
സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ പരസ്യ പ്രസ്താവന നടത്തിയ എം പി മുസ്തഫല്‍ ഫൈസിക്ക് സസ്പെന്‍ഷൻ, മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾ പ്രസിഡൻ്റായ സിഐസിയെ ബഹിഷ്‌കരിച്ചുകൊണ്ടുള്ള നിലപാട് തുടരുക എന്നിവക്ക് പരമോന്നത കൂടിയാലോചനാ സമിതിയായ മുശാവറ തീരുമാനമെടുത്തതിലൂടെ പൊളിഞ്ഞത് സമസ്ത- മുസ്ലിം ലീഗ് വെടിനിർത്തൽ. സാദിഖലി തങ്ങളുടെ ഖാസിസ്ഥാനത്തെ വിമർശിച്ച മുക്കം ഉമർ ഫൈസിയും സമാന നിലപാടുള്ള അഞ്ചോളം പേരും പരസ്യമായി മാപ്പ് പറഞ്ഞതിനെ തുടർന്നാണ് വെടിനിർത്തൽ വന്നിരുന്നത്. എന്നാൽ, ഇതിനിടക്ക് സമസ്ത മുശാവറ യോഗം കഴിഞ്ഞ ഡിസംബറിൽ എടുത്ത സിഐസി ബഹിഷ്കരണം സാദിഖലി തങ്ങൾ തന്നെ കാറ്റിൽപറത്തുകയും സിഐസി സമ്മേളനത്തിന് നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തിരുന്നു.
ഒരുപടി കൂടി കടന്ന്, പുതിയ പ്രത്യയശാസ്ത്രമാണ് സിഐസി മുന്നോട്ടുവെക്കുന്നതെന്നും സാദിഖലി തങ്ങൾ പറഞ്ഞിരുന്നു. ഇതെല്ലാം സമസ്തയെ കൊഞ്ഞനംകുത്തുന്ന നിലപാടായിരുന്നു. മാത്രമല്ല, സമസ്തയുടെ പ്രഖ്യാപിത ആശയാദർശങ്ങളെ കാറ്റിൽപറത്തി ജമാഅത്തെ ഇസ്ലാമിയുടെ സകാത്ത് സമാഹരണത്തിനും മുജാഹിദ്- തബ്ലീഗ് ജമാഅത്ത് പരിപാടികളിലും മറ്റും സജീവമായി പങ്കെടുക്കുകയും ചെയ്തു. സമസ്ത യുവജന സംഘടനയായ എസ് വൈ എസിൻ്റെ പ്രസിഡൻ്റും ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ ട്രഷററും കൂടിയാണ് സാദിഖലി തങ്ങൾ.
Read Also: കടലിൽ മാത്രമൊതുങ്ങാതെ വിഴിഞ്ഞം; ഒരുങ്ങുന്നത് വിദേശ മാതൃകയിൽ വ്യവസായ ഇടനാഴി
ഇതിനിടെയാണ് സാദിഖലി തങ്ങൾ പങ്കെടുത്ത മലപ്പുറത്തെ എസ്എംഎഫ് വേദിയിൽ മുസ്തഫൽ ഫൈസി ജിഫ്രി മുത്തുക്കോയ തങ്ങളെ പരിഹസിച്ചും വിമർശിച്ചും രംഗത്തെത്തിയത്. വണ്ടിയില്‍ വൈകിക്കയറിയവരല്ല ദിശ നിര്‍ണയിക്കേണ്ടതെന്നായിരുന്നു പരിഹാസം. അവര്‍ പറയുന്നിടത്തേക്കാണ് വണ്ടി വിടേണ്ടതെന്ന് പറഞ്ഞ മുസ്തഫല്‍ ഫൈസി, ലീഗിനെ പിന്തുണച്ചില്ലെങ്കില്‍ ഇ കെ സമസ്തക്ക് ഒന്നും ചെയ്യാനാകില്ലെന്നും പ്രസംഗിച്ചു. ഇതിനുപുറമെ, തബ്ലീഗ് പ്രവര്‍ത്തകന് ജിഫ്രി തങ്ങള്‍ മയ്യത്ത് നിസ്‌കരിച്ചു, വനിതാ മാധ്യമ പ്രവര്‍ത്തകക്ക് അഭിമുഖം അനുവദിച്ചു തുടങ്ങിയ ആരോപണങ്ങള്‍ മുസ്തഫല്‍ ഫൈസി വാട്‌സാപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു.
ഇവയുടെ പശ്ചാത്തലത്തിലാണ് സസ്പെൻഷൻ നടപടി. തീരുമാനത്തില്‍ പ്രതിഷേധിച്ച് ലീഗ് അനുകൂല മുശാവറ അംഗം ബഹാഉദ്ദീന്‍ നദ്‌വി ഉള്‍പ്പെടെയുള്ളവര്‍ യോഗം ബഹിഷ്‌കരിച്ചു. ഇതിന് ശേഷം നടന്ന സമസ്ത വാര്‍ഷിക സമ്മേളന സ്വാഗത സംഘം യോഗം സാദിഖലി തങ്ങളും എംസി മായിൻഹാജിയും ബഹാഉദ്ദീന്‍ നദ്‌വിയും അടക്കമുള്ളവർ ബഹിഷ്കരിക്കുകയും ചെയ്തു. സസ്പെൻഷനിലൂടെ ശക്തമായ താക്കീതാണ് സമസ്ത ലീഗിന് നൽകുന്നത്. ആശയാദർശങ്ങളിൽ യാതൊരു വിട്ടുവീഴ്ചയില്ലെന്നും ലീഗിൻ്റെ ചൊൽപ്പടിക്ക് നിൽക്കാൻ തത്കാലം സന്നദ്ധമല്ലെന്നും സമസ്ത വരികൾക്കിടയിൽ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here