മുംബൈ: ഐപിഎൽ 2025ലെ രാജസ്ഥാന്‍റെ ആദ്യ മൂന്ന് മത്സരങ്ങളിൽ സഞ്ജു സാംസണ് പകരം റിയാൻ പരാഗ് ക്യാപ്റ്റനാകും. ക്യാപ്റ്റൻ സഞ്ജു സാംസണിൻ്റെ വിരലിന് പരിക്കേറ്റതിനെ തുടർന്നാണ് പരാഗിനെ ആദ്യ മൂന്ന് മത്സരങ്ങളിൽ ക്യാപ്റ്റനാക്കുന്നത്. അതേസമയം ആദ്യ മൂന്ന് മത്സരങ്ങളിൽ ഇംപാക്ട് പ്ലേയറായി സഞ്ജു ടീമിലുണ്ടാകും. ബാറ്റിങ്ങിന് ഇറങ്ങുമെങ്കിലും ഫീൽഡ് ചെയ്യാനും വിക്കറ്റ് കീപ്പറാകാനും സഞ്ജു ഉണ്ടാകില്ല.
“എനിക്ക് ആദ്യ മൂന്നിലേറെ മത്സരങ്ങളിൽ പൂർണ സമയവും കളിക്കാനാകില്ല,” ഇൻസ്റ്റാഗ്രാമിലെ ഔദ്യോഗിക ആർആർ ഹാൻഡിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സഞ്ജു പറഞ്ഞു. “ഞങ്ങളുടെ ടീമിൽ ക്യാപ്റ്റനാകാൻ കഴിയുന്ന നിരവധി പേർ ഉണ്ട്. എന്നാൽ ആദ്യ മൂന്ന് മത്സരങ്ങളിൽ റിയാൻ പരാഗ് രാജസ്ഥാനെ നയിക്കും. ക്യാപ്റ്റനാകാൻ നല്ല കഴിവുള്ള ആളാണ് പരാഗ്. എല്ലാവരും പരാഗിനെ പിന്തുണയ്ക്കണമെന്ന് അഭ്യർഥിക്കുന്നു”- സഞ്ജു പറഞ്ഞു.
കഴിഞ്ഞ മാസം സഞ്ജു സാംസൺ കൈവിരലിലെ പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനുശേഷം ബെംഗളൂരുവിലെ സെൻ്റർ ഓഫ് എക്സലൻസിൽ പരിശീലനം നടത്തിവരികയായിരുന്നു. സഞ്ജുവിന് പകരം ധ്രുവ് ജുറൽ വിക്കറ്റ് കീപ്പറാകും. പൂർണ ആരോഗ്യം കൈവരിക്കുന്നതുവരെ സഞ്ജു ഇംപാക്ട് പ്ലേയറായി തുടരും. ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20യിൽ ജോഫ്ര ആർച്ചറുടെ പന്തിലാണ് സഞ്ജുവിന് പരിക്കേറ്റത്.
Also Read- ദുർബലരല്ല രാജസ്ഥാൻ; ഓപ്പണിങ് ജോഡിക്ക് കൊടുക്കാം പത്തിൽ പത്ത്, അറിയാം ശക്തിയും ദൗർബല്യവും
പരാഗിനെ സംബന്ധിച്ചിടത്തോളം, 2019 ന് ശേഷം റോയൽസിൻ്റെ ഭാഗമായ അദ്ദേഹം ഫ്രാഞ്ചൈസിയിൽ ക്യാപ്റ്റനാകുന്നത് ഇതാദ്യമാണ്. മുൻ ഐപിഎല്ലിൽ 52.09 ശരാശരിയിൽ 573 റൺസും നാല് അർദ്ധ സെഞ്ചുറികളോടെ 150 (149.21) സ്‌ട്രൈക്ക് റേറ്റും നേടിയ അദ്ദേഹം തകർപ്പൻ പ്രകടനമാണ് നടത്തിയത്. ഇതിന്‍റെ മികവിൽ പരാഗിന് ഇന്ത്യയുടെ ഏകദിന, ടി20 ടീമിൽ അരങ്ങേറാനും കഴിഞ്ഞു.
“പരാഗിന് ക്യാപ്റ്റൻസി നൽകാനുള്ള രാജസ്ഥാൻ റോയൽസിൻ്റെ തീരുമാനം ഫ്രാഞ്ചൈസിക്ക് അദ്ദേഹത്തിൻ്റെ നേതൃത്വത്തിലുള്ള വിശ്വാസത്തിന് അടിവരയിടുന്നു, അസമിൻ്റെ ആഭ്യന്തര ക്യാപ്റ്റനെന്ന നിലയിലുള്ള പ്രകടനവും പരാഗിന് തുണയായി,” രാജസ്ഥാൻ റോയൽസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
മാർച്ച് 23ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയും മാർച്ച് 26ന് നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും മാർച്ച് 30ന് അഞ്ച് തവണ ജേതാക്കളായ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെയും ഹോം മത്സരങ്ങളോടെയാണ് ഇത്തവണ രാജസ്ഥാൻ ഇറങ്ങുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

