ആരോപണങ്ങളിൽ ഉലഞ്ഞ് യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച യുവ കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ പദവിയും രാജിവെക്കണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യം ശക്തമാകുന്നു. ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് മുതിർന്ന നേതാക്കളുടെ ശക്തമായ നിലപാട്. എന്നാൽ രാജി വേണ്ടെന്ന് ഒരു വിഭാഗം നേതാക്കളും വാദിക്കുന്നുണ്ട്.
രാജി ആവശ്യത്തിൽ ഗ്രൂപ്പിന് അതീതമായി നേതാക്കൾ ഒരുമിച്ച് നിൽക്കുമ്പോഴാണ് സതീശൻ അനുകൂലികൾ ഇപ്പോഴും രാഹുലിന് സംരക്ഷണം ഒരുക്കുന്നത്. പരാതിയും കേസുമുണ്ടെങ്കിൽ മാത്രം രാജി ഓപ്ഷൻ പരിഗണിച്ചാൽ മതിയെന്നാണ് വിഡി സതീശൻ വിഭാഗത്തിന്‍റെ നിലപാട്. സാങ്കേതികത്വം പറഞ്ഞുള്ള സംരക്ഷണം പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നുള്ള അഭിപ്രായവും ഉയരുന്നുണ്ട്.
അതേസമയം, രാഹുൽ വിഷയത്തിൽ ഷാഫി പറമ്പിൽ ഇന്ന് രാവിലെ പത്തോടെ മാധ്യമങ്ങളെ കണ്ടേക്കും. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വീഴ്ചയിൽ വലിയ ആഘാതമേറ്റത് വി ഡി സതീശൻ – ഷാഫി പറമ്പിൽ അച്ചുതണ്ടിനാണ്. പാർട്ടിയിൽ സർവശക്തരായി തുടരുമ്പോഴാണ് അപ്രതീക്ഷിതമായ തിരിച്ചടി നേരിട്ടത്. രാഹുലിനെ സതീശന്‍റെ ആശിർവാദത്തോടെ യൂത്ത്കോൺഗ്രസ് പ്രസിഡൻ്റാക്കിയതും പിന്നീട് പാലക്കാട്ട് മത്സരിപ്പിച്ചതുമെല്ലാം ഷാഫിയായിരുന്നു. പാലക്കാട്ടെ മിടുക്കരായ നേതാക്കളെ തഴഞ്ഞ് പത്തനംതിട്ടയിൽ നിന്നുള്ള രാഹുലിനെ മത്സരിപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ വിഷയം ഉയർത്തിക്കാട്ടിയാകും മറുഗ്രൂപ്പുകാർ സതീശനെയും ഷാഫിയെയും ആക്രമിക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

