിക്കുന്നത്. താമസക്കാർ രൂപീകരിച്ച റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ശുചീകരണങ്ങൾ മാത്രമാണ് ഇവിടെ നടക്കുന്നത്. സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകിയും പൈപ്പുകൾ പൊട്ടിയൊഴുകിയും മാലിന്യങ്ങൾ കെട്ടിടങ്ങളോട് ചേർന്ന് കെട്ടിക്കിടന്ന് പുഴുവരിച്ച അവസ്ഥയിലാണ്. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ സർക്കാർ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും ഭയന്ന് വിറച്ചാണ് ഇവിടെ കഴിയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

