
പാർട്ടി അധ്യക്ഷൻ കൂടിയായ മന്ത്രി സണ്ണി ജോസഫിന്റെ പേഴ്സണൽ സ്റ്റാഫിൽ ബന്ധുവിനെ നിയമിച്ചത് അടക്കമുള്ള വിവാദങ്ങൾക്കിടെ കെപിസിസിയുടെ സമ്പൂർണ്ണ നേതൃയോഗം ഇന്ദിരാഭവനിൽ ആരംഭിച്ചു. രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ, കെ പി സി സി ഭാരവാഹികൾ, ഡി സി സി പ്രസിഡൻ്റുമാർ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് വിലയിരുത്തലാണ് യോഗത്തിന്റെ മുഖ്യ അജണ്ട എങ്കിലുംവിവാദ വിഷയങ്ങൾ നേതാക്കൾ യോഗത്തിൽ ഉന്നയിക്കും.
സണ്ണി ജോസഫിന്റെ സഹോദരിയുടെ ഭർത്താവിനെ സ്വന്തം പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തിയതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മാത്രമല്ല സർവീസ് സംഘടന നേതാക്കൾ പാർട്ടിക്ക് നൽകിയ പട്ടികയിൽ നിന്നും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ ആരെയും പരിഗണിക്കാത്തതിലും വലിയ പ്രതിഷേധമുണ്ട്. ഈ പരാതി സർവീസ് സംഘടന നേതാക്കൾ നേതൃത്വത്തെ അറിയിച്ചു. കൂടാതെ എൻജിഒ അസോസിയേഷൻ സംഘടനാ തെരഞ്ഞെടുപ്പിൽ കെപിസിസി മുന്നോട്ടുവച്ച നിർദ്ദേശം നേതാക്കൾ അവഗണിച്ചതിലും മറുവിഭാഗത്തിന്
കടുത്ത പ്രതിഷേധമുണ്ട്. കെപിസിസിയുടെ സംഘടന ചുമതയുള്ള ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലും, സർവീസ് സംഘടനകളുടെ ചുമതലയുള്ള മണക്കാട് സുരേഷും ഇക്കാര്യങ്ങൾ യോഗത്തിൽ അറിയിക്കുമെന്നാണ് വിവരം.
അതേസമയം മന്ത്രിയായ സണ്ണി ജോസഫിന് പകരം പുതിയ കെപിസിസി അധ്യക്ഷനെയും മറ്റു ഭാരവാഹികളെയും അടിയന്തരമായി തിരഞ്ഞെടുക്കണമെന്ന് ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമാണ്. ഇക്കാര്യങ്ങളും നേതാക്കൾ യോഗത്തിൽ ഉന്നയിക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

