വിഴിഞ്ഞം ഓഹരി കൈമാറ്റം: സർക്കാരിന്റേത് കള്ളക്കളി, മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന വാദം അം​ഗീകരിക്കാനാവില്ലെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ

govindan master

വിഴിഞ്ഞം തുറമുഖത്തെ കുത്തകവൽക്കരിക്കാനുള്ള നീക്കത്തിനെതിരെയും കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തിയ മാറ്റങ്ങൾക്കെതിരെയും രൂക്ഷവിമർശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. വിഴിഞ്ഞം തുറമുഖം തന്ത്രപ്രധാനമായ ഒന്നാണെന്നും അത് ഒരു സ്വകാര്യ കമ്പനിക്ക് പൂർണ്ണമായി തീറെഴുതി നൽകുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖ കരാറിൽ ഒപ്പിട്ടത് ഇടതുപക്ഷ സർക്കാരല്ല, മറിച്ച് ഉമ്മൻചാണ്ടി സർക്കാരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. നിലവിൽ അദാനി ഗ്രൂപ്പ് തങ്ങളുടെ 49 ശതമാനം ഓഹരികൾ സ്വിറ്റ്സർലൻഡ് കേന്ദ്രമായുള്ള എം.എസ്.സി (MSC) എന്ന കപ്പൽ കമ്പനിക്ക് കൈമാറാൻ ശ്രമിക്കുന്നത് നിയമവിരുദ്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

3,000 കോടി രൂപ പോലും ഇതുവരെ പദ്ധതിക്കായി ചെലവാക്കാത്ത അദാനി ഗ്രൂപ്പ്, 13,000 കോടി രൂപയ്ക്കാണ് 49 ശതമാനം ഓഹരി കൈമാറ്റം ചെയ്യാൻ ഒരുങ്ങുന്നത്. കരാർ പ്രകാരം 25 ശതമാനത്തിലധികം ഓഹരി മാറ്റണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും എന്നാൽ ഇവിടെ സർക്കാരിനെ അറിയിക്കാതെയാണ് നീക്കങ്ങൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

ALSO READ: ‘യു ഡി എഫ് സർക്കാർ കോർപ്പറേറ്റുകളുടെ ലാഭക്കൊതിക്ക് കുടപിടിക്കുന്നു’; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ്

രാജ്യത്തെ ദരിദ്രരായ കോടിക്കണക്കിന് മനുഷ്യരുടെ ജീവനോപാധിയായ തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിച്ചതായി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. പദ്ധതിയുടെ പേര് ‘വി.ബി. റാംജി’ എന്ന് മാറ്റിയതിലൂടെ തൊഴിൽ നേടാനുള്ള അവകാശം എന്ന മൗലികാവകാശമാണ് ഇല്ലാതാക്കിയിരിക്കുന്നത്. മുൻപ് കേന്ദ്രം പൂർണ്ണമായി വഹിച്ചിരുന്ന പദ്ധതിയുടെ 40 ശതമാനം തുക ഇപ്പോൾ സംസ്ഥാനങ്ങൾ നൽകണമെന്ന വ്യവസ്ഥ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഇത് പദ്ധതിയെ പൂർണ്ണമായും അവതാളത്തിലാക്കുമെന്നും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും ഈ അധികബാധ്യത ഏറ്റെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരോടും ദളിത്-പിന്നോക്ക വിഭാഗങ്ങളോടുമുള്ള ബി.ജെ.പിയുടെ നികൃഷ്ടമായ നിലപാടാണ് ഇതിലൂടെ പുറത്തുവരുന്നത്. ഇതിനെതിരെ ഇന്ത്യയൊട്ടാകെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News