ചെറിയ പനി, തലവേദന എന്നിവ വന്നാല്‍ ഡോക്‌ടര്‍ നിര്‍ദേശിച്ചിട്ടില്ലെങ്കിലും ഉടൻ തന്നെ പാരസെറ്റമോൾ അല്ലെങ്കിൽ അസറ്റാമിനോഫെൻ കഴിക്കുന്നവരാണ് ഏറെപേരും. എന്നാല്‍ ഗർഭാവസ്ഥയിൽ ഇത് വേദനസംഹാരിയായി കഴിക്കുന്നത് അത്ര നല്ലതല്ലെന്ന പഠനമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കുഞ്ഞുങ്ങളിൽ ഓട്ടിസം, ശ്രദ്ധക്കുറവ് ഹൈപ്പർ ആക്‌ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) പോലുള്ള ന്യൂറോഡെവലെപ്‌മെന്‍റല്‍ ഡിസോർഡറിന് (എൻഡിഡി) ഇത് കാരണമാകുമെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ഗർഭകാലത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കുറുപ്പടിയില്ലാതെ ലഭിക്കുന്ന മരുന്നാണ് അസറ്റാമിനോഫെൻ. ലോകമെമ്പാടുമുള്ള ഗർഭിണികളിൽ 50 ശതമാനത്തിലധികം പേരും ഈ മരുന്ന് ഉപയോഗിക്കുന്നു. തലവേദന, വേദന അല്ലെങ്കിൽ പനി എന്നിവയ്ക്കാണ് ഗർഭിണികൾ ഇത് വ്യാപകമായി ഉപയോഗിക്കുന്നത്.
ALSO READ: കൊളസ്‌ട്രോള്‍ ആരോഗ്യകരമായി നിലനില്‍ത്താന്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ…
ഒരുലക്ഷത്തിലധികം ആളുകളിൽ നിന്നുള്ള ഡാറ്റ ഉൾപ്പെടുത്തിയ 46 പഠനങ്ങൾ വിശകലനം ചെയ്‌തുകൊണ്ടാണ് മസാച്ചുസെറ്റ്‌സ്, ഹാർവാർഡ് സർവകലാശാലകളിലെ ഗവേഷകർ ഇക്കാര്യം കണ്ടെത്തിയത്. ഇതിൽ 27 പഠനങ്ങൾ പാരസെറ്റമോള്‍ എൻഡിഡികളുമായി കാര്യമായ ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്‌തു.
“മിക്ക പഠനങ്ങളും പ്രസവത്തിന് മുൻപുള്ള അസറ്റാമിനോഫെൻ ഉപയോഗവും കുട്ടികളിൽ ഉണ്ടാകുന്ന എഡിഎച്ച്ഡി, എഎസ്‌ഡി, എൻഡിഡി എന്നിവയുമായുള്ള ബന്ധവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്” ഹാർവാർഡ് ടി എച്ച് ചാൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ആൻഡ്രിയ എ. ബാക്കറെല്ലി പറഞ്ഞു.
അസെറ്റാമിനോഫെൻ പ്ലാസന്‍റൽ തടസങ്ങളെ മറികടന്ന് ഓക്‌സിഡേറ്റീവ് സ്ട്രെസ് ഉണ്ടാക്കുകയും ഹോർമോണുകളെ തടസപ്പെടുത്തുകയും ഗര്‍ഭസ്ഥ ശിശുവിന്‍റെ തലച്ചോറിന്‍റെ വികാസത്തെ തടസപ്പെടുത്തുന്ന ജനിതക മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യുവെന്ന് ഈ പഠനം വിശദീകരിക്കുന്നുവെന്ന് ആൻഡ്രിയ എ ബാക്കറെല്ലി വിശദീകരിച്ചു.
ALSO READ: വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്ന കരിക്ക് വാങ്ങി കുടിക്കാറുണ്ടോ ? എന്നാൽ ഒന്ന് സൂക്ഷിച്ചോളൂ..
മറ്റ് മരുന്നുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അസറ്റാമിനോഫെൻ ഉപയോഗിക്കുന്നതിന്‍റെ സുരക്ഷിതത്വം കണക്കിലെടുത്ത് ഇത് വേദനസംഹാരിയായി തുടരുന്നുണ്ട്. ഗര്‍ഭകാലത്ത് ഭ്രൂണത്തിന്‍റെ വികാസത്തിന് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് ഇതിന്‍റെ ഉപയോഗം വിവേകപൂർവമാവണമെന്നും പഠനം അഭിപ്രായപ്പെട്ടു. അതേസമയം അപകടസാധ്യത നിർണയിക്കാൻ കൂടുതൽ പഠനങ്ങൾ നടത്തേണ്ടതിന്‍റെ ആവശ്യകതയും ആൻഡ്രിയ എ. ബാക്കറെല്ലി ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

