നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതുമുതല്‍ സോഷ്യല്‍ മീഡിയയിലെങ്കും തരംഗമായി മാറിയിരിക്കുകയാണ് എം സ്വരാജ്. അദ്ദേഹത്തിൻ്റെ മുൻകാല രാഷ്ട്രീയ ഇടപെടലുകള്‍, സംവാദങ്ങള്‍, പ്രസംഗങ്ങള്‍ തുടങ്ങി പോകുന്നു ആ ലിസ്റ്റ്. ഇപ്പോഴിതാ അദ്ദേഹത്തെ ഒരിക്കല്‍ അപ്രതീക്ഷിതമായി ഒരു ട്രെയിൻ യാത്രയില്‍ വെച്ച് കണ്ടതിനേയും പിന്നീട് സംസാരിച്ചതിനേയും പറ്റിയൊക്കെ അധ്യാപികയായ ഹനാന കരിമ്പിൻകണ്ടത്തില്‍ ഒരിക്കല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വീണ്ടും ചര്‍ച്ചയാകുകയാണ്. എം സ്വരാജിൻ്റെ ലാളിത്യവും സൗഹാർദവുമൊക്കെ വിളിച്ചോതുന്നതാണ് ഈ പോസ്റ്റ്.
കോടി കണക്കിന് മലയാളികൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാഗ്മിത, ചിന്താശേഷിയുടെയും ബൗദ്ധിക പാടവത്തിന്റെയും മറുവാക്ക്,
ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങളിലെ ലക്ഷ കണക്കിന് പ്രവർത്തകരുടെ
അണയാത്ത ആവേശം, അങ്ങിനെയൊക്കെയുള്ള ഒരു മനുഷ്യനാണ് ഇത്രയും ലളിതമായി സംസാരിച്ചതെന്നും ഇടപെട്ടതെന്നും വിശ്വസിക്കുക വയ്യ എന്നാണ് ആ അപ്രതീക്ഷിത കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അധ്യാപിക കുറിച്ചത്. ആളുകൾ എന്ത് കൊണ്ടാണ് ഇടതുപക്ഷത്തേക്ക് ആകർഷിക്കപ്പെടുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരമായി അദ്ദേഹം എപ്പോഴും മുന്നിലുണ്ടെന്നും ഹനാന പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. ഈ പോസ്റ്റാണ് ഇപ്പോള്‍ വീണ്ടും വൈറല്‍ ആയിരിക്കുന്നത്.
ഹനാന കരിമ്പിൻകണ്ടത്തിലിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണരൂപം:
ഔദ്യോഗിക ആവശ്യങ്ങൾക്ക് അധ്യാപകരായ സുഹൃത്തുക്കളുടെ കൂടെ തിരുവനന്തപുരത്തു പോയി
മടങ്ങി വരുന്ന വഴി ഇന്നലെ വൈകുന്നേരം…
രാജ്യ റാണി എക്സ്പ്രസ്സിന്റെ കമ്പാർട്മെന്റിൽ കയറിയപ്പോൾ സീറ്റിൽ പരിചിതമായ ഒരു മുഖം.
“സ്വരാജിനെ പോലെ തന്നെ ഉള്ള ഒരാൾ” എന്ന് സുഹൃത്തിനോട് പറയുമ്പോൾ അദ്ദേഹത്തെ പോലെ വലിയൊരു നേതാവ് ഇങ്ങിനെ സാധാരണ കമ്പാർട്മെന്റിൽ ഉണ്ടാവില്ലല്ലോ എന്ന ഉറച്ച ധാരണയിലായിരുന്നു ഞാൻ.
കുറച്ചു സമയം കഴിഞ്ഞു ടിടിആർ വന്നു അദ്ദേഹത്തോട് സംസാരിക്കുന്നത് കേട്ടപ്പോൾ ആണ് അത് സഖാവ് സ്വരാജ് തന്നെയാണെന്ന് ഉറപ്പിച്ചത്.
പിന്നെ അങ്ങോട്ട് കയറി സംസാരിച്ചു,പരിചയപ്പെട്ടു.
സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ,
കോടി കണക്കിന് മലയാളികൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാഗ്മിത,
ചിന്താശേഷിയുടെയും ബൗദ്ധിക പാടവത്തിന്റെയും മറുവാക്ക്,
ഇടതുപക്ഷ യുവജന പ്രസ്ഥാനങ്ങളിലെ
ലക്ഷ കണക്കിന് പ്രവർത്തകരുടെ
അണയാത്ത ആവേശം,
അങ്ങിനെയൊക്കെയുള്ള ഒരു മനുഷ്യനാണ് ഇത്രയും ലളിതമായി സംസാരിച്ചതെന്നും ഇടപെട്ടതെന്നും ഇപ്പോഴും വിശ്വസിക്കുക വയ്യ.
അഭിവാദ്യങ്ങൾ പ്രിയ സഖാവെ,
ആളുകൾ എന്ത് കൊണ്ടാണ് ഇടതുപക്ഷത്തേക്ക്
ആകർഷിക്കപ്പെടുന്നത്,
എന്ന ചോദ്യത്തിന്റെ ഉത്തരമായി സഖാവിപ്പോൾ എനിക്ക് മുന്നിലുണ്ട്,
തുടരുക വിസ്മയിപ്പിച്ച ആ ലാളിത്യവും,
അപരിചിതരായ മനുഷ്യരോട് പോലും പുലർത്തുന്ന അപാരമായ
സ്നേഹ സൗഹാർദ്ധവും..!
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

