
പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടി കൊഴിച്ചിൽ എന്ന് പറയുന്നത്. അതിനെ നേരിടാൻ പല വഴികളും പയറ്റാറുമുണ്ട്. എന്നാൽ എല്ലാം അങ്ങോട്ട് ശരിയാവണം എന്നില്ല. കെമിക്കലുകളെ ആശ്രയിക്കുന്നവരും പ്രകൃതിദത്ത മാർഗങ്ങൾ പിന്തുടരുന്നവരും ഉണ്ട്. ഇപ്പോഴിതാ പ്രശസ്ത ഹെയർ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബ് മുടിയുടെ സംരക്ഷണത്തിനായി നൽകിയ ചില ടിപ്‌സുകൾ നോക്കിയാലോ ?
കോഫി കുടിക്കാൻ മാത്രമല്ല, മുടിക്കും നല്ലതാണ് എന്നാണ് അദ്ദേഹം പറയുന്നത്. താരനും മുടികൊഴിച്ചിലും നിയന്ത്രിക്കാൻ ഷാംപൂവിനൊപ്പം അൽപം കോഫി മിക്സ് ചെയ്ത് ഉപയോഗിക്കുന്നത് നല്ലതാണെന്ന് അദ്ദേഹം ഇൻസ്റ്റഗ്രാം പങ്കുവച്ച വീഡിയോയിൽ പറയുന്നു. ഒരു സ്പൂൺ ഷാംപൂവിന് അര സ്പൂൺ കോഫി മതിയാകും. ആഴ്ചയിലൊരിക്കലെങ്കിലും ഇപ്രകാരം ചെയ്യണമെന്നും ജാവേദ് ഹബീബ് പറയുന്നു. കോഫിക്ക് പകരം കോഫി പൗഡറും ഉപയോഗിക്കാമെന്ന് പറയുന്നുണ്ട്.
ഡിഎച്ച്ടി എന്ന ഹോർമോണിലുണ്ടാകുന്ന അസന്തുലിതാവസ്ഥ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. കഫീന്റെ ഉപയോഗം ഡിഎച്ച്ടിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും മുടിയുടെ വളർച്ച കൂട്ടുകയും ചെയ്യുമെന്ന് 2007-ൽ ജർമനിയിൽ നിന്നുള്ള ജെന യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
ALSO READ: ഈ ചേരുവകള്‍ അടങ്ങിയിരിക്കാം; ലിപ്സ്റ്റിക്ക് പ്രേമികള്‍ക്ക് മുന്നറിയിപ്പ്
ഇനി മറ്റ് ചില പൊടിക്കൈകൾ കൂടി ഒന്ന് നോക്കാം
ആര്യവേപ്പ്: താരൻ അകറ്റാൻ ആര്യവേപ്പിലെ ആൻ്റിബാക്ടീരിയൽ ഘടകങ്ങൾ സഹായിക്കും. ഒരു കപ്പ് വെള്ളത്തിൽ ആര്യവേപ്പിലയിട്ട് തിളപ്പിച്ച ശേഷം തണുത്ത വെള്ളമുപയോഗിച്ച് മുടി കഴുകുന്നത് ഗുണം ചെയ്യും.
നാരങ്ങയും വെളിച്ചെണ്ണയും: രണ്ട് ടേബിൾസ്പൂൺ വെളിച്ചെണ്ണ ചൂടാക്കി അത്രയും തന്നെ നാരങ്ങാനീര് ചേർത്ത് തലയിൽ പുരട്ടുക. 20 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
ഉലുവ: ഒരു രാത്രി വെള്ളത്തിൽ കുതിർത്ത ഉലുവ അരച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം അതിലേക്ക് അൽപം നാരങ്ങാനീര് ചേർത്ത് തലയിൽ പുരട്ടുക. അരമണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
തൈര്: താരൻ അകറ്റാൻ ഏറ്റവും എളുപ്പമുള്ള വഴികളിലൊന്നാണ് തൈര്. അൽപം തൈര് ശിരോചർമ്മത്തിൽ പുരട്ടി ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം.
മുട്ടയുടെ മഞ്ഞ: മുട്ടയുടെ മഞ്ഞയിലടങ്ങിയിട്ടുള്ള ബയോട്ടിൻ താരൻ അകറ്റാൻ സഹായിക്കും. തലയിലെ നനവ് പൂർണ്ണമായി മാറ്റിയ ശേഷം മുട്ടയുടെ മഞ്ഞ തലയിൽ പുരട്ടി ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

