ഐപിഎൽ ഈ സീസണിൽ ഇതുവരെ 3 ടീമുകളാണ് പ്ലേ ഓഫിലെത്തിയത്. ശേഷിച്ച ഒരു സ്ലോട്ടിനു വേണ്ടി മത്സര രംഗത്തുണ്ടായിരുന്ന മൂന്നു ടീമുകളായിരുന്നു ഡൽഹിയും മുംബൈയും ലക്നൗവും. എന്നാൽ ഇന്നലത്തെ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനു മുന്നിൽ തോൽവിയേറ്റു വാങ്ങേണ്ടി വന്നതോടെ ലക്നൗവിന്റെ പ്ലേ ഓഫ് സാധ്യതയും അവസാനിച്ചു.
ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളാണ് പ്ലേ ഓഫ് ഉറപ്പിച്ച ടീമുകൾ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകൾ പുറത്തായി. ഇനി സാധ്യതയുള്ളത് മുംബൈ ഇന്ത്യൻസിനും ഡൽഹി ക്യാപിറ്റൽസിനുമാണ്.
നിലവിൽ പോയിന്റ് ടേബേളിൽ 18 പോയിന്റുകളോടെ ഗുജറാത്താണ് ഒന്നാമത്. ഇനി രണ്ടു കളികൾ കൂടി ഗുജറാത്തിന് ബാക്കിയുണ്ട്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ ബംഗളൂരുവും പഞ്ചാബുമാണ് ഇരു ടീമുകൾക്കും 17 വീതം പോയിന്റുകളുണ്ട്. നിലവിൽ 14 പോയിന്റുള്ള മുംബൈയാണ് നാലാമതുള്ളത്. 13 പോയിന്റുമായി തൊട്ടുപുറകിൽ ഡൽഹിയുമുണ്ട്.
നാളെ നടക്കുന്ന മുംബെെ–ഡൽഹി മത്സരത്തിൽ മുംബൈ ജയിച്ചാൽ മുംബൈക്ക് പ്ലേ ഓഫിലെത്താം. കാരണം ഈ കളി ജയിച്ചാൽ മുംബൈയുടെ പോയിന്റ് 16 ആകും പിന്നെ അവസാന കളി ഡൽഹി ജയിച്ചാലും അവർക്ക് 15 പോയിന്റെ ലഭിക്കൂ. അതേ സമയം നാളത്തെ മത്സരം ഡൽഹിയാണ് ജയിക്കുന്നതെങ്കിൽ, ഡൽഹിയുടെ അവസാനത്തെ മത്സരത്തിന്റെ ഫലവും മുംബൈക്ക് നിർണായകമാകും.
നാളെ മുംബൈയെയും അവസാന കളിയിൽ പഞ്ചാബിനേയും തോല‍്പിച്ചാൽ മാത്രമേ ഡൽഹിക്ക് പ്ലേ ഓഫിലെത്താൻ സാധിക്കൂ. പോയിന്റ് നിലയിൽ മുമ്പിലുണ്ടായിരുന്ന ഡൽഹിക്ക് അവസാന ആറ് കളിയിൽ നാലിലും തോറ്റതാണ് തിരിച്ചടിയായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

