ഇന്ത്യ- പാകിസ്ഥാൻ വെടിനിര്‍ത്തല്‍ സ്വാഗതാര്‍ഹമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി.എന്നാല്‍ അമേരിക്ക മധ്യസ്ഥത വഹിച്ചുവെന്ന തോന്നല്‍ അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിനെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ കശ്മീർ പ്രശ്നത്തെ അന്താരാഷ്ട്രവൽക്കരിക്കുന്നത് പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
We welcome the ceasefire between India and Pakistan. CPIM has been steadfast in demanding an immediate deescalation. It’s disquieting that there is an impression that US mediated the ceasefire. Hope we don’t entertain any internationalisation of Kashmir issue.
— John Brittas (@JohnBrittas) May 10, 2025
സംഘർഷവും യുദ്ധവും ഇരുരാജ്യങ്ങൾക്കും അഭികാമ്യമല്ല എന്ന നിലപാട് തുടക്കം മുതൽ തന്നെ സിപിഐഎം സ്വീകരിച്ചിരുന്നുവെന്ന് അദ്ദേഹം എടുത്തി പറഞ്ഞിട്ടുണ്ട് . കഴിഞ്ഞ ദിവസം നടന്ന സർവ്വകക്ഷി യോഗത്തിലും അന്തരീക്ഷത്തിന് അയവു വരുത്താൻ നടപടികൾ ഉണ്ടാവണമെന്ന് ചൂണ്ടിക്കാണിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ലക്ഷ്യമിട്ട കാര്യങ്ങളിൽ ഫലപ്രാപ്തി ഉണ്ടായി എന്ന് രാജ്യരക്ഷാ മന്ത്രി പറഞ്ഞ സ്ഥിതിക്ക് ഇനി സംഘർഷം അവസാനിപ്പിക്കാനുള്ള സർഗാത്മഗമായ നടപടികളിൽ ഏർപ്പെടാൻ നമ്മൾ വ്യാപൃതരാകണമെന്ന അഭിപ്രായം ആ യോഗത്തിൽ ഉന്നയിക്കുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ പറഞ്ഞിട്ടുണ്ട് , ഈ കാലഘട്ടം യുദ്ധത്തിന്റേതല്ല എന്നുള്ളത്. ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം പുട്ടിനു നൽകിയ ഉപദേശമാണ്.
യുദ്ധംകൊണ്ട് ഇന്നേവരെ ഒരു തീവ്രവാദ പ്രവർത്തനത്തിനും അറുതി വരുത്താൻ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല . പാക്കിസ്ഥാൻ പോലെയുള്ള ഒരു രാജ്യത്തിൻറെ നിയന്ത്രണം ഒരു സിവിലിയൻ ഭരണകൂടത്തിൽ നിന്ന് തീവ്രവാദികളുടെ കയ്യിലേക്ക് മാറുമ്പോൾ അത് കൂടുതൽ പ്രതിസന്ധി ഉണ്ടാക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും അറിയാവുന്നതാണ്. ഒരു ആണവായുധ രാഷ്ട്രത്തിന്റെ നിയന്ത്രണം തെമ്മാടിക്കൂട്ടങ്ങൾക്ക് ലഭിച്ചാൽ ഉണ്ടാകുന്ന ദുര്യോഗത്തെ കുറിച്ചു ആർക്കും മനസിലാക്കാൻ കഴിയും.
അതേസമയം പാക്കിസ്ഥാൻ സൈന്യവും ഇന്ത്യൻ സൈന്യവും അയച്ചതിനേക്കാൾ കൂടുതൽ മിസൈലുകൾ വർഷിച്ചത് ഇന്ത്യയിലെ മാധ്യമങ്ങളാണെന്നുള്ള കാര്യം മറക്കാൻ പാടില്ല . ഓരോ നിമിഷവും സംഭ്രമജനകമായ വാർത്തകൾ ജനിപ്പിക്കുന്നതിലായിരുന്നു മാധ്യമങ്ങളുടെ ശ്രദ്ധ. യുദ്ധവെറിയും യുദ്ധജ്വരവും ആളിക്കത്തിക്കുന്ന രീതിയിലുള്ള സമീപനമാണ് ഒട്ടുമിക്ക മാധ്യമങ്ങളും സ്വീകരിച്ചത്. കേന്ദ്ര സർക്കാർ ഇതിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നു.
വെടി നിർത്തൽ സംബന്ധിച്ച ആദ്യ പ്രഖ്യാപനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണ് നടത്തിയത് എന്നത് അത്യന്തം ഉൽകണ്ഠാജനകമാണ് .. അമേരിക്കൻ വിദേശ കാര്യ സെക്രട്ടറി മാർക്കോ റുബിയോയുടെ ദീർഘമായ സന്ദേശം ഒരിക്കലും ആശാസ്യമല്ല . അമേരിക്കയുടെ ആഴത്തിലുള്ള മാധ്യസ്ഥം പുറത്തുകൊണ്ടുവരുന്ന രീതിയിലാണ് മാർക്കോ റുബിയ ട്വീറ്റ് ചെയ്തിരിക്കുന്നത് . കാശ്മീർ വിഷയം അന്താരാഷ്ട്രവൽക്കരിക്കുന്നതിലേക്ക് ഇത് നയിക്കുമോ എന്ന ആശങ്ക വ്യാപകമാണ്. സിംല കരാറിന്റെ നഗ്നമായ ലംഘനമാണ് ഇതെന്നും ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

