മസാല ബോണ്ടിലെ ഇ ഡിയുടെ കാരണം കാണിക്കല്‍ നോട്ടീസില്‍ ഹൈക്കോടതിയെ സമീപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡിയുടെ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിച്ചത്. ഫെമ നിയമലംഘനം എന്ന വാദം അടിസ്ഥാനരഹിതമെന്ന് ഹര്‍ജിയില്‍ പറഞ്ഞു. നോട്ടീസ് രാഷ്ട്രീയ പ്രേരിതമെന്നും ഹർജിയിൽ പറഞ്ഞു. കിഫ്ബിയുടെ ഹര്‍ജിയില്‍ നേരത്തെ നോട്ടീസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
മസാലബോണ്ടിലൂടെ സമാഹരിച്ച പണം അടിസ്ഥാനസൗകര്യ വികസനപദ്ധതികൾക്കായി 2019ൽ ഭൂമി ഏറ്റെടുക്കാൻ വിനിയോഗിച്ചത് നിയമലംഘനമാണെന്നാണ് ഇഡിയുടെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി നൽകിയ നോട്ടീസിൽ പറയുന്നത്. കിഫ്ബി ചെയർപേഴ്സൺ, മുൻ വെെസ് ചെയർപേഴ്സൺ, സിഇഒ എന്നീ നിലയിലാണ് മൂന്നുപേർക്കും നോട്ടീസ് അയച്ചിരുന്നത്. ഇതേ കാരണങ്ങൾ കാണിച്ച് ഇഡി കിഫ്ബിക്ക് അയച്ച നോട്ടീസ് ചൊവ്വാഴ്ച ഹെെക്കോടതി സ്റ്റേ ചെയ്തിരുന്നു.
ALSO READ: ആലപ്പുഴയിൽ തലയ്ക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു
ഇ ഡി നടപടി നിയമവിരുദ്ധമാണെന്നും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, രാഷ്ട്രീയപ്രേരിതമായുള്ള നീക്കമാണെന്നും നോട്ടീസ് ചോദ്യംചെയ്ത് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പുസമയത്ത് ഇത്തരം നോട്ടീസുകൾ അയക്കുന്നത് വ്യക്തിഹത്യ ലക്ഷ്യമിട്ടാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ വാദങ്ങൾ മുഖവിലയ്‌ക്കെടുത്താണ് മൂന്നുമാസത്തേക്ക് തുടർനടപടികൾ കോടതി സ്റ്റേ ചെയ്തത്.
ആർബിഐ അനുമതിയോടെയാണ് മസാലബോണ്ട് ഫണ്ട് വിനിയോഗിച്ചതെന്നും കിഫ്ബിയുടെ ഇടപാടുകളിൽ ഒരുതരത്തിലുള്ള ചട്ടലംഘനവും അവർ കണ്ടെത്തിയിട്ടില്ലെന്നും സർക്കാർ ബോധിപ്പിച്ചിരുന്നു. കിഫ്ബിക്കെതിരായ ഹർജിയിൽ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്‌തെങ്കിലും വ്യക്തിഗത നോട്ടീസുകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയടക്കമുള്ളവർ ഹർജി സമർപ്പിച്ചത്. മുഖ്യമന്ത്രി നൽകിയ ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.
അതേസമയം, കിഫ്ബിക്കെതിര അഡ്ജുഡിക്കേറ്റിങ് അതോറിറ്റി നൽകിയ നോട്ടീസ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് ഇ ഡി അപ്പീൽ നൽകി. അന്വേഷണത്തെയും നിയമനടപടികളെയും തടസ്സപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌റ്റേ ചെയ്ത സിംഗിൾ ബെഞ്ച് നടപടിക്കെതിരെ ഇ ഡി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

