ആരോഗ്യമന്ത്രിക്ക് ഒരു കണക്ക്, ഡി.എം.ഓയ്ക്ക് മറ്റൊരു കണക്ക്! ഷിഗെല്ല ഭീതിക്കിടയിലും സർക്കാരിന് ആശയക്കുഴപ്പം; മാതൃകയാക്കണം പഴയ എൽഡിഎഫ് സർക്കാരിനെ

shigella

സംസ്ഥാനത്താകമാനം ആശങ്ക പടർത്തുകയാണ് ഷിഗെല്ല രോഗബാധ. കോഴിക്കോട് നാലുവയസുകാരിയുടെ മരണത്തിന് ഇടയാക്കിയ ഈ രോഗം നിസാരക്കാരനല്ല. സൂക്ഷിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാവുന്ന രോഗത്തിന് കാരണമാവുന്നത് ഒരു ബാക്ടീരിയയാണ്. ഷിഗെല്ല ബാക്ടീരിയ മൂലം ഷിഗെല്ലോസിസ് എന്ന രോഗബാധ കുടലിനുണ്ടാവുന്നു. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. കൃത്യ സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ രോഗം ഗുരുതരമാവും. മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയും രോഗം അതിവേഗം പകരാം. ഷിഗെല്ല രോഗം ബാധിച്ചവരുമായി സമ്പർക്കത്തിൽ വന്നാൽ രണ്ട് ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ ആരംഭിക്കും. രോഗബാധയുള്ളവർ പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ രോഗം പകരും.

ഈ രോഗം നിപ പോലെ വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. അതിവ്യാപനശേഷിയുണ്ടെന്ന് പറയുമ്പോഴും അത്യാവശ്യം വേണ്ടുന്ന നടപടി ക്രമങ്ങൾ സ്വീകരിക്കാതെയും, എന്തിനേറെ പറയുന്നു രോഗികളുടെ കണക്ക് പോലും കൃത്യമായി അറിയാതെയാണ് പുതിയ ആരോഗ്യ മന്ത്രി നടക്കുന്നത്. സംസ്ഥാനത്ത് ഷിഗെല്ല രോഗവ്യാപനവുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ പ്രതിരോധം പാളുന്നു എന്നതിൽ ഇതിലും വലിയ വേറെന്ത് തെളിവ് വേണം.

വയനാട്ടിൽ 25 പേർക്ക് രോഗം ബാധിച്ചെന്നാണ് ആരോഗ്യ മന്ത്രി കെ മുരളീധരൻ പറഞ്ഞത്. എന്നാൽ രോഗം ബാധിച്ചത് രണ്ടുപേർക്ക് മാത്രമാണെന്നാണ് കൃഷി മന്ത്രി ടി സിദ്ദിഖും ഡിഎംഓയും പറയുന്നത്. എന്നാൽ മുഖം രക്ഷിക്കാൻ ജനങ്ങളുടെ ജീവിതം വച്ച് തന്നെ കളിക്കണോ കോൺഗ്രസേ. സംസ്ഥാനത്തെ രോഗബാധയുമായി ബന്ധപ്പെട്ട കണക്കുകളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലായെന്നത് ഗുരുതരമായ പ്രശ്നമാണ്.

Also Read: കേരളത്തിൽ ഷിഗെല്ല പ്രതിരോധം പാളുന്നു, കണക്കുകളിൽ വ്യക്തതയില്ലാതെ യുഡിഎഫ് സർക്കാർ

ഈ സാഹചര്യത്തിൽ നിങ്ങൾ മറക്കരുതാത്ത ചില ആളുകളുണ്ട്, അവരുടെ പ്രവർത്തനങ്ങളുണ്ട്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പുറത്ത് മാത്രം നിങ്ങൾ കല്ലെറിയുകയും തള്ളിപ്പറയുകയും ചെയ്ത എൽഡിഎഫ് സർക്കാരും ആരോ​ഗ്യമന്ത്രിമാരും. പ്രതിസന്ധി ഘട്ടത്തിൽ അവർ ഒരിക്കലും കൈമല‍ർത്തി കാണിച്ചിട്ടില്ല. നിപയും കോവിഡുമെല്ലാം മുന്നിൽ നിന്നാണ് അവർ പ്രതിരോധിച്ചത്.

2020 ഡിസംബറിലും 2021-ന്റെ തുടക്കത്തിലും കോഴിക്കോട് ജില്ലയിലെ കോട്ടപ്പറമ്പ്, മെഡിക്കൽ കോളേജ് പരിസരങ്ങൾ എന്നിവിടങ്ങളിൽ ഷിഗെല്ല വ്യാപനം ഉണ്ടാവുകയും ഒരു കുട്ടി മരണപ്പെടുകയും ചെയ്തിരുന്നു. ആ സമയത്ത് ആരോഗ്യവകുപ്പ് വലിയ രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് അവിടെ നടത്തിയത്.

അടിയന്തര മെഡിക്കൽ ക്യാമ്പിലൂടെ കോട്ടപ്പറമ്പ് ഗവൺമെന്റ് ആശുപത്രി കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം ആളുകളെ ഈ ക്യാമ്പിലൂടെ പരിശോധനയ്ക്ക് വിധേയമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം നടത്തിയ വിശദമായ പഠനത്തിൽ രോഗവ്യാപനത്തിന്റെ ഉറവിടവും ഉടൻ കണ്ടെത്താൻ സാധിച്ചിരുന്നു

ആശാ വർക്കർമാരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ ബാധിത പ്രദേശങ്ങളിലെ വീടുകൾ തോറും കയറിയിറങ്ങിയാണ് അന്ന് സർവേ നടത്തിയത്. ആരോഗ്യ വകുപ്പിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കൃത്യമായ ഏകോപനത്തിലൂടെ, ആ ക്ലസ്റ്ററിന് പുറത്തേക്ക് രോഗം പടരാതെ വളരെ പെട്ടെന്ന് തന്നെ കോഴിക്കോട്ടെ ഷിഗെല്ല വ്യാപനം നിയന്ത്രണവിധേയമാക്കാൻ സാധിച്ചിരുന്നു.

ഉറക്കമില്ലാതെ രാപകലുകൾ നീണ്ട പ്രവർത്തനങ്ങളിലൂടെ അന്ന് കേരളത്തെ ഷി​ഗെല്ല വ്യാപനത്തിന്റെ പിടിയിൽ നിന്ന് രക്ഷിച്ച് പ്രതിരോധം തീർത്ത ഒരു സർക്കാർ നമുക്കുണ്ടായിരുന്നു എന്ന് ‌ഇനി വരുന്ന അഞ്ചു വർഷക്കാലവും കോൺ​ഗ്രസിനെ ഓർമ്മിപ്പിച്ചുക്കൊണ്ടേയിരിക്കും….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News