‘കർണാടകക്കാരോട് കേരള സർക്കാർ മനുഷത്വം കാണിക്കണം’; പാലക്കാട് മദ്യനിർമാണശാല വിഷയത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കെജെ ജേക്കബ്

K J Jacob Kerala budget criticism

പാലക്കാട് മദ്യനിർമാണശാല വിഷയത്തിൽ കോൺഗ്രസിനെ പരിപസിച്ച് കെജെ ജേക്കബ്. പാലക്കാട്ടേക്കാൾ ജലക്ഷാമം നേരിടുന്ന കർണാടകയിലെ സ്ഥലങ്ങളിൽ നിർമിച്ച് കേരളത്തിലേക്ക് എത്തിക്കുന്ന മദ്യം കുടിക്കാൻ ഒരു മടിയും കാണിക്കാത്തവരാണ് പാലക്കാട് മദ്യ നിർമാണം ആരംഭിക്കുന്നതിനെ എതിർക്കുന്നതെന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പറഞ്ഞുവെക്കുന്നത്. കർണ്ണാടകയിൽ ജലക്ഷാമം സൃഷ്ടിച്ചുണ്ടാക്കുന്ന മദ്യം ഇവിടെ കൊണ്ടുവന്നു കുടിക്കുന്ന സ്വാർത്ഥത നമ്മൾ കാണിക്കരുത് എന്ന് അദ്ദേഹം പരിഹസിച്ചു. ഒരു അഖിലേന്ത്യാ പാർട്ടി എന്ന നിലയ്ക്ക് കോൺഗ്രസുകാർ പരസ്യമായി ഈ ആവശ്യം ഉന്നയിക്കില്ല, കർണ്ണാടകത്തിലെ മനുഷ്യരോട് ദയ കാണിക്കണം, അവരുടെ കുടിവെള്ളം മുട്ടിച്ചുണ്ടാക്കുന്ന മദ്യം ഇങ്ങോട്ടു ഇറക്കുമതി ചെയ്യുന്ന പരിപാടി നിർത്തണം എന്നാണ് കോൺഗ്രസിനെ പരിഹസിച്ച് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.

കെജെ ജേക്കബിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ്; പൂർണരൂപം;

പാലക്കാട് ജില്ലയിലെ വാർഷിക മഴ ചെറിയ ഏറ്റക്കുറിച്ചിലുകളോടെ 235 സെന്റിമീറ്ററാണ്. അവിടെ വെള്ളം പ്രധാന അസംസ്കൃത വസ്തുക്കളിൽ ഒന്നായ സ്പിരിറ്റ്/മദ്യം നിർമ്മിച്ചാൽ ജലക്ഷാമം നേരിടേണ്ടിവരും എന്നാണ് കോൺഗ്രസുകാർ പറയുന്നത്.

കുടിവെള്ളത്തിനും കൃഷിക്കും ജലക്ഷാമം നേരിടുമെങ്കിൽ ഒരു കാരണവശാലും മദ്യ/സ്പിരിറ്റ് നിർമ്മാണ ശാലയ്ക്ക് അനുമതി കൊടുക്കരുതെന്നാണ് എന്റെയും അഭിപ്രായം. അങ്ങിനെ മദ്യപൻമാരുടെ ഇക്കാര്യം മാത്രം നോക്കിയാൽ പോരല്ലോ, സാധാരണ മനുഷ്യരുടെയും കൃഷിക്കാരുടെയും കാര്യങ്ങളും നോക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടല്ലോ.

അതുകൊണ്ടു കുടിവെള്ളത്തിനുമേൽ മദ്യത്തിന് പ്രാധാന്യം കൊടുക്കുന്ന ഒരു പദ്ധതിയ്യ്ക്കും സർക്കാർ അനുവാദം കൊടുക്കരുത്; കോൺഗ്രസുകാർക്ക് എന്റെ പിന്തുണ.

***

അപ്പോൾപ്പിന്നെ കേരളത്തിലേക്കു മദ്യം എവിടെനിന്നു വരും? ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് പ്രധാനമായും മഹാരാഷ്ട്രയിലും കർണ്ണാടകയിലും നിന്നാണ്.അതിലെ നമ്മുടെ തൊട്ടയൽസംസ്‌ഥാനമായ കർണ്ണാടകത്തിലെ അവസ്‌ഥ ഞാൻ നോക്കി.

കർണ്ണാടക ബ്രൂവേഴ്സ് ആൻഡ് ഡിസ്റ്റിലേഴ്‌സ്, ബാംഗ്ലൂർ എന്ന സംഘടനയുടെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന കണക്കുപ്രകാരം 44 മദ്യനിർമ്മാണശാലകളുണ്ട് അവിടെ. തലസ്‌ഥാനമായ ബാംഗളൂരിൽ മാത്രം 16. (സൈറ്റിന്റെ ലിങ്ക് കമന്റിൽ കൊടുത്തിട്ടുണ്ട്).ഈ മദ്യനിർമ്മാണ ശാലകളിരിക്കുന്ന ജില്ലകളിലെ മഴക്കണക്കു കാലാവസ്‌ഥാ വകുപ്പിന്റെ സൈറ്റിൽ നോക്കി (2022). (ലിങ്ക് കമന്റിൽ കൊടുത്തിട്ടുണ്ട്) അത് പ്രകാരം ഉഡുപ്പി, ചിക്കമംഗളൂർ, ശിവമൊഗ്ഗ, കൊടഗ് എന്നീ ജില്ലകളിൽ 200 സെന്റിമീറ്ററിൽ കൂടുതൽ മഴയുണ്ട്. ബാക്കി എല്ലാ ജില്ലകളിലെയും സ്‌ഥിതി ശോകമാണ്. (എല്ലാം സെന്റിമീറ്ററിലാണ്; ഞാൻ പണിതുടങ്ങിയ പത്രത്തിന്റെ രീതിയിലാണെങ്കിൽ കർണ്ണാടകത്തിലെ കണക്കു മില്ലി മീറ്ററിലും കേരളത്തിലേത് സെന്റിമീറ്ററിലും കൊടുക്കാമായിരുന്നു).

തലസ്‌ഥാനമായ, 16 മദ്യനിർമ്മാണ ശാലകൾ പ്രവർത്തിക്കുന്ന ബാന്ഗ്ലൂർ അർബൻ, റൂറൽ ജില്ലകളിലെ മഴയുടെ അളവ് ശരാശരി 168 സെ മീറ്ററും 137 സെന്റി മീറ്ററുമാണ്. ബാക്കി മിക്കവാറും സ്‌ഥലങ്ങളിൽ ഇരുന്നൂറിൽ താഴെ.പാലക്കാട്ടെ മഴയെത്ര? 235 സെന്റിമീറ്റർ.അപ്പോൾ പാലക്കാട്ടു മദ്യം നിർമ്മിച്ചാൽ ജലക്ഷാമമുണ്ടാകുമെങ്കിൽ അതിലും കുറവ് മഴ കിട്ടുന്ന സ്‌ഥലങ്ങളിൽ നമ്മുടെ സഹോദരങ്ങളായ കർണാടകവാസികളുടെ കുടിവെള്ളം മുട്ടിച്ചും കൃഷി വരൾച്ചയിലാഴ്ത്തിയും മദ്യം നിർമ്മിച്ച് ഇവിടെ കൊണ്ടുവന്നു വിൽക്കുന്ന പരിപാടിയും കേരള സർക്കാർ അവസാനിപ്പിക്കണം.ബാംഗ്ലൂരിലെ കാര്യം പ്രത്യേകം പറയുന്നു: മിക്കവാറും മലയാളിക്കു അവിടെ ബന്ധുക്കളുണ്ട്; കോൺഗ്രസുകാർക്കും കമ്യൂണിസ്റ്റുകൾക്കും ബി ജെ പിക്കാർക്കുമുണ്ട്; കേരള കോൺഗ്രസുകാർക്ക് ധാരാളമുണ്ട്. എന്റെയാണെങ്കിൽ മൂന്നുതലമുറയിൽപ്പെട്ട മനുഷ്യർ അവിടെ ജീവിക്കുന്നുണ്ട്.

അതുകൊണ്ട്, കർണ്ണാടകയിൽ ജലക്ഷാമം സൃഷ്ടിച്ചുണ്ടാക്കുന്ന മദ്യം ഇവിടെ കൊണ്ടുവന്നു കുടിക്കുന്ന സ്വാർത്ഥത നമ്മൾ കാണിക്കരുത്.ഒരു അഖിലേന്ത്യാ പാർട്ടി എന്ന നിലയ്ക്ക് കോൺഗ്രസുകാർ പരസ്യമായി ഈ ആവശ്യം ഉന്നയിക്കില്ല. ‘ഗോഡ്ഫാദർ’ സിനിമയിൽ തിലകൻ കഥാപാത്രം പറയുന്നതുപോലെ, ആ മനസ്സ് എനിക്കറിയാം.അതുകൊണ്ട്,കേരള സർക്കാർ മനുഷ്യത്വം കാണിക്കണം; കർണ്ണാടകത്തിലെ മനുഷ്യരോട് ദയ കാണിക്കണം. അവരുടെ കുടിവെള്ളം മുട്ടിച്ചുണ്ടാക്കുന്ന മദ്യം ഇങ്ങോട്ടു ഇറക്കുമതി ചെയ്യുന്ന പരിപാടി നിർത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News