ആയിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന നിശബ്ദ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഗാസയിലെ ഡോക്ടര്‍മാര്‍. ഇസ്രായേല്‍ ഉപരോധം മൂലം ബേബി ഫോര്‍മുല പാലിന്റെ വിതരണം തീര്‍ന്നിരിക്കുകയാണ്. പട്ടിണിയായതിനാൽ അമ്മമാര്‍ക്ക് കുട്ടികളെ മുലയൂട്ടാന്‍ കഴിയാത്ത സാഹചര്യത്തിൽ, ബേബി ഫോർമുല മാത്രമാണ് ഗാസയിലെ പിഞ്ചുകുഞ്ഞുങ്ങളെ ജീവൻ നിലനിർത്താനുള്ള ഏക ആശ്രയം.
ഗാസയിൽ ആരോഗ്യ സംവിധാനം പാടെ തകര്‍ന്നതിനാല്‍ കുട്ടികളിൽ മെനിഞ്ചൈറ്റിസ് പടര്‍ന്നു പിടിക്കുന്നുണ്ട്. ഗാസയിലെ കുട്ടികളെ രക്ഷിക്കാന്‍ ഉടന്‍ ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ഥിക്കുകയാണ് ഗാസയിലെ സംഘടനകളെല്ലാം.
അതിനിടെ, ഇന്ന് രാവിലെ മുതല്‍ ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തിൽ 50-ലധികം പേർ കൊല്ലപ്പെട്ടു. പുലര്‍ച്ചെ മുതല്‍ ഗാസയിലുടനീളം കനത്ത ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. ഭക്ഷണം അന്വേഷിച്ച് പുറത്തിറങ്ങിയ 16 പേരും കൊല്ലപ്പെട്ടവരിൽ ഉള്‍പ്പെടുന്നു. വടക്ക് ഗാസ നഗരം, തെക്ക് ഖാന്‍ യൂനിസ്, അല്‍- മവാസി, മധ്യ ഗാസയിലെ നുസൈറത്ത് അഭയാര്‍ഥി ക്യാമ്പ് എന്നിവിടങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 140-ലധികം തവണ ഗാസ ആക്രമിച്ചതായി ഇസ്രായേല്‍ സൈന്യവും പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

