പാലക്കാട് കോട്ടമൈതാനത്തെ റാപ്പര്‍ വേടന്റെ പരിപാടിയ്ക്കിടെ വേടന്റെ കൈ മന്ത്രി തട്ടിമാറ്റിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തിന്റെ ചിത്രങ്ങൾ സഹിതം പുറത്ത് വിട്ട് വ്യാജ വാർത്തകൾ പൊളിച്ചടുക്കിയിരിക്കുകയാണ് മന്ത്രി എംബി രാജേഷ്. വേടന്‍ മുഖ്യമന്ത്രിക്ക് കൈ കൊടുക്കുമ്പോള്‍ മന്ത്രി എംബി രാജേഷ് തട്ടിമാറ്റിയെന്നായിരുന്നു പ്രചരണം. എന്നാല്‍, കൊടും നുണയാണ് പ്രചരിപ്പിക്കുന്നതെന്നും താനും മുഖ്യമന്ത്രിയും വേടന് കൈകൊടുത്തെന്നും ആണ് മന്ത്രി വ്യക്തമാക്കി. നുണകൾ പലതും പടച്ചു വിടാം. പക്ഷെ ഇതുപോലെ നിമിഷങ്ങളുടെ ആയുസ്സേ അതിനെല്ലാമുണ്ടാവൂ എന്ന് ഇതുപോലെ നുണകൾ പടച്ചു വിടുന്ന കുടില ബുദ്ധികൾ മനസിലാക്കിയാൽ നല്ലത് എന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
ഈ രണ്ട് ചിത്രങ്ങളും നോക്കൂ. ഇന്നലെ മലമ്പുഴയിൽ നടന്ന പരിപാടിക്കിടെ റാപ്പർ വേടനെ കണ്ടമാത്രയിൽ ഞാൻ ഹസ്തദാനം ചെയ്യുന്നത് ഇന്നത്തെ കേരള കൗമുദി പ്രസിദ്ധീകരിച്ചതാണ് ഒന്ന്. വേടനെ ഞാൻ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തുന്നതും ശേഷം മുഖ്യമന്ത്രി അദ്ദേഹത്തെ ഹസ്തദാനം ചെയ്യുന്നതുമാണ് രണ്ടാമത്തേത്.
മുഖ്യമന്ത്രിയോടൊപ്പം ഞങ്ങൾ വേദിയിലേക്ക് നീങ്ങുമ്പോഴാണ് സദസ്സിന്റെ മുൻനിരയിൽ വേടനെ കണ്ടത്. ഞങ്ങൾ പരസ്പരം കൈ കൊടുക്കുകയും ബഹു. മുഖ്യമന്ത്രിക്ക് വേടനെ പരിചയപ്പെടുത്തുകയും മുഖ്യമന്ത്രിക്ക് വേടൻ കൈകൊടുക്കുകയും ചെയ്തു.ശേഷം ഞാൻ വേടന്റെ തോളിൽ തട്ടി മുന്നോട്ട് നീങ്ങുകയും ചെയ്തു. ഇതാണ് ഏതാനും സെക്കന്റുകൾക്കിടയിൽ അവിടെ സംഭവിച്ചത്. എന്നാൽ അവ്യക്തമായ ഒരു വീഡിയോ ദൃശ്യം ഉപയോഗിച്ച് അതിനെ വളച്ചൊടിച്ചു ഒരു യു ട്യൂബ് വീഡിയോയിലെ നുണപ്രചരണമോ😳 മുഖ്യമന്ത്രിക്ക് കൈ കൊടുക്കാൻ വന്ന വേടന്റെ കൈ ഞാൻ തട്ടിമാറ്റിയെന്നും. എന്തൊരു കാലം!!😩
ഇതിന് പുറമേ വൈകീട്ട് കോട്ടമൈതാനത്ത് ആയിരങ്ങൾ പങ്കെടുത്ത വേടന്റെ പരിപാടിയിൽ മുൻനിരയിൽ ഞാൻ കുടുംബത്തോടൊപ്പം പങ്കെടുക്കുകയും ചെയ്തിരുന്നു. ബഹു. മന്ത്രി കേളുവും എന്നോടൊപ്പമുണ്ടായിരുന്നു.അതെല്ലാം കഴിഞ്ഞ് രാവിലെ എഴുന്നേറ്റപ്പോഴാണ് കൊടും നുണ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നതറിയുന്നത്.
നുണകൾ പലതും പടച്ചു വിടാം. പക്ഷെ ഇതുപോലെ നിമിഷങ്ങളുടെ ആയുസ്സേ അതിനെല്ലാമുണ്ടാവൂ എന്ന് ഇതുപോലെ നുണകൾ പടച്ചു വിടുന്ന കുടില ബുദ്ധികൾ മനസിലാക്കിയാൽ നല്ലത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

