മദ്രസ അധ്യാപക സംഘടനയുടെ തലപ്പത്ത് നിന്ന് നദ്‌വിയെ നീക്കല്‍: ലീഗ് അനുകൂല ചേരിക്കെതിരെ സമസ്തയുടെ ശക്തമായ സന്ദേശം

samastha-vs-iuml

സമസ്തയുടെ പ്രധാന പോഷക സംഘടനയും മദ്രസ അധ്യാപക കൂട്ടായ്മയുമായ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഡോ. ബഹാഉദ്ദീന്‍ നദ്‌വിയെ പുറത്താക്കിയതിലൂടെ ലീഗ് അനുകൂല ചേരിക്കെതിരെ നടപടികൾ ശക്തമായി. സമസ്തയിലെ പ്രധാന ലീഗ് അനുകൂല നേതാവാണ് നദ്‌വി. നേരത്തേ, സമസ്തക്കെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇതോടെ, ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ ഖാസി ഫൗണ്ടേഷനിൽ തുടങ്ങിയ പോര് സി ഐ സിയും ആദൃശ്ശേരി ഹക്കീം ഫൈസിയും കടന്ന് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം മലപ്പുറം ചേളാരിയില്‍ ചേർന്ന ജനറല്‍ ബോഡി യോഗത്തിലാണ് പ്രസിഡന്റ് ആയിരുന്ന നദ്‌വിയെ മാറ്റിയത്. എതിർചേരിയിലെ ശക്തനായ നേതാവ് വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസിയെയാണ് പുതിയ പ്രസിഡന്റ് ആയി തെരഞ്ഞെടുത്തത്. കമ്മിറ്റിയിലുള്ള ലീഗ് നേതാവ് എം സി മായിൻ ഹാജി ഇതിനെതിരെ യോഗത്തിൽ നിലപാട് സ്വീകരിച്ചെങ്കിലും വിലപ്പോയില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ട് പേരുകളാണ് പ്രധാനമായും അംഗങ്ങൾ ഉയർത്തിയത്. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിയുടെ പേര് പറഞ്ഞപ്പോൾ തന്നെ ജനറൽ ബോഡി അംഗങ്ങൾ ഒന്നടങ്കം അനുകൂലിച്ചു. പിന്നീട് ബഹാഉദ്ദീന്‍ നദ്‌വിയുടെ പേര് പരാമര്‍ശിച്ചപ്പോള്‍ മായിന്‍ ഹാജി മാത്രമാണ് പിന്തുണച്ചത്.

Read Also: മ‍ഴ…പെ‍രു‍മ‍ഴ; ഇന്ന് എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസിയെ സംഘടനയിലെ ലീഗുവിരുദ്ധനായാണ് ലീഗനുകൂലികൾ കാണുന്നത്. മദ്രസ അധ്യാപക സംഘടന കൂടി ഔദ്യോഗിക പക്ഷത്തിൻ്റെ കൈകളിലേക്ക് വന്നതോടെ പ്രധാന സംഘടനകളെല്ലാം ഇവരുടെ വരുതിയിലായി. വിദ്യാര്‍ഥി സംഘടനയായ എസ് കെ എസ് എസ് എഫും യുവജന സംഘടനയാ സുന്നി യുവജന സംഘടനയും നേരത്തേ ഔദ്യോഗികപക്ഷത്താണ്. മലപ്പുറത്ത് സ്വാധീനമുള്ള സുന്നി മഹല്ല് ഫെഡറേഷന്‍ മാത്രമാണ് ലീഗ് അനുകൂല നിലപാടിലുള്ളത്.

സംഘടനയെ വരുതിയിലാക്കാനുള്ള ലീഗിൻ്റെ സമീപനത്തിനെതിരെ ശക്തമായ സന്ദേശങ്ങളാണ് ഇതിലൂടെ സമസ്ത നൽകുന്നത്. സ്വന്തം അസ്തിത്വം ഉയർത്തിപ്പിടിക്കണമെന്ന് സമസ്തയിൽ കാലങ്ങളായി ഉയരുന്ന ആവശ്യമാണ്. സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമസ്ത പ്രസിഡൻ്റായതോടെ ഈയൊരു നിലപാടിലൂടെയാണ് സംഘടന മുന്നോട്ടുപോകുന്നത്. സമസ്തയുടെ സ്ഥാപനമാണെങ്കിലും നിലവിൽ ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള കമ്മിറ്റി ഭരിക്കുന്ന പട്ടിക്കാട് ജാമിയ നൂരിയ്യ അറബിക് കോളേജിൽ നിന്ന് നിന്ന് മുശാവറ (പണ്ഡിത സഭ) അംഗമായ അസ്ഗറലി ഫൈസിയെ പുറത്താക്കിയതിനെതിരെ ശക്തമായ നിലപാട് സംഘടന സ്വീകരിച്ചിരുന്നു. പെരിന്തൽമണ്ണയിൽ വലിയ പ്രതിഷേധ സംഗമം തന്നെ സംഘടിപ്പിച്ചു. ഇതിനെതിരെ ജാമിയ നൂരിയ്യയിൽ എതിർചേരി പൈതൃക സംഗമവും നടത്തി. അസ്ഗറലി ഫൈസിയെ തിരിച്ചെടുക്കണമെന്ന് സമസ്ത ആവശ്യപ്പെടുകയും ചെയ്തു.

ഈയടുത്ത്, ലീഗ് നേതാക്കളെ ഉൾപ്പെടുത്താതെ കേരളത്തിലെ സുന്നി സംഘടനകൾ (ഇ കെ, എ പി, ദക്ഷിണ കേരള, സംസ്ഥാന) വഖഫ് ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരുന്നു. ജിഫ്രി തങ്ങൾ പരിപാടിയെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയും മറ്റൊരു പ്രധാന നേതാവ് മുക്കം ഉമർ ഫൈസി പ്രസംഗിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, സാദിഖലി തങ്ങൾക്കെതിരെ രംഗത്തുവന്നുവെന്ന് ആരോപിച്ച് മുക്കം ഉമർ ഫൈസിക്കെതിരെ നടപടി സ്വീകരിക്കണമെന്ന ലീഗിൻ്റെയും സമസ്തയിലെ ലീഗനുകൂല നേതാക്കളുടെയും ആവശ്യവും ഇതുവരെ സംഘടന മുഖവിലക്കെടുത്തിട്ടുമില്ല. ഉമർ ഫൈസിക്കെതിരെ നടപടിയെടുക്കണമെന്ന് ഈയടുത്തും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എം പി മുസ്തഫല്‍ ഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍ തുടങ്ങിയ ലീഗനുകൂല നേതാക്കളും ആവശ്യപ്പെട്ടിരുന്നു. സംഘടനാ വിരുദ്ധ നടപടികളുടേ പേരിൽ ജാമിയ നൂരിയ്യയിലെ മറ്റ് രണ്ട് അധ്യാപകർക്കെതിരെ സമസ്ത നടപടി സ്വീകരിക്കുകയും ചെയ്തു. നേരത്തേ, ജിഫ്രി തങ്ങളെ വിമർശിച്ച മുസ്തഫൽ ഫൈസിക്കെതിരെയും സമസ്ത നടപടി സ്വീകരിച്ചിരുന്നു. ഇതെല്ലാം ലീഗിനെ ഏറെ വിറളി പിടിപ്പിച്ചതാണ്.


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News