
പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഡോ. കെ വാസുകി ഐ എ എസിന്റെ സ്‌കൂള്‍ ഓഫ് ലൈഫ് എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരം കേസരി ഹാളില്‍ നടന്ന ചടങ്ങില്‍ പ്രളയകാലത്തെ സന്നദ്ധപ്രവര്‍ത്തകര്‍ പുസ്തകം ഏറ്റുവാങ്ങി. ഡി സി ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാധകര്‍.
2018ലെ പ്രളയകാലത്ത് ഉള്‍പ്പെടെ നേരിട്ട പ്രതിസന്ധികളില്‍ നിന്നും കണ്ട ആയിരക്കണക്കിന് ജീവിതങ്ങളില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടാണ് കെ വാസുകി ഐ എ എസ് തന്റെ ആദ്യ പുസ്തകം പുറത്തിറക്കുന്നത്. പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുത്തതാകട്ടെ പ്രളയകാലത്തും ഔദ്യോഗിക ജീവിതത്തിലും ഒപ്പം നിന്നവരും സന്നദ്ധപ്രവര്‍ത്തകരും. പ്രളയ സമയത്ത് തിരുവനന്തപുരം കളക്ടര്‍ ആയിരിക്കെ ഉണ്ടായിരുന്ന ടാസ്‌ക് ഫോഴ്സിലെ വോളന്റീയര്‍മാര്‍ക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
സംസ്ഥാന തൊഴില്‍ വകുപ്പ് സെക്രട്ടറി കൂടിയായ ഡോ. കെ. വാസുകി തന്റെ ജീവിത കാലഘട്ടത്തിലെ സംഭവങ്ങളാണ് പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. അതികഠിനമായ ശ്രമങ്ങളിലൂടെ ഓരോ സ്വപ്നവും കൈയെത്തിപിടിക്കുമ്പോഴാണ് ആത്യന്തിക സന്തോഷത്തിന്റെ താക്കോല്‍ നമ്മുടെ കൈയില്‍ എത്തുന്നതെന്നും അത് ലഭിക്കുമ്പോള്‍ ഉള്ള സന്തോഷമാണ് ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നും പുസ്തകം പ്രകാശിപ്പിച്ച് വാസുകി പറഞ്ഞു.
തിരുവനന്തപുരത്ത് കേസരിയില്‍ നടന്ന ചടങ്ങില്‍ വാസുകിയുടെ ജീവിതപങ്കാളിയായ എസ് കാര്‍ത്തികേയന്‍ ഐ എ എസ്, ഡി സി ബുക്സ് പ്രതിനിധിനി റിയ എന്നിവര്‍ക്കൊപ്പം കെ യു ഡബ്ല്യു ജെ ഭാരവാഹികളായ അനുപമ ജി നായര്‍, ഷില്ലര്‍ സ്റ്റീഫന്‍, സുരേഷ് വെള്ളിമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here