റേഷനരി വിഷയത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യന് മറുപടിയുമായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. കേരളത്തിൽ വിതരണം ചെയ്യുന്നത് മോദിയുടെ അരിയെന്ന പ്രസ്താവന വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള ശ്രമമെന്ന് മന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തെല്ലാവർക്കും സൗജന്യമായി അരി നൽകാൻ മാത്രം ധനികനാണ് ഇന്ത്യയുടെ പ്രധാന മന്ത്രിയെന്ന് ആളുകൾക്ക് മനസിലായെന്നും മന്ത്രി പരിഹസിച്ചു.
കേരളത്തിലെ ജനങ്ങൾക്ക് കൊടുക്കുന്ന ഓരോ മണി അരിയും മോദി അരിയാണെന്നായിരുന്നു കേന്ദ്രമന്ത്രി ജോർജ്ജ് കുര്യന്റെ അവകാശവാദം. തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് നടത്തിയ പ്രസ്താവന അല്പത്തരം എന്നായിരുന്നു മന്ത്രിയുടെ മറുപടി.
ഇന്ത്യൻ ഭരണഘടന പ്രകാരം പ്രവർത്തിക്കുന്ന പാർലമെന്റ് പാസാക്കിയ 2013 ലെ ഭക്ഷ്യ ഭദ്രതാനിയപ്രകാരം ജനങ്ങൾക്ക് സൗജന്യമായി നൽകുന്നതാണ് റേഷൻ. ഇന്ത്യയിലെ കർഷകർ ഉൽപാദിപ്പിക്കുന്ന ധാന്യം സംഭരിച്ച് പൊതുവിതുവിതരണ സമ്പ്രദായത്തിലൂടെ കൊടുക്കുന്നു. അതവരുടെ അവകാശമാണ്. ഒരു ഭരണാധികാരിയുടെയും വ്യക്തിപരമായ ഔദാര്യമല്ലെന്ന് മന്ത്രി പറഞ്ഞു. എന്നാൽ അധികമായി അരി നൽകുന്ന കാര്യത്തിൽ നിർദയമായ സമീപനമാണ് കേന്ദ്രം കേരളത്തോട് കാണിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
1965 ൽ കേരള ജനത ഒറ്റക്കെട്ടായി ആവശ്യപ്പെട്ട് നേടിയതാണ് സാർവ്വത്രിക റേഷനിംഗ്. 2013 ൽ NFSA നടപ്പാക്കിയപ്പോൾ അതിൽ ഗണ്യമായ വെട്ടിക്കുറവ് വന്നു. 57 ശതമാനത്തോളം ജനങ്ങൾക്ക് സാർവ്വത്രിക റേഷൻ സംവിധാനത്തിന് പുറത്തേക്ക് പോകേണ്ടിവന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിന് കൂടുതൽ ഭക്ഷ്യ ധാന്യത്തിനുവേണ്ടി നിരന്തരമായി ആവശ്യപ്പെടേണ്ടി വരുന്നത്. അത് നിഷേധിക്കുമ്പോൾ പ്രതിഷേധമുയരുന്നത് സ്വാഭാവികമാണെന്നും മന്ത്രി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

