
സംസ്ഥാനത്തെ ചില ജില്ലകളില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ വനം വകുപ്പിന്റെ സഹകരണം ഉറപ്പ് വരുത്തുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ സഹകരണം ഉറപ്പ് വരുത്താന്‍ എല്ലാ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേട്ടര്‍ മാര്‍ക്കും ഡി എഫ് ഒ മാര്‍ക്കും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ നിര്‍ദേശം നല്‍കി.
വവ്വാലുകള്‍ ഉള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അവയില്‍ നിന്നും സാമ്പിള്‍ ശേഖരിക്കാന്‍ ആണ് ദേശീയ വൈറോളജി വിഭാഗം എത്തിയിട്ടുള്ളത്. വനം വകുപ്പിന്റെ ഭാഗത്തു നിന്നും ആവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പാക്കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു.
അതേസമയം പാലക്കാട് ജില്ലയില്‍ നിപ കേസിൽ ഹൈ റിസ്‌ക് സമ്പർക്കത്തില്‍ 52 പേരുണ്ടെന്ന് വീണ ജോര്‍ജ് അറിയിച്ചു. മസ്തിഷ്‌ക ജ്വരമുണ്ടായ കേസുകള്‍ പരിശോധിക്കും. ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും അവർ പാലക്കാട് പറഞ്ഞു.
ജില്ലയിൽ ആദ്യമായാണ് നിപ സ്ഥിരീകരിച്ചത്. നിപ ബാധിച്ച യുവതി ഗുരുതരാവസ്ഥയിലാണ്. മോണോ ക്ലോണല്‍ ആന്റി ബോഡി നല്‍കിയിട്ടുണ്ട്. 173 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. പ്രാഥമിക സമ്പർക്കത്തിൽ 100 പേരാണുള്ളത്. സെക്കൻഡറി സമ്പർക്കത്തിൽ 73 പേരുണ്ട്. ലോ റിസ്ക് വിഭാഗത്തിൽ 48 പേരാണുള്ളത്.
Read Also: കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; തുടര്‍ ചികിത്സക്കായി ബിന്ദുവിന്റെ മകള്‍ നവമി ആശുപത്രിയിലെത്തി
പാലക്കാടും മഞ്ചേരിയിലുമായി 12 പേരാണ് ഐസൊലേഷനില്‍ ഉള്ളത്. ഈ പശ്ചാത്തലത്തിൽ കര്‍ശനമായ ജാഗ്രത പാലിക്കണം. വവ്വാലുകളുടെ സാംപിളുകള്‍ ശേഖരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹായം തേടിയിട്ടുണ്ട്. മണ്ണാര്‍ക്കാട് ക്ലിനിക്കിലേക്ക് മറ്റൊരു സംസ്ഥാനത്ത് നിന്ന് വന്നയാളെ കണ്ടെത്താനുണ്ട്.
പാലക്കാട് മെഡിക്കല്‍ കോളേജ് പൂര്‍ണ സജ്ജമാണ്. കോഴിക്കോട് വച്ച് മരിച്ചയാളിൽ നിപ കണ്ടെത്തിയ ഫോറന്‍സിക് സര്‍ജനെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ആരോഗ്യ മേഖലയുടെ പ്രവര്‍ത്തന വിജയമാണ് കോഴിക്കോട് കണ്ടത്. നിപ ബാധിച്ച് എല്ലാവരും മരിച്ചു എന്നത് വ്യാജമാണ്. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത് തെറ്റാണ്. മരണനിരക്ക് 33 ശതമാനമായി 2018 ല്‍ കുറയ്ക്കാന്‍ സാധിച്ചു. ലോകത്ത് തന്നെ കേരളത്തിലാണ് ഇങ്ങനെ കുറയ്ക്കാന്‍ സാധിച്ചത്. ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഇത്തരം പ്രസ്താവനകള്‍ പാടില്ലെന്നും വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

