
‘മായാനദി’യിലെ മാത്തനെ പോലെ എപ്പോഴും തൊപ്പി വയ്ക്കാൻ ഇഷ്ടമുള്ളവർ ധാരാളമുണ്ടാകും. തൊപ്പി കളക്ഷൻ ഉള്ളവരും വെറൈറ്റി തൊപ്പികൾ തിരഞ്ഞുപിടിച്ച് വാങ്ങുന്നവരുമുണ്ടാകും. എന്നാൽ ഒട്ടുമിക്ക തൊപ്പികളിലും പൊതുവെ കണ്ടുവരുന്ന ഒന്നുണ്ട്, തൊപ്പിക്ക് മുകളിലെ ബട്ടണ്‍.
ഈ ബട്ടൺ എന്തിനാണെന്ന് അറിയാമോ? ഇതിനെ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? ബട്ടണ്‍ ഇല്ലെങ്കില്‍ തൊപ്പിക്ക് എന്തെങ്കിലും സംഭവിക്കുമോ? തൊപ്പികളുടെ മുകളില്‍ ഉള്ള തുണികൊണ്ട് പൊതിഞ്ഞ ബട്ടണിനെ വിളിക്കുന്നത് ‘സ്‌ക്വാച്ചി’ അല്ലെങ്കിൽ ‘സ്‌ക്വാച്ചോ’ എന്നാണ്.
തൊപ്പിക്ക് ഭംഗി വര്‍ധിപ്പിക്കാനുളളതാണ് ഈ ബട്ടൺ എന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ അങ്ങനെയല്ല. തൊപ്പി നിർമിക്കുമ്പോൾ അതിന്റെ മിച്ചം വരുന്ന തുണിയുടെ ഭാഗങ്ങള്‍ മുകളിൽ ഒരു ബട്ടണ്‍ വച്ച് മൂടി തയ്ച്ചിരിക്കുന്നതാണ് ഇത്. അതായത് ആറ് പാനലുകളെ ബന്ധിപ്പിക്കുന്ന തുന്നല്‍ ഒരു ബട്ടണ്‍ വച്ച് മൂടുകയാണ് ചെയ്യുന്നത്.
തൊപ്പിയുടെ ടോപ്പ് ബട്ടണ്‍ നീക്കം ചെയ്താലോ?
പലതരം ബട്ടണുകള്‍ ഉപയോഗിച്ചാണ് തൊപ്പികള്‍ നിര്‍മിക്കുന്നത്. തയ്യല്‍ മറയ്ക്കുന്നതിനോടൊപ്പം തൊപ്പിക്ക് ഒരു ഭംഗി നല്‍കാനും ഈ ബട്ടണുകൾക്ക് കഴിയുന്നു. ചില തൊപ്പികളിൽ ഈ ബട്ടണുകൾ നീക്കം ചെയ്താലും പ്രശ്നം ഉണ്ടാകില്ല. എന്നാൽ ചിലവയിൽ ബട്ടൺ നീക്കം ചെയ്താൽ അവിടെ ഒരു ദ്വാരം രൂപപ്പെടാന്‍ സാധ്യതയുണ്ട്. പരമ്പരാഗതമായ തൊപ്പികളില്‍ ബട്ടൺ ഒരു പ്രധാന ഘടകമാണെങ്കിലും ഇന്ന് ‘സ്‌ക്വാച്ചി’ ഇല്ലാതെയും ചില ക്യാപ്പുകള്‍ വിപണിയില്‍ എത്തുന്നുണ്ട്.
ക്യാപ് ബട്ടണുകള്‍ പലവിധം
തൊപ്പികള്‍ക്ക് പലതരം ക്യാപ് ബട്ടണുകൾ അതാത് കമ്പനികൾ നൽകാറുണ്ട്. സ്‌ക്രീന്‍ പ്രിന്റഡ് ബട്ടണ്‍ അവയിലൊന്നാണ്. ഈ ബട്ടണില്‍ ഒരു ചിത്രമോ വാചകമോ പ്രിന്റ് ചെയ്തിട്ടുണ്ടാകും. എംബോസ്ഡ് മെറ്റല്‍ ബട്ടണില്‍ ലോഗോ ചേര്‍ക്കാനാകും. ഏതെങ്കിലും ഒരു ബ്രാന്‍ഡിന്റെ പേര് തുണിയില്‍ നെയ്‌തെടുക്കുന്ന ബട്ടണുകളെ ലേബല്‍ ബട്ടണ്‍ എന്നാണ് പറയുക. മെറ്റല്‍ ബട്ടണ്‍ ക്യാപ്പുകളിൽ ഒരു മെറ്റല്‍ വിവറ്റ് കൊണ്ടാണ് ബട്ടണ്‍ നിര്‍മ്മിച്ചിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

