മുതിർന്ന സിപിഐഎം നേതാവ് മരുതൂർ പുലാശ്ശേരിക്കര താവളം വീട്ടിൽ എം വിശ്വനാഥൻ (84) അന്തരിച്ചു. സംസ്കാരം വൈകീട്ട് 5ന് ഷൊർണ്ണൂർ ശാന്തിതീരത്ത്. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച രാവിലെ 3 ന് പെരുന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
1942ൽ നാഗലശ്ശേരി തമ്പിയത്ത് കണ്ടുണ്ണി നായരുടെയും മങ്ങാട്ട് ശ്രീദേവി അമ്മയുടെയും മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ പുരോഗമന രാഷ്ട്രീയ പ്രവർത്തകരുടെ സഹകാരിയായി. 1959 ൽ വിമോചന സമരകാലത്ത് ചാത്തന്നൂർ സ്കൂൾ അടക്കാൻ സമരക്കാർ വന്നപ്പോൾ അതിനെ തടഞ്ഞതോടെ വിശ്വനാഥൻ ഒരു രാഷ്ട്രീയക്കാരനായി മാറുന്നത്.
1961ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം ലഭിച്ചു. എങ്കിലും പിന്നീട് പട്ടാളത്തിൽ ജോലിക്കായി പരിശീലനത്തിന് പോകേണ്ടി വന്ന സാഹചര്യത്തിൽ അംഗത്വം നഷ്ടപ്പെട്ടു. പട്ടാളത്തിൽ ചേർന്നെങ്കിലും കമ്മ്യൂണിസ്റ്റ് ആയതിനാൽ ജോലിയിൽ നിന്നും മടങ്ങി പോരേണ്ടി വന്നു. തിരിച്ചു വന്ന് വീണ്ടും 1968 മുതൽ പർട്ടിയിൽ സ്ഥിരാംഗമായി. പൊന്നാനി താലൂക്കിൽ കർഷക സംഘത്തിന്റെയും, ഗ്രന്ഥശാലാ സംഘത്തിന്റെയും ആദ്യകാല പ്രവർത്തകനായിരുന്നു.
ആലപ്പുഴയിൽ കോട്ടക്കൽ ആര്യവൈദ്യശാലയുടെ പ്രാദേശിക മനേജറായിതോടെ അദ്ദേഹം കോട്ടക്കൽ വിശ്വനാഥനായി. തുടർന്ന് ആലപ്പുഴയിലെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി. ആലപ്പുഴയിൽ സിപിഐഎം താലൂക്ക് കമ്മിറ്റി, ഏരിയാകമ്മിറ്റി, കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റി, സകരണ രംഗത്തെ പല ഘടകത്തിലും അദ്ദേഹം പ്രവർത്തിച്ചു. ആലപ്പുഴ മുൻസിപ്പൽ കൗൺസിലറായും പ്രവർത്തിച്ചു. ആലപ്പുഴ ടൗണിൽ എകെജി ഗ്രന്ഥശാല സ്ഥാപിച്ച് കെട്ടിടം നിർമ്മിച്ചു. ഇപ്പോൾ മരുതൂർ വായനശാലയിൽ അംഗമാണ്.
മിച്ചഭൂമി സമരമടക്കം വിവിധ സമരങ്ങളിൽ പങ്കെടുത്ത് പൊലീസ് മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. സിപിഐഎം പട്ടാമ്പി ഏരിയ കമ്മിറ്റി അംഗം, ഓങ്ങല്ലൂർ ലോക്കൽ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഐഎം പുലാശ്ശേരിക്കര സ്കൂൾ ബ്രാഞ്ച് അംഗമാണ്. പൊതു രംഗത്തെ മികച്ച പ്രവർത്തനം കണക്കിലെടുത്ത് പള്ളം സ്മാരക വായനശാലയും കൊപ്പം അഭയവും ചേർന്ന് ഏർപ്പെടുത്തിയ പള്ളം സ്മാരക പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ ശ്രീദേവി. മക്കൾ: രമ, രമണൻ, മരുമക്കൾ ഹരി, വന്ദന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

