മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 വീണ്ടും തുറന്നു

flight service kuwait

മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ഒന്ന് (ടി-1) തിങ്കളാഴ്ച മുതൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. നവീകരണ, വികസന, അറ്റകുറ്റപ്പണി പ്രവർത്തനങ്ങൾ പൂർത്തിയായതിനെ തുടർന്ന് അറബ്, വിദേശ വിമാന കമ്പനികളുടെ സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചതോടെ വിമാനത്താവള പ്രവർത്തനങ്ങൾ വീണ്ടും സജീവമായി.നിലവിൽ താത്കാലിക ക്രമീകരണത്തിന്റെ ഭാഗമായി പുലർച്ചെ നാല് മണി മുതൽ രാത്രി പത്ത് മണിവരെയാണ് വിമാനങ്ങളുടെ വരവും പുറപ്പെടലും ക്രമീകരിച്ചിരിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ ഓപ്പറേഷൻസ് ഡയറക്ടർ മൻസൂർ അൽ-ഹാഷിമി അറിയിച്ചു. വരും ദിവസങ്ങളിൽ സാധാരണ പ്രവർത്തന സമയത്തിലേക്ക് ഘട്ടംഘട്ടമായി മടങ്ങാനാണ് പദ്ധതി.

ടെർമിനൽ ഒന്നിലൂടെ എത്തിയതും പുറപ്പെട്ടതുമായ യാത്രക്കാരെ വിമാനത്താവളം സ്വീകരിച്ചു. വ്യോമഗതാഗതം സുഗമമാക്കുന്നതിനും യാത്രാ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമായി പ്രത്യേക പ്രവർത്തന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെ എല്ലാ സൗകര്യങ്ങളും സേവനങ്ങളും അംഗീകരിച്ച പ്രവർത്തന പദ്ധതിക്ക് അനുസൃതമായി പൂർണ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി. ഇത്തിഹാദ് എയർവേയ്‌സിന്റെ വിമാനം രാവിലെ 9.55ന് ഇറങ്ങിയതോടെയാണ് ടെർമിനൽ ഒന്നിലെ ആദ്യ അന്താരാഷ്ട്ര വരവ് രേഖപ്പെടുത്തിയത്. മുംബൈയിൽ നിന്ന് ഇൻഡിഗോ എയർലൈൻസിന്റെ വിമാനവും രാവിലെ കുവൈത്തിൽ എത്തി. ഇന്ത്യയിലേക്കുള്ള സർവീസുകളിൽ ഇന്ന് ഇൻഡിഗോ എയർലൈൻസ് മാത്രമാണ് സർവീസ് നടത്തിയിരിക്കുന്നത്. മുംബൈയിൽ നിന്ന് രാവിലെ 10.30ന് എത്തിയ വിമാനം രാവിലെ 11.45ന് തിരികെ സർവീസ് നടത്തി. എയർ ഇന്ത്യ സർവീസുകൾ ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുമെന്നാണ് വിവരം.

എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്‌സ്, ഫ്ലൈ ദുബായ്, ഫ്ലൈ നാസ്, എയർ അറേബ്യ, സലാം എയർ തുടങ്ങിയ വിമാന കമ്പനികളും തിങ്കളാഴ്ച മുതൽ സർവീസുകൾ പുനരാരംഭിച്ചു. ആദ്യ ദിവസമായ ഇന്ന് ആകെ 18 വരവ്-പുറപ്പെടൽ സർവീസുകളാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.പുനരാരംഭത്തിന്റെ ആദ്യഘട്ടത്തിൽ ഓരോ വിമാന കമ്പനിക്കും പ്രതിദിനം ഒരു റൗണ്ട് ട്രിപ്പ് സർവീസ് മാത്രമാണ് അനുവദിച്ചിരിക്കുന്നതെന്നും, യാത്രക്കാരുടെ എണ്ണവും ആവശ്യവും വർധിക്കുന്നതിനനുസരിച്ച് സർവീസുകൾ വിപുലീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതിനോടകം ഏകദേശം 20 വിമാന കമ്പനികൾ സർവീസ് പുനരാരംഭിക്കാൻ അപേക്ഷ സമർപ്പിക്കുകയും ആവശ്യമായ അനുമതികൾ നേടുകയും ചെയ്തിട്ടുണ്ട്.

Also read: തുടരെയുള്ള മിസൈൽ–ഡ്രോൺ ആക്രമണ ശ്രമങ്ങൾ! കുവൈത്ത് അതീവ ജാഗ്രതയിൽ

ജി.സി.സി, അറബ് രാജ്യങ്ങളിലേക്കുള്ള സർവീസുകളുടെ ചെക്ക്-ഇൻ കൗണ്ടറുകൾ പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപും മറ്റ് അന്താരാഷ്ട്ര സർവീസുകളുടേത് ഒന്നര മണിക്കൂർ മുൻപും അടയ്ക്കും. യാത്രക്കാർ കുറഞ്ഞത് നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്നും അധികൃതർ നിർദേശിച്ചു.മിക്ക വിമാന കമ്പനികൾക്കും യാത്രയ്ക്ക് ഒരു ദിവസം മുമ്പുള്ള ബാഗേജ് ഡ്രോപ്പ്-ഓഫ് സേവനം ഇപ്പോഴും നിർത്തിവെച്ചിരിക്കുകയാണ്. നിലവിൽ പരിമിതമായ രീതിയിൽ കുവൈത്ത് എയർവേയ്‌സിനാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനം, സാങ്കേതിക നവീകരണം, പ്രവർത്തന സംവിധാനങ്ങളിലെ മെച്ചപ്പെടുത്തൽ എന്നിവ പൂർത്തിയായതോടെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തന ശേഷി വീണ്ടും ശക്തിപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. വേനൽക്കാല യാത്രാ തിരക്ക് മുന്നിൽ കണ്ട് കൂടുതൽ സർവീസുകൾ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുമെന്നും ബന്ധപ്പെട്ട അധികൃതർ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News