ഏത് നുണക്കൂമ്പാരവും പൊളിച്ചടുക്കാന്‍ എം സ്വരാജ് എന്ന പേര് മാത്രം മതി; ദുരന്തഭൂമിയില്‍ എത്തിയില്ലെന്ന നുണ ആവിയായി; തെളിവുകള്‍ നിരത്തി സോഷ്യല്‍മീഡിയ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ ഇരിക്കപ്പൊറുതി ഇല്ലാതായത് ചില മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസ്സിനുമായിരുന്നു. ആദ്യമാദ്യം ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതായിരുന്നു എല്ലാവരുടെ പ്രശ്‌നം. എന്നാല്‍ സ്ഥാനാര്‍ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചതോടെ മിണ്ടാട്ടം മുട്ടിയ ചില മാധ്യമങ്ങളും കോണ്‍ഗ്രസ്സും നട്ടാല്‍ കുരുക്കാത്ത നുണകളുമായി രംഗത്തെത്തി.

വാട്ട്‌സാപ്പ് യൂണിവേഴ്‌സിറ്റികളില്‍ കിടന്നു പറക്കുന്ന വാര്‍ത്തകള്‍ യാഥാര്‍ത്ഥ്യമല്ലെന്ന് കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാമെന്നിരിക്കേ കുറച്ച് മാധ്യമപ്രവര്‍ത്തകര്‍ വാട്‌സാപ്പുകള്‍ പങ്കുവയ്ക്കപ്പെടുന്ന ചില കാര്യങ്ങള്‍ വാര്‍ത്തകളില്‍ വന്നിരുന്ന് ഘോരം ഘോരം പ്രസംഗിക്കുകയാണ്. എന്നാല്‍ അതില്‍ ലവലേശം സത്യമുണ്ടോ എന്ന് പോലും ചിന്തിക്കുകയോ അതിന്റെ ആധികാരികത പരിശോധിക്കുകപോലും ചെയ്യാതെ അത് ജനങ്ങളോട് വിളിച്ചുപറയുമ്പോള്‍ അതിന് പിന്നില്‍ ഒരു വികാരം മാത്രമേ ഉള്ളൂ, ഇടതുപക്ഷം വിജയിക്കരുത് എന്ന വികാരം.

അത്തരത്തിലുള്ള ഒരു പ്രധാന വ്യാജ ആരോപണമാണ് പോത്തുകല്ല് കവളപ്പാറ ദുരന്തം സംഭവിച്ചപ്പോള്‍ നാട്ടുകാരനായ സ്വരാജ് അങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടു പോലുമില്ല എന്ന പച്ചക്കള്ളം. എന്നാല്‍ നിങ്ങളോട് ഒന്നേ പറയാനുള്ളൂ..കണ്ണ് തുറന്ന് കാണൂ.. തെളിവുകള്‍ ഇതാ… കവളപ്പാറ ദുരന്ത ഭൂമിയില്‍ നിന്നുള്ള സ്വരാജിന്റെ പ്രവര്‍ത്തനങ്ങള്‍ നാടോ ജനങ്ങളോ മറന്നിട്ടില്ല.

അന്ന് സ്വരാജ് തൃപ്പൂണിത്തുറ എം.എല്‍.എയാണ്. വേണമെങ്കില്‍ അന്നയാള്‍ക്ക് ദുരന്തവിവരം ഫോണില്‍ തിരക്കി കൊച്ചി തൃപ്പുണിത്തുറയിലെ വെള്ളക്കെട്ടും പരിഹരിച്ച് അവിടെ കഴിയാമായിരുന്നു. പക്ഷെ മറ്റൊരു മണ്ഡലത്തിലെ എം എല്‍ എ ആയിട്ടു പോലും അയാള്‍ നിലമ്പൂരിലേക്ക് ഓടിയെത്തുകയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയുമായിരുന്നു. തൃപ്പൂണിത്തുറ എംഎല്‍എയും പോത്തുകല്ല് സ്വദേശിയുമായ എംസ്വരാജ് സദാസമയവും നിലമ്പൂരിലെയും, പോത്തുകല്ലിലെയും ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് പി വി അന്‍വര്‍ വരെ അന്ന് സമ്മതിച്ചിരുന്നതുമായിരുന്നു. എന്നാല്‍ അവിടെയും അവസാനിച്ചില്ല സ്വരാജിന്റെ പ്രതിബദ്ധത.

രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ദുരന്തബാധിതര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനും അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കാനും സ്വരാജ് മുന്നില്‍ തന്നെ ഉണ്ടായിരുന്നു എന്നത് കേരളം കണ്ട കാഴ്ചയാണ്. ആ കാഴ്ചയെ മറയ്ക്കാന്‍ എങ്ങനെ കഴിയാനാണ് ? ആര്‍ക്കാണ് ആ കാഴ്ചയെ മറയ്ക്കാന്‍ കഴിയുക. കള്ളംകൊണ്ടുണ്ടാക്കിയ ചെളിവെള്ളം എത്ര കോരിഒഴിച്ചാലും സത്യത്തിന്റെയും ശരിയുടേയും തിളക്കത്തിന് ഒരു മങ്ങലും ഉണ്ടാകില്ല.

കാരണം എം സ്വരാജിനെ കേരളത്തിലെ മനുഷ്യമനസുകള്‍ക്ക് അറിയാവുന്ന പോലെ മറ്റാര്‍ക്കാണ് അറിയാന്‍ കഴിയുക. നിലമ്പൂരിന്റെ പ്രിയപുത്രനെ നിലമ്പൂര്‍ ജനത നെഞ്ചിലേറ്റുമ്പോഴും അതില്‍ വിറളിപൂണ്ട ചിലര്‍ എന്തൊക്കെയോ വിളിച്ചു പറയുമ്പോഴും സ്വരാജ് തല ഉയര്‍ത്തി സാധാരണക്കാര്‍ക്കിടയില്‍ നിലമ്പൂരിന്റെ പ്രിയപുത്രനായിത്തന്നെ നിലകൊള്ളും. അതിന് എം സ്വരാജ് എന്ന പേര് തന്നെ ധാരാളമാണ്. കാരണം ആ പേരിന് പോലും കേരളത്തില്‍ ഒരു അടയാളപ്പെടുത്തല്‍ ഉണ്ട്, ആര്‍ക്കും മായ്ക്കാനോ മറക്കാനോ കഴിയാത്ത ഒരു അടയാളപ്പെടുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News