
ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പ്രതികരണം നടത്തി. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ പൊലീസ് ക്രൂരമായ അതിക്രമങ്ങൾ അഴിച്ചുവിട്ട് ദിവസങ്ങൾ പിന്നിട്ട ശേഷമാണ് പ്രധാനമന്ത്രി ഇപ്പോൾ മൗനം വെടിഞ്ഞിരിക്കുന്നത്.
പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനായി രാജ്യത്ത് അതിവേഗ കോടതികൾ (Fast-track courts) സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കുറ്റക്കാർക്കെതിരെ വേഗത്തിലും കർശനമായും ശിക്ഷാ നടപടികൾ ഉറപ്പാക്കുമെന്നും, ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “യുവാക്കളുടെ ക്ഷേമവും ഭാവിയും സംരക്ഷിക്കുന്നതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊന്നുമില്ല” എന്നാണ് മോദി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
പ്രധാനമന്ത്രിയുടെ പ്രതികരണം വന്നെങ്കിലും സമരക്കാരുടെ പ്രധാന ആവശ്യങ്ങളോട് അദ്ദേഹം ഇപ്പോഴും മൗനം തുടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി, സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമം, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരായ നടപടി തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം ഒരക്ഷരം മിണ്ടിയിട്ടില്ല. വിദ്യാർഥികളോട് മാപ്പുപറയണമെന്നോ അവരുമായി ചർച്ച നടത്തണമെന്നോ ഉള്ള ആവശ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചിട്ടില്ല.
ജന്തർ മന്തറിൽനിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിച്ചിരുന്നു. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

