ധർമ്മസ്ഥലയിലെ ഏറ്റവും പുതിയ വെളിപ്പെടുത്തലുകൾ സൗജന്യ കൊലക്കേസിലെ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരുമോ? 2012 ലാണ് ധർമസ്ഥലയിലെ വിദ്യാർത്ഥിയായ സൗജന്യ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെടുന്നത്. സിബിഐ അടക്കം അന്വേഷിച്ചെങ്കിലും മറ്റു നിരവധി കേസുകൾ പോലെ തേഞ്ഞു മാഞ്ഞു പോയി സൗജന്യ കേസ്. ഇപ്പോഴും സൗജന്യക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പോരാടുകയാണ് കുടുംബം.
നീതിക്ക് വേണ്ടി ഒരു കുടുംബം നടത്തുന്ന പോരാട്ടത്തിൻ്റെ കഥ പറയും പാങ്കളത്തെ സൗജന്യയുടെ വീട്ടിലേക്കുള്ള വഴി. നേത്രാവതിയിലെത്തി ആരെങ്കിലും സൗജന്യയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചാൽ പറഞ്ഞു കൊടുക്കുന്നതിനും ഓട്ടോറിക്ഷ വരുന്നതിനും വിലക്കുണ്ട്. ഇതിനെ മറികടക്കാനായി വഴിയിലുടനീളം കുടുംബം മകളുടെ ചിത്രം പതിച്ച് സൗജന്യയുടെ വീട്ടിലേക്കുള്ള വഴിയെന്ന് രേഖപ്പെടുത്തിയിരിക്കുകയാണ്. അനീതിക്കെതിരായ ഈ ചൂണ്ടുപലകകൾ നീതിനിഷേധത്തിനെതിരെയുള്ള ചോദ്യ ചിഹ്നങ്ങളാണ്.

പതിമൂന്ന് വർഷം മുമ്പ് കർണാടകയെ ഇളക്കിമറിച്ച കേസാണ് സൗജന്യ കൊലപാതകം. ഉജിരെ എസ്ഡിഎം കോളേജിൽ പിയുസി വിദ്യാർഥിയായിരുന്നു സൗജന്യ. 2012 ഒക്ടോബർ ഒമ്പതിന് നേത്രാവതി ഘട്ടിൽ ബസിറങ്ങി രണ്ട് കിലോമീറ്റർ അകലെയുള്ള പാങ്ങളയിലെ വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് ഒരു സംഘം സൗജന്യയെ തട്ടിക്കൊണ്ടു പോയത്.
മകളെ കാണാതെ അച്ഛൻ ചന്ദ്രപ്പ ഗൗഡയും അമ്മ കുസുമവതിയും തേടിയിറങ്ങി. പൊലീസ് സ്റ്റേഷനിലെത്തി. തെരച്ചിലിനൊടുവിൽ പിറ്റേദിവസം നേത്രാവതി ഘട്ടിനരികിലുള്ള കുറ്റിക്കാട്ടിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ സൗജന്യയുടെ മൃതദേഹം കണ്ടെത്തി. പാതി നഗ്നയായിരുന്നു. കഴുത്തിൽ കോളേജ് ഐഡി കാർഡിന്റെ ടാഗ് മുറുക്കിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നെങ്കിലും മൃതദേഹം നനഞ്ഞിരുന്നില്ല.

ക്രൂരമായ കൊലപാതകത്തിൽ അന്വേഷണം കാര്യക്ഷമമായി നടന്നില്ല. മൃതദേഹത്തിൽ നിന്ന് ശാസ്ത്രീയമായ തെളിവുകളൊന്നും പോലീസ് ശേഖരിച്ചില്ല. അന്വേഷണം എങ്ങുമെത്തിയില്ല, ധർമസ്ഥലിയിലെ തേഞ്ഞുമാഞ്ഞു പോയ അനേകം കേസുകളിൽ ഒന്നായി മാറി സൗജന്യയുടെ കേസും. നിഷേധിക്കപ്പെട്ട നീതിയുടെ വേദനയിൽ നിറിയാണ് അമ്മ കുസുമവതി ഇപ്പോഴും കഴിയുന്നത്.
നീതിക്കായ നിസഹായരായ കുടുംബത്തിന് വേണ്ടി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭമുയർത്തി. സിപിഐ എം നേതൃത്വത്തിൽ ധർമസ്ഥലയിലും മംഗളൂരുവിലും പ്രക്ഷോഭം നടത്തി. സിപിഐ എം നേതാക്കളും അഖിലേന്ത്യാ മഹിളാ അസോസിയേഷൻ നേതാക്കളുമെല്ലാം ധർമസ്ഥലയിലെത്തി കുടുംബത്തിന് പിന്തുണ അറിയിച്ചു.

ആക്ഷൻ കൗൺസിലിൻ്റെ നിയമപോരാട്ടത്തിനൊടുവിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. സമീപത്തുള്ള ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിലൊതുങ്ങി സിബിഐയുടെ അന്വേഷണം. മറ്റു കേസുകളെപ്പോലെ തെളിവില്ലാതെ അവസാനിച്ചു സൗജന്യ കേസും. ധർമസ്ഥലയിലെ പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ പ്രത്യേക അന്വേഷണ സംഘമെത്തുമ്പോൾ സൗജന്യയ്ക്ക് നീതി കിട്ടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

