നവംബർ 6 ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ബിഹാറിൽ പ്രചാരണം ശക്തമാക്കി മുന്നണികൾ. നേതാക്കൾ തമ്മിൽ വാക്പോരും രൂക്ഷമാണ്. നിതീഷ് കുമാറിനെയും പ്രധാനമന്ത്രിയെയും രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചപ്പോൾ അമിത് ഷാ ലാലു പ്രസാദ് യാദവിനും സോണിയ ഗാന്ധിക്കുമെതിരെ രംഗത്ത് വന്നു.
ആദ്യഘട്ട വോട്ടെടുപ്പിലേക്ക് അടുക്കുന്ന ബിഹാറിൽ ശക്തമായ പ്രചാരണമാണ് മഹാഗഡ്ബന്ധനും എൻഡിഎ യും നടത്തുന്നത്. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ബിഹാറിൽ ക്യാമ്പ് ചെയ്താണ് പ്രചാരണം.
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയും, തേജസ്വി യാദവും ഒരുമിച്ച് റാലി നടത്തിയിരുന്നു. ഇന്നും നേതാക്കൾ റാലി നടത്തുന്നുണ്ട്. നിതീഷ് കുമാറിനെ ഉൾപ്പെടെ അതിരൂക്ഷമായി വിമർശിച്ചാണ് രാഹുൽ ഗാന്ധി പ്രചാരണം നടത്തുന്നത്. അതേസമയം മറുഭാഗത്ത് അമിത് ഷാ, ജെപി നദ്ദ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ എൻഡിഎ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
ബിജെപി നിതീഷ് കുമാറിനെ റിമോട്ട് കൺട്രോളിൽ നിയന്ത്രിക്കുന്നുവെന്നും വോട്ടിന് വേണ്ടി മോദി എന്തും ചെയ്യുമെന്നും രാഹുൽ ഗാന്ധി വിമർശിച്ചപ്പോൾ, ലാലു പ്രസാദ് യാദവിന് മകനെ മുഖ്യമന്ത്രി ആക്കണമെന്നും സോണിയ ഗാന്ധിക്ക് മകനെ പ്രധാനമന്ത്രി ആകണമെന്നുമാണ് ആഗ്രഹമെന്ന് അമിത് ഷാ തിരിച്ചടിച്ചു. അതേസമയം മുന്നണി മര്യാദ ലംഘിച്ച് സിപിഐക്കെതിരെ കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് എത്തിയേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

