
ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിലെ മുഖ്യ ആസൂത്രക ലിവിയ ജോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നാലുമണിക്കൂർ നേരം ചോദ്യം ചെയ്തതിനുശേഷം ആണ് ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈകിട്ട് 4 മണിയോടെ മജിസ്ട്രേറ്റ് മുമ്പാകെ ലിവിയയെ ഹാജരാക്കും. ശനിയാഴ്ച രാത്രി 11:30 ഓട് കൂടിയാണ് ലിവിയയെ നാട്ടിലെത്തിച്ചത്.
മുംബൈ വിമാനത്താവളത്തിൽ നിന്നാണ് ലിവിയ കഴിഞ്ഞ ദിവസം പിടിയിലായത്. ദുബായിൽ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു നീക്കം. ഇതിനിടയിലാണ് എസ്ഐടി ലിവിയയെ പിടികൂടിയത്.കേസിലെ മുഖ്യപ്രതി തൃപ്പൂണിത്തുറ എരൂർ സ്വദേശി എം എൻ നാരായണദാസിനെ ബാംഗ്ലൂരിൽ നിന്ന് നേരത്തെ പിടികൂടിയിരുന്നു. നാരായണദാസ് നിലവിൽ റിമാൻഡിൽ തുടരുകയാണ്. കുടുംബ വഴക്കിനെ തുടർന്ന് ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരിയായ ലിവിയ ആണ് ഷീലയെ വ്യാജ ലഹരി കേസിൽ കുടുക്കിയത്.
2023 മാർച്ച് 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് എൽഎസ്ഡി സ്റ്റാമ്പുകളെന്ന് സംശയിക്കുന്ന 0.160 ഗ്രാം വസ്തുക്കൾ എക്സൈസ് പിടിച്ചെടുത്തത്. തുടർന്ന് ഇവർ 72 ദിവസം ജയിലിലായിരുന്നു. എന്നാൽ, രാസപരിശോധനയിൽ മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്തിയില്ല. ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കി. തുടർന്ന് കേസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here