
കാൽപ്പന്തുകളിയുടെ ലോക മാമാങ്കത്തിന് കളിത്തട്ടുണരാൻ ഇനി ദിവസങ്ങൾ മാത്രം. മറ്റൊരു ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ കളിപ്രേമികൾ വലിയ ആവേശത്തിലാണ് ആവേശത്തിലാണ്. ഫുട്ബോൾ എന്നാൽ ഗോളടിച്ച് വിജയിക്കുകയെന്നാണല്ലോ പൊതുവെ വെയ്പ്. കളിക്കാരെ സംബന്ധിച്ച് ലോകകപ്പ് മത്സരത്തിൽ ഗോൾ നേടാൻ കഴിഞ്ഞാൽ ഇരട്ടി മധുരമാണല്ലോ. എന്നാൽ ഇതിന് ഒരു മറുവശമുണ്ട്. ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിക്കുന്ന കളിക്കാരന്‍റെ ടീം കിരീടം നേടുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് ചരിത്രം പറയുന്നത്.
കഴിഞ്ഞ ലോകകപ്പുകളിലെ ഗോൾഡൻ ബൂട്ട് വിജയികൾ ആരൊക്കെയെന്ന് നോക്കുമ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമാകും. ഇതിന് അപവമാദമായിരുന്നവർ വിരലിൽ എണ്ണാവുന്നവർ മാത്രമാണ്. 1978ൽ അർജന്‍റീന കിരീടം നേടിയപ്പോൾ അവരുടെ സൂപ്പർതാരം മാരിയോ കെംപസ് ആയിരുന്നു ടോപ് സ്കോറർ. അതുപോലെ 2002ൽ ജപ്പാനിലും ദക്ഷിണകൊറിയയിലുമായി നടന്ന ലോകകപ്പിൽ ബ്രസീൽ ലോക ചാംപ്യൻമാർ ആയപ്പോൾ ഗോൾഡൻ ബൂട്ട് പുരസ്ക്കാരം റൊണാൾഡോ നേടി. 1962ൽ ഗോൾഡൻ ബൂട്ട് പുരസ്ക്കാരം ആറ് പേർക്കായിരുന്നു. ഇതിൽ ഗാരിഞ്ചയും വാവയും ലോകചാംപ്യൻമാരായ ബ്രസീൽ നിരയിൽനിന്നുള്ളവരായിരുന്നു.
Also Read- ഫുട്ബോൾ ലോകകപ്പിലെ ‘വണ്ടർ കിഡ്സ്’
ഇത് മാറ്റി നിർത്തിയാൽ സമീപകാല ലോകകപ്പുകളിലെല്ലാം ഗോൾഡൻ ബൂട്ട് പുരസ്ക്കാരം നേടുന്നവരുടെ ടീം രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ മറ്റോ ആയിരുന്നു ലോകകപ്പുകളിൽ ഫിനിഷ് ചെയ്തിട്ടുള്ളത്. ലോകകപ്പ് ചരിത്രത്തിൽ ടോപ് സ്കോറർമാരായ ആറുപേരുടെ ടീമുകൾ റണ്ണേഴ്സ് അപ്പായിരുന്നു. 1930-ൽ ആദ്യമായി ഗോൾഡൻ ബൂട്ട് നേടിയ അർജന്റീനയുടെ ഗില്ലെർമോ സ്റ്റേബിൽ മുതൽ ഏറ്റവും ഒടുവിൽ നടന്ന 2022ലെ ഖത്തർ ലോകകപ്പിലെ ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെ വരെ ഇതിൽ ഉൾപ്പെടുന്നു. ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ മൂന്നാം സ്ഥാനക്കാരായ ടീമുകളിലെ കളിക്കാർക്ക് ഒമ്പത് തവണയാണ് ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് പുരസ്ക്കാരം ലഭിച്ചത്.
2018ൽ റഷ്യയിൽ നടന്ന ലോകകപ്പിൽ ഹാരി കെയ്ൻ ആയിരുന്നു ടോപ് സ്കോറർ. ആറ് ഗോളുകൾ നേടി അദ്ദേഹം ഗോൾഡൻ ബൂട്ട് നേടിയെങ്കിലും ഇംഗ്ലണ്ടിന്‍റെ പോരാട്ടം സെമിയിൽ അവസാനിച്ചു. മൂന്നാംസ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തിൽ ബെൽജിയത്തോട് തോൽക്കുകയും ചെയ്തു.
Also Read: 20 വർഷത്തെ സ്വപ്നം… ഒരു കിരീടം മാത്രം ബാക്കി! അവസാന ലോകകപ്പിനൊരുങ്ങി റൊണാൾഡോ
2014ൽ കൊളംബിയയുടെ ജെയിംസ് റോഡ്രിഗസാണ് ടോപ് സ്കോററായത്. എന്നാൽ കൊളംബിയ ക്വാർട്ടറിൽ ബ്രസീലിനോട് തോറ്റ് പുറത്തായി. 2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ജർമ്മനിയുടെ തോമസ് മുള്ളറായിരുന്നു ഗോൾഡൻ ബൂട്ട് നേടിയത്. പക്ഷേ ജർമ്മനി മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെട്ടു. സെമിയിൽ സ്പെയിനോട് തോറ്റ അവർ മൂന്നാം സ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ഉറുഗ്വയെ തോൽപ്പിച്ചു. 2006ൽ ജർമ്മനിയിൽ നടന്ന ലോകകപ്പിൽ അവരുടെ തന്നെ മിറോസ്ലാവ് ക്ലോസെ ആയിരുന്നു ടോപ് സ്കോറർ. എന്നാൽ ജർമ്മൻ തേരോട്ടം സെമിയിൽ അവസാനിച്ചു. പോർച്ചുഗലിനെ തോൽപ്പിച്ച് മൂന്നാം സ്ഥാനത്ത് എത്തിയതായിരുന്നു അന്ന് ഒളിവർ ഖാനും സംഘത്തിനും ആശ്വസിക്കാനുള്ളത്. 1998ൽ ക്രൊയേഷ്യയുടെ ഡേവർ സുകേറും 1994ൽ റഷ്യയുടെ സെലെങ്കോ, ബൾഗേറിയയുടെ സ്റ്റോയ്ച്കോവ് എന്നിവർ ഗോൾഡൻ ബൂട്ട് പങ്കിട്ടു. എന്നാൽ ഇവരുടെ ടീമുകൾക്ക് കിരീടത്തിലേക്ക് എത്താനായില്ല.
ഗോൾഡൻ ബൂട്ട് നേടുന്നവരുടെ ടീം ലോകകപ്പ് ജയിക്കുകയെന്ന അപൂർവ നേട്ടം ഇത്തവണ വീണ്ടും കാണാനാകുമോ? മാരിയോ കെംപസിന്‍റെയും റൊണാൾഡോ നസാരിയോയുടെയും പിൻഗാമിക്കായാണ് ഇത്തവണ അമേരിക്കയിലെയും മെക്സിക്കോയിലെയും കാനഡയിലെയും കാനഡയിലെയും കളിമൈതാനങ്ങൾ കാത്തിരിക്കുന്നത്…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

