
കുവൈത്ത് 65-ാമത് ദേശീയദിനവും 35-ാമത് വിമോചനദിനവും ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഫെബ്രുവരി 25 (ബുധൻ), 26 (വ്യാഴം) ദിവസങ്ങൾ രാജ്യത്ത് പൊതു അവധിയായി കാബിനറ്റ് പ്രഖ്യാപിച്ചു. ഈ രണ്ടുദിവസത്തെ പൊതു അവധി വെള്ളി– ശനി വാരാന്ത്യ അവധിയോടൊപ്പം ചേർന്നതോടെ രാജ്യത്ത് നാല് ദിവസം തുടർച്ചയായ പൊതു അവധി ലഭിക്കും. അവധി ദിവസങ്ങളിൽ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതുസ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
എന്നാൽ ആശുപത്രികൾ, അടിയന്തര സേവനങ്ങൾ, സുരക്ഷാ വിഭാഗങ്ങൾ, വിവിധ സേവന കേന്ദ്രങ്ങളിലെ അടിയന്തര വിഭാഗങ്ങൾ എന്നിവ ഉൾപ്പെടെയുള്ള അത്യാവശ്യ മേഖലകൾ സാധാരണ രീതിയിൽ പ്രവർത്തനം തുടരും. അവധി കഴിഞ്ഞ് സർക്കാർ ഓഫീസുകളും പൊതുസ്ഥാപനങ്ങളും അടുത്ത പ്രവൃത്തിദിനത്തിൽ പ്രവർത്തനം പുനരാരംഭിക്കും.
ALSO READ; ഉയർന്ന സാമ്പത്തിക വളർച്ചയുമായി ബുർജീൽ ഹോൾഡിങ്സ്; വരുമാനത്തിൽ കുതിച്ചുചാട്ടം
ദേശീയാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം വിവിധ ഔദ്യോഗിക പരിപാടികളും പൊതുജന ആഘോഷങ്ങളും സംഘടിപ്പിക്കാനാണ് സർക്കാർ വകുപ്പുകൾ ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്. പ്രധാന റോഡുകൾ, പൊതുസ്ഥലങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ദേശീയ പതാകകളുടെയും ലൈറ്റിംഗ് അലങ്കാരങ്ങളുടെയും വിപുലമായ ഒരുക്കങ്ങൾ നടക്കും.
അതേസമയം, ആഘോഷ ദിവസങ്ങളിൽ പൊതുസ്ഥലങ്ങളിൽ ജനത്തിരക്ക് വർധിക്കാനിടയുള്ളതിനാൽ സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ശക്തമാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പ്രത്യേക നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. വാഹനഗതാഗതത്തിൽ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ള മേഖലകളിൽ ട്രാഫിക് പട്രോളിങ് വർധിപ്പിക്കാനും, അടിയന്തര സേവനങ്ങളുടെ സന്നാഹം ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

