
സ്കൂട്ടര്‍ തട്ടിപ്പു കേസില്‍ മുഖ്യ പ്രതി അനന്തുകൃഷ്ണനെ കുടുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ച അജ്ഞാത പരാതി. മൂവാറ്റുപുഴയിലെ തട്ടിപ്പുവിവരം ചൂണ്ടിക്കാട്ടിയുള്ള പരാതിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സമയബന്ധിതമായി ഇടപെട്ടതോടെയാണ് കോടികളുടെ തട്ടിപ്പ് നടത്തിയ പ്രതി പൊലീസ് വലയിലായത്. കൂടുതല്‍ പേരെ തട്ടിപ്പിനിരയാക്കാനുള്ള അനന്തുകൃഷ്ണന്‍റെ നീക്കവും ഇതോടെ പൊളിക്കാനായി.
മൂന്നുമാസം മുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു അജ്ഞാത പരാതി ലഭിക്കുന്നത്. സ്ത്രീകള്‍ക്ക് പകുതി വിലയ്ക്ക് ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശിയായ അനന്തുകൃഷ്ണന്‍റെ നേതൃത്വത്തില്‍ കോടികളുടെ തട്ടിപ്പ് നടക്കുന്നുവെന്നായിരുന്നു പരാതി. മൂവാറ്റുപുഴയില്‍ നിന്നുള്ള നിരവധിപേരെ ഇയാള്‍ പണം വാങ്ങി കബളിപ്പിച്ചുവെന്നായിരുന്നു പരാതി.
പ്രശ്നത്തില്‍ ഇടപെട്ട മുഖ്യമന്ത്രി പരാതി അന്വേഷിക്കാന്‍ മൂവാറ്റുപുഴ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. വിവിധ സൊസൈറ്റികള്‍ വഴി ഇയാള്‍ കോടികള്‍ പിരിച്ചെടുത്തതായി പൊലീസിന് വ്യക്തമായി. തുടര്‍ന്ന് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ പ്രതി അനന്തുകൃഷ്ണനെ പിടികൂടുകയായിരുന്നുവെന്ന് ആലുവ റൂറല്‍ എസ്പി വൈവഭ് സക്സേന പറഞ്ഞു.
മൂവാറ്റുപുഴ സോഷ്യോ ഇക്കണോമിക് ഡവലപ്പ്മെന്റ് സൊസൈറ്റിയിലെ അംഗങ്ങളിൽ നിന്ന് 7.59 കോടി രൂപ തട്ടിച്ചതിനാണ് അനന്തു കൃഷ്‌ണൻ അറസ്‌റ്റിലായത്. സൊസൈറ്റി ഭാരവാഹികൾ നൽകിയ പരാതിയിലായിരുന്നു അറസ്‌റ്റ്. ഇതിനു പിന്നാലെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ അനന്തുകൃഷ്ണനെതിരെ പരാതിപ്രവാഹമായിരുന്നു. ഏതാണ്ട് 1000 കോടിയില്‍പ്പരം രൂപയുടെ തട്ടിപ്പ് ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിലെ കണ്ടെത്തല്‍. ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും പൊലീസ് മരവിപ്പിച്ചു കഴിഞ്ഞു. ഇതിനിടെ അനന്തുകൃഷ്ണന്‍റെ ബിജെപി കോണ്‍ഗ്രസ് ബന്ധം പുറത്തുവരികയും ചെയ്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here