സിനിമ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്, അല്ലേ? പ്രത്യേകിച്ച് ഹോളിവുഡ് സിനിമകളിലെ പ്രൊപ്പോസൽ സീനുകളിൽ കൂടുതലായി കാണുന്നത് നീല, കറുപ്പ്, ചുവപ്പ് വെൽവെറ്റ് ബോക്സ് മെല്ലെ തുറക്കുന്നതാണ്. അതിൽ തിളക്കമുള്ള ഒരു വജ്രമോതിരം. ഇതാണ് സാധാരണ സീൻ. എന്തുകൊണ്ടാകും ആ പെട്ടി നമ്മളെ ആകർഷിക്കുന്നത്? വജ്രത്തിന്റെ തിളക്കമോ, അതോ വെൽവെറ്റ് ബോക്സിന്റെ സൗന്ദര്യമോ? ഉത്തരമില്ല, അല്ലേ? എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, എന്തിനാണ് വജ്രങ്ങൾ ഇങ്ങനെ വെക്കുന്നത് എന്ന്? പലരും വിചാരിക്കുന്നത് വജ്രത്തിന്റെ ഭംഗി കൂട്ടുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ബോക്സിൽ വെക്കുന്നത് എന്നാണ്. എന്നാൽ അതല്ല യഥാർത്ഥ കാരണം. ശാസ്ത്രീയവും പ്രായോഗികവുമായ ചില കാരണങ്ങളുടെ അടിസ്ഥാനത്തിലാണ്. അവ എന്തെല്ലാമെന്ന് നോക്കാം.
1. വജ്രത്തിന്റെ സ്വഭാവം
ഭൂമിയിൽ വെച്ച് ഏറ്റവും കാഠിന്യമുള്ള ഒന്നാണ് വജ്രം. വസ്തുവിന്റെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന മോസ് സ്കെയിലിൽ വജ്രത്തിന്റെ കാഠിന്യം പത്തിൽ പത്താണ്. അതായത്, ഒരു വജ്രത്തിന് പോറൽ ഏൽപ്പിക്കാൻ മറ്റൊരു വജ്രത്തിന് മാത്രമേ സാധിക്കൂ എന്നതാണ് വാസ്തവം. സ്വർണം, പ്ലാറ്റിനം പോലുള്ള ലോഹങ്ങളിലോ, മറ്റ് രത്നങ്ങളിലോ വജ്രം ഉരസിയാൽ അവയിൽ എളുപ്പത്തിൽ പോറലുകൾ ഉണ്ടാകും. ചുരുക്കി പറഞ്ഞാൽ രത്നങ്ങളുടെ രാജാവാണ് വജ്രം. ഈ സാഹചര്യത്തിൽ, വെൽവെറ്റിന്റെ മൃദുലമായ നൂലുകൾ വജ്രങ്ങളെയും അതിന്റെ ചെയിനുകളെയും ഒരിടത്ത് തന്നെ ഉറപ്പിച്ചു നിർത്തുകയും, ഉരസലിൽ നിന്ന് ആഭരണങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.
2. വെളിച്ചം കൊണ്ടൊരു മായാജാലം
വജ്രങ്ങളുടെ തിളക്കം കൂട്ടുവാൻ വെൽവെറ്റ് തുണികൾക്ക് ഒരു പ്രത്യേക കഴിവുണ്ട്. സാധാരണയായി വജ്രങ്ങൾ സൂക്ഷിക്കുന്ന പെട്ടികളുടെ ഉള്ളിൽ കറുപ്പ്, നേവി ബ്ലൂ, അല്ലെങ്കിൽ കടും പച്ച നിറത്തിലുള്ള വെൽവെറ്റ് തുണിയാണ് ഉപയോഗിക്കാറുള്ളത്. ഈ കടും നിറങ്ങളിലുള്ള വെൽവെറ്റ് തുണികൾ പുറത്തുനിന്നു വരുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിന് പകരം ഉള്ളിലേക്ക് വലിച്ചെടുക്കുന്നു. അതുകൊണ്ട് വജ്രത്തിൽ തട്ടി വരുന്ന വെളിച്ചം മാത്രം നമ്മുടെ കണ്ണുകളിലേക്ക് എത്തുകയും, അതിന്റെ തിളക്കവും ഭംഗിയും പലമടങ്ങ് വർദ്ധിച്ചതായി തോന്നുകയും ചെയ്യും.
ALSO READ : ഡ്രസിന് ചേരാത്ത ഷൂസ് ആണോ ഇനി ട്രെൻഡ്? ഫാഷൻ ലോകം കീഴടക്കി ‘റോങ് ഷൂ തിയറി’
3. ഈർപ്പത്തെ തടയാൻ
കാഠിന്യം കൂടുതലുള്ള ഒരു ആഭരണമാണ് വജ്രം. സ്വർണം, വെള്ളി, അല്ലെങ്കിൽ പ്ലാറ്റിനം തുടങ്ങിയ ലോഹങ്ങളിലാണ് പൊതുവെ വജ്രങ്ങൾ പതിപ്പിക്കാറുള്ളത്. ലെതർ പെട്ടികളിൽ വെക്കുമ്പോൾ അതിൽ ഈർപ്പം കെട്ടി നിൽക്കാനുള്ള സാധ്യത കൂടുതലാണ്, കാരണം അതിൽ വായു സഞ്ചാരം കുറവാണ്. ഇത് ലോഹത്തിന്റെ തിളക്കം നഷ്ടപ്പെടാൻ കാരണമാകുന്നു. എന്നാൽ ഗുണനിലവാരമുള്ള വെൽവെറ്റ് തുണികൾ ഉപയോഗിക്കുന്നതിലൂടെ വായുസഞ്ചാരം ഉറപ്പാക്കാൻ കഴിയുന്നു. ഇതിലൂടെ വജ്രത്തിന്റെയും ലോഹത്തിന്റെയും തിളക്കം നിലനിർത്താൻ കഴിയും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

