നിലമ്പൂർ നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ് ഇന്ന് 11 മണിക്ക് നാമനിർദ്ദേശപത്രിക സമർപ്പിക്കാനിരിക്കുകയാണ്. നിലമ്പൂരിന് ലഭിച്ച ഏറ്റവും മികച്ച സ്ഥാനാർഥിയാണ് അദ്ദേഹമെന്നാണ് എല്ലാ നേതാക്കളും ആവർത്തിച്ച് പറയുന്നത്. മാത്രമല്ല, അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച സമയത്തെ അനുഭവങ്ങളും പലരും പങ്കുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ സിപിഐ എം വയനാട് ജില്ലാ സെക്രട്ടറി കെ റഫീക്ക് ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നിലെ വിദ്യാർത്ഥി പ്രവർത്തകനെ സംഘടനാ ചട്ടക്കൂടുകളിലേയ്ക്ക് രാകിമിനുക്കിയെടുത്തവരിൽ ഒരാളാണ് സഖാവ് സ്വരാജേട്ടൻ എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. നിലമ്പൂരിലെ സാധാരണക്കാരായ ജനവിഭാഗങ്ങളുടെയും തൊഴിലാളികളുടെയും മലയോര കർഷകരുടെയും യുവതയുടെയുമെല്ലാം ജീവിതത്തെ ഹൃദയം കൊണ്ട് തൊട്ടറിയാനും അതിനെ അടയാളപ്പെടുത്താനും സഖാവ് സ്വരാജിനെക്കാൾ ശേഷിയുള്ള മറ്റൊരാളുണ്ടാകില്ല എന്നും അദ്ദേഹം കുറിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
സംഘടനയ്ക്കും സഖാക്കൾക്കും അത്രമേൽ പ്രിയപ്പെട്ടവനാണ് പ്രിയ സഖാവ് എം സ്വരാജ്.
വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലം മുതൽ ഏറ്റവും പ്രിയപ്പെട്ട സഖാക്കളിലൊരാൾ, വയനാട്ടിൽ നിന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ എന്നിലെ വിദ്യാർത്ഥി പ്രവർത്തകനെ സംഘടനാ ചട്ടക്കൂടുകളിലേയ്ക്ക് രാകിമിനുക്കിയെടുത്തവരിൽ ഒരാളാണ് സഖാവ് സ്വരാജേട്ടൻ. പിന്നീട് ഓരോ ചുമതലകൾ പാർട്ടി നിശ്ചയിച്ച് തരുമ്പോഴും ഏറെ സന്തോഷത്തോടെ ആദ്യം തേടിയെത്താറുള്ള വിളികളിലൊന്ന് പ്രിയപ്പെട്ട സ്വരാജേട്ടൻ്റെതാണ്.
നിലപാടുകളിലെ അടിയുറച്ച കാർക്കശ്യവും പൂർണ്ണമായ സംഘടനാ അവഗാഹവും സിപിഐഎമ്മിൻ്റെ പാർട്ടി പരിപാടിയെക്കുറിച്ചുള്ള കൃത്യമായ ധാരണയും അതിലേറെ തികഞ്ഞ ജനാധിപത്യ ബോധവുമാണ് സഖാവ് സ്വരാജിൻ്റെ കൈമുതൽ. നിലമ്പൂരിലെ സാധാരണക്കാരായ ജനവിഭാഗങ്ങളുടെയും തൊഴിലാളികളുടെയും മലയോര കർഷകരുടെയും യുവതയുടെയുമെല്ലാം ജീവിതത്തെ ഹൃദയം കൊണ്ട് തൊട്ടറിയാനും അതിനെ അടയാളപ്പെടുത്താനും സഖാവ് സ്വരാജിനെക്കാൾ ശേഷിയുള്ള മറ്റൊരാളുണ്ടാകില്ല.
ഫാസിസം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും അവരുടെ ചരിത്രത്തെയും വർത്തമാനകാലത്തെ നിലനിൽപ്പുകളെയും ചവിട്ടിമെതിക്കുമ്പോൾ പ്രതിരോധത്തിൻ്റെ ഏറ്റവും ശക്തമായ ശബ്ദമായി എം സ്വരാജ് മാറുന്നത് നമ്മൾ പലവട്ടം കണ്ടിട്ടുള്ളതാണ്. അത് പലസ്തീനികളുടെ അവകാശ പോരാട്ടത്തിലായാലും വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് തെറ്റായ ചരിത്രവായന നടത്തുമ്പോഴായാലും ബാബറി മസ്ജിദിൻ്റെ പേരിലുണ്ടായ നീതി നിഷേധത്തിൻ്റെ കാര്യത്തിലായാലും ഒന്നിനെയും ഭയപ്പെടാതെ ധീരമായി നിലപാട് സഖാവ് സ്വീകരിച്ചിട്ടുണ്ട്. കേരളം ആരാധനയോടെയും ആവേശത്തോടെയും ഹൃദയവായ്പോടെയും ആ നിലപാടുകളെ നെഞ്ചേറ്റിയിട്ടുണ്ട്. വർഗ്ഗീയതയെയും മനുഷ്യത്വ വിരുദ്ധമായ എല്ലാത്തരം സംഘർങ്ങളെയും ജനാധിപത്യത്തിൻ്റെയും മാനവികതയുടെയും മതേതരത്വത്തിൻ്റെയും അടിത്തറയിൽ നിന്ന് വിലയിരുത്തി നിലപാട് പറയുന്ന സഖാവ് സ്വരാജ് നിലമ്പൂരിനെ സംബന്ധിച്ച് തിരഞ്ഞെടുക്കാൻ കഴിയുന്നതിൽ വെച്ച് ഏറ്റവും മികച്ച ജനപ്രതിനിധിയാണ്. വർത്തമാന കേരളത്തിൻ്റെ ഏറ്റവും ഫാസിസ്റ്റ് വിരുദ്ധ മതേതര ശബ്ദത്തെ നിലമ്പൂരുകാർ ഹൃദയത്തോട് ചേർത്ത് വെയ്ക്കും എന്നത് തീർച്ചയാണ്.
പ്രിയപ്പെട്ട സഖാവെ നിയമസഭയിൽ നിലമ്പൂരിൻ്റെ ശബ്ദമായി നിങ്ങൾ ഉണ്ടാകുമെന്ന് തീർച്ചയാണ്. അഭിവാദ്യങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

