വിവിധ പേരുകളിൽ മാട്രിമോണി സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി സ്ത്രീകളെ ഭീഷണിപ്പെടുത്തി പണം തട്ടിയയാൾ അറസ്റ്റിൽ. ഡോക്ടർ, അഭിഭാഷകൻ, ബിസിനസുകാരൻ, സിനിമാ നിർമ്മാതാവ് എന്നീ നിലകളിലുള്ള വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തട്ടിപ്പ് നടത്തിയ ബംഗാൾ സ്വദേശി ആനന്ദ് കുമാറാണ് അറസ്റ്റിലായത്. ദില്ലി സൈബർ പൊലീസാണ് ഇയാളെ കുടുക്കിയത്. സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ചശേഷം അവരുടെ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്നതായിരുന്നു ഇയാളുടെ രീതി.
അറസ്റ്റിലായ ആനന്ദ് കുമാറിൽനിന്ന് ഏകദേശം രണ്ടു കോടി രൂപ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വിവാഹം കഴിക്കാനെന്ന വ്യാജേനയാണ് ഇയാൾ മാട്രിമോണി സൈറ്റിൽ പ്രൊഫൈൽ ഉണ്ടാക്കുന്നത്. ഇതുവഴി സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുകയും പ്രണയം നടിക്കുകയും ചെയ്യു. ഈ ബന്ധത്തിലൂടെ സ്ത്രീകളുടെ സ്വകാര്യഫോട്ടോകളും വീഡിയോയും കൈക്കലാക്കുകയും അത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ ഇരകളിൽനിന്ന് പണം തട്ടിയെടുത്തിരുന്നത്.
അറസ്റ്റിലാകുമ്പോൾ ഇയാളിൽനിന്ന് നാല് മൊബൈൽ ഫോണുകൾ, എട്ട് സിം കാർഡുകൾ, മൂന്ന് ഡെബിറ്റ് കാർഡുകൾ, സ്വർണ്ണ വളകൾ, മാലകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതി ഒന്നിലധികം വ്യാജ ഐഡന്റിറ്റി കാർഡുകൾ ഉപയോഗിച്ചിരുന്നതായതും അന്വേഷണത്തിൽ വ്യക്തമായി. ദില്ലിയിലും ഗാസിയാബാദിലും ഇയാൾക്കെതിരെ മുമ്പ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഒരു സ്ത്രീയിൽ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുത്ത ഇയാൾ, അവരെ ഉപേക്ഷിച്ച് പോകുകയും, പിന്നീട് താൻ മരണപ്പെട്ടുവെന്ന് അവരെ വിശ്വസിപ്പിക്കുകയും ചെയ്തു. ‘വൈഭവ് അറോറ’ എന്ന പേരിലുള്ള വ്യാജ ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വഴിയാണ് ഈ തട്ടിപ്പ് നടത്തിയത്.
ഇൻസ്റ്റാഗ്രാം പരിചയം പിന്നീട് പ്രണയമായി വളരുകയും വിവാഹാലോചനയിലേക്ക് എത്തുകയും ചെയ്തു. ആനന്ദ് എന്ന ഐഡി ഉപയോഗിച്ചാണ് വൈഭവിന്‌റെ ബന്ധുവാണെന്നും വിവാഹം ഉറപ്പിക്കുന്നതിനായി സ്ത്രീയുടെ വീട്ടിലേക്ക് വരുന്നതിനെക്കുറിച്ച് ചർച്ച നടത്തിയത്. അതിനിടെ വാട്സാപ്പ് വഴിയും വൈഭവ് എന്ന പേരിൽ സ്ത്രീയുമായി ചാറ്റ് ചെയ്തു. അതിനിടെ തനിക്ക് അതീവ ഗുരുതരമായ അസുഖം ബാധിച്ചെന്നു, ചികിത്സയ്ക്ക് പണം വേണമെന്നും യുവതിയെ ഇയാൾ വിശ്വസിപ്പിച്ചത്. അങ്ങനെയാണ് ഏഴ് ലക്ഷം രൂപ യുവതി ആനന്ദ് കുമാർ പറഞ്ഞ അക്കൌണ്ടിലേക്ക് അയച്ചുനൽകിയത്. ഇതിനുശേഷം യുവതിയുമായി അകലം പാലിക്കുകയായിരുന്നു. അതിനിടെ അസുഖം മൂർച്ഛിച്ച് ‘വൈഭവ്’ എന്ന വ്യക്തി മരിച്ചുവെന്ന് വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ വഴി വ്യാജമായി ഇരയെ അറിയിച്ചു. സംശയം തോന്നിയ യുവതി പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മാട്രിമോണി ആപ്പുകൾ വഴി ആനന്ദ് കുമാർ തട്ടിപ്പ് നടത്തുകയായിരുന്നുവെന്ന് വ്യക്തമായത്.
തുടർച്ചയായ നിരീക്ഷണത്തിലും സാങ്കേതിക ട്രാക്കിംഗിലും പ്രതിയുമായി ബന്ധപ്പെട്ട രണ്ട് മൊബൈൽ നമ്പറുകൾ പശ്ചിമ ബംഗാളിലെ 24 പർഗാനാസ് മേഖലയിൽ സജീവമാണെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് ദില്ലി പൊലീസ് ബംഗാളിലെത്തി നടത്തിയ അന്വേഷണത്തിലാണ് ആനന്ദ് കുമാറിനെ കണ്ടെത്തിയതും, തന്ത്രപരമായി കുടുക്കിയതും. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

