പാലക്കാട് ജില്ലയിൽ രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവന തിരുത്തി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി വി റോഷ്. രണ്ട് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയാണ് മണിക്കൂറുകള്‍ക്കകം തിരുത്തേണ്ടിവന്നത്. പാലക്കാട് ഓങ്ങല്ലൂർ, ലക്കിടി പേരൂർ സ്വദേശികൾക്ക് കോളറ ഉള്ളതായി സംശയമുണ്ടായിരുന്നുവെന്നും പരിശോധനയിൽ ഇരുവർക്കും കോളറ ഇല്ലെന്ന് സ്ഥിരീകരിച്ചുവെന്നായിരുന്നു ഡിഎംഒ പറഞ്ഞത്.
വെള്ളിയാഴ്ച പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചുവെന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരൻ അൽപം മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞത്. ഇതിനെ തള്ളിക്കൊണ്ടാണ് പാലക്കാട് ഡിഎംഒ രംഗത്തെത്തിയത്. ഡിഎംഒയുടെ പ്രസ്താവന വന്നതിൻ്റെ തൊട്ടുപിന്നാലെ തിരുത്തലുമായി ആരോഗ്യവകുപ്പിൻ്റെ പ്രതികരണം എത്തി. രണ്ട് പേർക്ക് കോളറ ലക്ഷണം മാത്രമാണെന്നും മൈക്രോബയോളജി ലാമ്പിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് ആണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസവും ഇത്തരത്തിൽ ആശയക്കുഴപ്പം ആയിരുന്നു മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അന്ന് നിപ സ്ഥിരീകരിച്ചത് മന്ത്രി അറിഞ്ഞിരുന്നില്ല. ഇന്ന് സ്ഥിരീകരിക്കാത്ത കോളറ ആയി വിഷയം. എന്നാൽ ആ വിഷയത്തിൽ കളക്ടറെ പഴിചാരുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. കളക്ടർക്ക് പരിചയക്കുറവ് ഉണ്ടായിട്ടുണ്ടെന്നും വാർത്താ സമ്മേളനത്തിന് ശേഷമാണ് തന്നെ കാര്യങ്ങൾ അറിയിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അഞ്ചുമണിക്ക് കളക്ടറുമായി സംസാരിച്ചിട്ടാണ് താൻ വാർത്ത സമ്മേളനം നടത്തിയതെന്നും അതുവരെ പൂനെയിൽ നിന്നുള്ള റിപ്പോർട്ട് വന്നിട്ടില്ലെന്നും മുരളീധരൻ പറയുന്നു. വാർത്താ സമ്മേളനത്തിന് ശേഷമാണ് തന്നെ കളക്ടർ കാര്യങ്ങൾ അറിയിച്ചതെന്നും കളക്ടർക്ക് റിപ്പോർട്ട് കിട്ടുമ്പോൾ മന്ത്രിയെ അറിയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

