കുവൈറ്റിൽ ട്രാഫിക് പരിശോധന കർശനം; ഒറ്റദിവസം 3,206 നിയമലംഘനങ്ങൾ

kuwait

കുവൈറ്റിലുടനീളം ട്രാഫിക് വിഭാഗം നടത്തിയ ശക്തമായ പരിശോധനയിൽ ഒറ്റദിവസം കൊണ്ട് 3,206 ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. അശ്രദ്ധമായ ഡ്രൈവിംഗും ആശുപത്രികൾക്ക് മുന്നിലെ അനധികൃത പാർക്കിങ്ങും തടയുന്നതിനായി നടത്തിയ പ്രത്യേക ക്യാമ്പയിനിലാണ് ഇത്രയും വ്യാപകമായി നിയമലംഘനങ്ങൾ കണ്ടെത്തിയത്.

പരിശോധനയുടെ ഭാഗമായി 47 വാഹനങ്ങളും മോട്ടോർസൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു. വിവിധ ആശുപത്രികളുടെ പരിസരങ്ങളിൽ പാർക്കിങ് നിയമം ലംഘിച്ചതിന് മാത്രം 322 കേസുകളിൽ പിഴ ചുമത്തി. നിരോധിത മേഖലകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ആംബുലൻസുകളുടെയും മറ്റ് അടിയന്തര സേവന വാഹനങ്ങളുടെയും നീക്കം തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ആശുപത്രി പരിസരങ്ങളിൽ നടപടി കൂടുതൽ കർശനമാക്കിയത്. ആശുപത്രി സംബന്ധമായ കേസുകളിൽ അമീരി ആശുപത്രി പരിസരത്താണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് 119 കേസുകൾ. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, ഗ്ലാസുകളിൽ നിയമവിരുദ്ധമായി കറുത്ത ഫിലിം ഒട്ടിക്കൽ, അമിത ശബ്ദം സൃഷ്ടിക്കൽ തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങളിൽ ഉൾപ്പെട്ടത്. ട്രക്കുകളും ടാക്സികളും നടത്തിയ വിവിധ കുറ്റങ്ങളും പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

Also read : കുവൈത്ത് ദേശീയ-വിമോചന ദിനാഘോഷങ്ങൾ; ഫെബ്രുവരി 25, 26 ദിവസങ്ങളിൽ പൊതു അവധി പ്രഖ്യാപിച്ചു

പരിശോധനയ്ക്കിടെ ലൈസൻസില്ലാതെ വാഹനം ഓടിച്ച ആറ് പേരെ തടങ്കൽ കേന്ദ്രത്തിലേക്കും, രണ്ട് പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ ഡിറ്റൻഷൻ സെന്ററിലേക്കും മാറ്റി. താമസ രേഖകളുമായി ബന്ധപ്പെട്ട നിയമലംഘനത്തിൽപ്പെട്ട 11 പേരെയും പിടികൂടി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ വ്യക്തമാക്കി.

അതേസമയം, റോഡിൽ ബോധപൂർവ്വം ഗതാഗതം തടസ്സപ്പെടുത്തൽ, അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്യൽ തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്കെതിരെ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ റോഡുകളിൽ തിരക്കും ഗതാഗതസ്തംഭനവും വർധിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടിയ ട്രാഫിക് വിഭാഗം, വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ് നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News