‘നേമത്ത് SDPIയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ല; രാഷ്ട്രീയമായി ഞങ്ങളോട് യോജിപ്പില്ലാത്ത ആളുകൾ BJPയെ പരാജയപ്പെടുത്താൻ ഞങ്ങൾക്ക് വോട്ട് ചെയ്തിട്ടുണ്ടാകാം, അത് ഏതെങ്കിലും ഒരു ധാരണയുടെ ഭാഗമല്ല’; മുഖ്യമന്ത്രി

CM Pinarayi Vijayan

തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുടെ സഹായം തേടിയെന്ന ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി. നേമത്ത് എൽഡിഎഫ് എസ്ഡിപിഐയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും, വി. ശിവൻകുട്ടി നേരിട്ട് സഹായം അഭ്യർത്ഥിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി ജയിക്കരുത് എന്ന് ആഗ്രഹിക്കുന്ന നിരവധി ശക്തികൾ കേരളത്തിലും രാജ്യത്തുമുണ്ട്. രാഷ്ട്രീയമായി എൽഡിഎഫിനോട് യോജിപ്പില്ലാത്തവർ പോലും ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടാകാം. ബിജെപിയെ പരാജയപ്പെടുത്താൻ എൽഡിഎഫ് ആണ് ശരിയായ ബദൽ എന്ന് തോന്നുന്നത് കൊണ്ടാണ് ജനങ്ങൾ ഇത്തരത്തിൽ വോട്ട് ചെയ്യുന്നത്. ഇത് ഏതെങ്കിലും തരത്തിലുള്ള രഹസ്യ ധാരണയുടെ ഭാഗമല്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ALSO READ: ‘എങ്ങനെ കാര്യങ്ങൾ വക്രീകരിക്കാം എന്നതാണ് ഇന്നലെ കണ്ടത്; എന്റെ മുന്നിൽ വന്ന ചോദ്യങ്ങൾക്കാണ് മറുപടി പറഞ്ഞത്’; മനസിലുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി

വർഗീയതയുമായി ഒരു ഘട്ടത്തിലും എൽഡിഎഫ് വിട്ടുവീഴ്ച ചെയ്യില്ല. എൽഡിഎഫിന്റേത് എന്നും കടുത്ത വർഗീയ വിരുദ്ധ നിലപാടാണ്. ഈ നിലപാടിൽ ഉറച്ചു നിൽക്കുന്നത് കൊണ്ടാണ് കഴിഞ്ഞ പത്തു വർഷമായി കേരളം വർഗീയ കലാപങ്ങളില്ലാത്ത നാടായി നിലനിൽക്കുന്നത്. അതേസമയം രാഹുൽ ഗാന്ധിക്കുള്ള മറുപടി കേരളത്തിലെ ജനങ്ങൾ നൽകിക്കഴിഞ്ഞുവെന്നും, എങ്ങനെയാണ് സ്വർണം കട്ടവരൊക്കെ സ്വന്തം വീട്ടിലെത്തിയത് എന്ന് ആലോചിച്ചാൽ മതി എന്നും അദ്ദേഹം പരിഹസിച്ചു.

സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ഓരോരുത്തർക്കും ഓരോ അഭിപ്രായമാണല്ലോ പറയാനുണ്ടാവുകയെന്നും മുഖ്യമന്ത്രി തുടർന്നു പറഞ്ഞു. വർഗീയ ശക്തികളുടെ വോട്ട് വേണ്ട എന്നതാണ് തങ്ങളുടെ നിലപാട്. നമ്മുടെ നാട്ടിൽ ഏറ്റവും വലിയ ആപത്ത് വിതച്ച ഭൂരിപക്ഷ വർഗീയതയെ എല്ലാ കാലത്തും എതിർത്തു നിന്നവരാണ് ഇടതുപക്ഷം. ന്യൂനപക്ഷ സംരക്ഷണം ഉറപ്പു വരുത്തുന്ന നടപടികൾ ഞങ്ങൾ സ്വീകരിച്ചു. എന്നാൽ ഞങ്ങൾ ഭൂരിപക്ഷ വർഗീയതയെ താലോലിക്കുന്നവരാണ് എന്ന് വരുത്തി രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. മുൻപ് ഇടതുപക്ഷത്തോട് വലിയ ആഭിമുഖ്യം ഇല്ലാതിരുന്ന ന്യൂനപക്ഷം, പിന്നീട് ഞങ്ങളുടെ നിലപാടുകൾ കണ്ട് ആഭിമുഖ്യമുള്ളവരായി മാറി.

എങ്ങനെയെങ്കിലും ഇടതുപക്ഷത്തെക്കുറിച്ച് തെറ്റായ ചിത്രം വരച്ചു കാട്ടാനാണ് വലതുപക്ഷക്കാർ ചിന്തകൾ. ഇത്തരം പ്രചരണങ്ങൾ ഞങ്ങളെ ഏശില്ല. പാലക്കാട്ടെ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വീകരിച്ച നിലപാട് മറന്നുവോ? അവിടെ അവർ ‘ചങ്ങായിമാർ’ ആയിരുന്നു. മാധ്യമങ്ങൾ ആഗ്രഹിക്കുന്ന ഉത്തരം ലഭിക്കാത്തതിന്റെ വേവലാതിയാണ് ഇപ്പോൾ കാണുന്നത്. ഒരു പുകമറയും ഞങ്ങളെ ബാധിക്കില്ല. ഏതെങ്കിലും വർഗീയ ശക്തിയെ ചാരി നിൽക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല. ഞങ്ങളുടെ മേൽ അത്തരത്തിൽ ഒന്നും ചാർത്താമെന്ന് ആരും കരുതേണ്ട.
സീറ്റിന് കോഴ നൽകിയ വിഷയത്തിൽ എന്തുകൊണ്ട് എഐസിസി മറുപടി നൽകുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഏറ്റവും വലിയ അധപതനമാണ്. തെളിവുകളോടെയാണ് താൻ സംസാരിക്കുന്നത്. വക്താക്കൾക്ക് ഒന്നും പറയാനില്ലാത്തതും മൗനം തുടരുന്നതും കുറ്റം തെളിയുന്നതിന് തുല്യമാണ്. പ്രതിപക്ഷ നേതാവിനെ ഫേസ്ബുക്കിലൂടെ സംവാദത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം അതിന് തയ്യാറല്ലെന്ന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഡീൽ വിവാദങ്ങളിൽ ചിലർ മുൻകൂട്ടി കാര്യങ്ങൾ തീരുമാനിച്ചു വന്നിരിക്കുകയാണ്. ആർഎസ്എസിനോടും ബിജെപിയോടും കോൺഗ്രസ് ഒത്തുചേർന്ന ചരിത്രം എല്ലാവർക്കും അറിയാവുന്നതാണ്. പഴയ മൃദു ഹിന്ദുത്വ നിലപാടാണ് കോൺഗ്രസ് ഇപ്പോഴും സ്വീകരിക്കുന്നത്. ഇത്തരം പുകമറ സൃഷ്ടിക്കാനുള്ള നീക്കങ്ങളൊന്നും തങ്ങളെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News