
ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി വിഭജിക്കപ്പെടുന്നു. ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി പിളർന്ന് പുതിയൊരു സമുദ്രം രൂപംകൊള്ളുകയാണെന്ന് പറയുകയാണ് ഗവേഷകർ. ഈ പ്രക്രിയ നടക്കുന്നത് അതിവേഗത്തിലെന്നും ഗവേഷകർ പറയുന്നു.
കിഴക്കൻ ആഫ്രിക്കയിലെ തുർക്കാന റിഫ്റ്റിന് (Turkana Rift) താഴെയുള്ള ഭൂവൽക്കം അതിവേഗം മെലിയുന്നതായാണ് കണ്ടെത്തൽ. ഇത് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ വിഭജനത്തിന് ആക്കം കൂട്ടുന്നതായി പുതിയ പഠനങ്ങൾ അടിവരയിടുന്നു. ഭൂവൽക്കം ഇത്തരത്തിൽ നേർത്തുവന്നാൽ, ഭൂമിശാസ്ത്രപരമായ കണക്കുകൾ പ്രകാരം വളരെ വേഗം എന്ന് വിശേഷിപ്പിക്കാമെങ്കിലും ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് ശേഷം ഒരു പുതിയ സമുദ്രം രൂപപ്പെടുന്നതിലേക്ക് നയിച്ചേക്കാമെന്ന് പഠനം വ്യക്തമാക്കുന്നു.
ALSO READ: രോഗം സ്ഥിരീകരിച്ചത് 112 പേർക്ക്; ഹാൻ്റാ വൈറസിന് പിന്നാലെ ഭീതി പരത്തി കരീബിയൻ ക്രൂസിൽ നോറോ വൈറസ്
കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ലാമോണ്ട്-ഡൊഹെർട്ടി എർത്ത് ഒബ്‌സർവേറ്ററിയിലെ ഗവേഷകരായ ക്രിസ്റ്റ്യൻ റോവൻ, ആനി ബെസൽ എന്നിവരാണ് ഈ പഠനത്തിന് പിന്നിൽ. പ്രസിദ്ധമായ ‘നേച്ചർ കമ്മ്യൂണിക്കേഷൻസ്’ (Nature Communications) എന്ന ജേണലിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
ഭൂമിയുടെ ഉപരിതല പാളികൾ (ടെക്ടോണിക് പ്ലേറ്റ്സ്) പരസ്പരം അകന്ന് മാറുന്നതാണ് ഈ പ്രതിഭാസത്തിന് കാരണം. തുർക്കാന മേഖലയിൽ ആഫ്രിക്കൻ, സൊമാലി ടെക്റ്റോണിക് ഫലകങ്ങൾ പ്രതിവർഷം 4.7 മില്ലിമീറ്റർ വേഗതയിലാണ് അകന്നുമാറുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. ഇത്തരത്തിൽ ചലിക്കുന്നത് ഭൂവൽക്കത്തിൽ വിള്ളലുകൾ ഉണ്ടാക്കുകയും മാഗ്മ മുകളിലേക്ക് ഉയരാൻ കാരണമാവുകയും ചെയ്യുന്നു.
നെക്കിംഗ്
തുർക്കാന റിഫ്റ്റ് നിലവിൽ ഭൂവൽക്കം വശങ്ങളിലേക്ക് വലിക്കപ്പെട്ട് കനം കുറയുന്ന ‘നെക്കിംഗ്’ (necking) എന്ന അവസ്ഥയിലാണ്. സാധാരണ ഗതിയിൽ 35 കിലോ മീറ്ററിലധികം കനമുള്ള ഭൂവൽക്കം ഈ വിള്ളലിന്റെ മധ്യഭാഗത്ത് വെറും 13 കിലോമീറ്ററായി ചുരുങ്ങിയ നിലയിലാണ്. ഭൂവൽക്കം ഇത്തരത്തിൽ മെലിഞ്ഞാൽ അത് കൂടുതൽ ദുർബലമാകും. തൽഫലമായി ‘ഓഷ്യനൈസേഷൻ’ (oceanization) എന്ന ഘട്ടത്തിലേക്ക് കടക്കുകയും ഭാവിയിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള വെള്ളം ഇവിടേക്ക് ഇരച്ചുകയറി പുതിയൊരു സമുദ്രം സൃഷ്ടിക്കപ്പെടുകയും ചെയ്തേക്കാമെന്ന് പഠനം പറയുന്നു.
ഫോസിൽ ശേഖരം
ഈ മേഖലയിൽ നിന്ന് മനുഷ്യ പരിണാമ ചരിത്രത്തിലെ തന്നെ നിർണായകമായ 1,200-ലധികം ഹോമിനിൻ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കയിൽ നിന്ന് ഇതുവരെ കണ്ടെത്തിയിട്ടുള്ള ഫോസിലുകളുടെ മൂന്നിലൊന്ന് വരുമിത്. ഭൂമിശാസ്ത്രപരമായ മാറ്റങ്ങളാണ് പുരാതന ഫോസിലുകൾ ഇത്രത്തോളം നന്നായി സംരക്ഷിക്കപ്പെടാൻ സഹായിച്ചതെന്നാണ് ശാസ്ത്രലോകം കരുതുന്നത്. അതേസമയം ഭൂഖണ്ഡങ്ങൾ എങ്ങനെയാണ് തകരുന്നത് എന്നതിനെക്കുറിച്ചുള്ള പരമ്പരാഗതമായ ധാരണകളെ തിരുത്തിക്കുറിക്കുന്നതാണ് ഈ പഠനമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

