തിരുവല്ലയിൽ മരം മുറിച്ചുമാറ്റുന്നതിനിടെ മരക്കൊമ്പിനിടയിൽ കാൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്‌സ് എത്തി രക്ഷപെടുത്തി. മുത്തൂർ ചൂരക്കുന്നത്ത് ശൈലേഷിന്റെ വീട്ടിലെ കൂറ്റൻ മാവ് മുറിക്കുന്നതിനിടെ കവിയൂർ സ്വദേശിയായ തൊഴിലാളി രാജന്റെ (35) ഇടതുകാലിനാണ് സാരമായി മുറിവേറ്റത്. ഇന്നലെ വൈകിട്ട് 3.30നാണ് സംഭവം. മരക്കൊമ്പ് വീണ് രാജന്റെ കാൽ മരത്തിനും കൊമ്പിനും ഇടയിൽ ഞെരുങ്ങി. 15 അടിയോളം ഉയരത്തിൽ കുടുങ്ങിയ രാജനെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തുകയായിരുന്നു.
also read:നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവം; പ്രതിഷേധവുമായി ഡിവൈഎഫ്ഐ
ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വർഗീസ് ഫിലിപ്പ് മരത്തിൽ കയറി ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുഗേഷ് കുമാറിന്റെ സഹായത്തോടെ രാജനെ മരത്തിൽ നിന്ന് വലയ്ക്കുള്ളിലാക്കി താഴെയിറക്കുകയായിരുന്നു. കാലിന്റെ എല്ലിന് പൊട്ടലുണ്ടായ രാജനെ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശ്രീനിവാസ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീഷ് കുമാർ, ഗ്രേഡ് സീനിയർ ഓഫീസർമാരായ സൂരജ് മുരളി, സുധീഷ്, ഓഫീസർമാരായ സണ്ണി, വിഷ്ണു, പ്രദീപ്, വർഗീസ് ഫിലിപ്പ്, ഗോവിന്ദ് ചന്ദ്രൻ, ഹോംഗാർഡ് ലാലു എന്നിവരും രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

