അതിർത്തിയിലെ സംഘർഷം ഉണ്ടായ സമയത്ത് പല സംഘപരിവാർ പ്രൊഫൈലുകളിൽ നിന്നും അടിസ്ഥാന രഹിതമായ കഥകൾ പടച്ചുവിട്ടതിനെ വിമർശിച്ച് മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബ്. പാകിസ്‌താന്റെ ആണവായുധ കേന്ദ്രമായ കിരാന ഹിൽസ് തകർന്നു എന്നും അവിടെയുണ്ടായിരുന്ന ആണുവായുധങ്ങളെല്ലാം നിർവീര്യമാക്കി എന്നും ചിലതൊക്കെ പൊട്ടി എന്നും അവിടെ ഭൂമി കുലുക്കമുണ്ടായി എന്നും അവിടെയുണ്ടായ അണുവികിരണം പഠിക്കാൻ അമേരിക്കൻ സായിപ്പ് പെട്ടിയുമായി പുറപ്പെട്ടിട്ടുണ്ടെന്നും ഒക്കെ ചില പ്രൊഫൈലുകൾ കഥകൾ മെനഞ്ഞിരുന്നു. എന്നാൽ മിത്രങ്ങളെ നിങ്ങളുടെ രീതിയല്ല സൈന്യത്തിന്. വ്യോമസേനയുടെ ഓപ്പറെഷൻസ് ഡയറക്ടർ ജനറൽ ഇന്ന് പത്രസമ്മേളനത്തിൽ കൃത്യമായ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഇല്ലാത്ത കഥകൾ പറഞ്ഞ് നാടിനെ നാറ്റിക്കരുത് എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.
Also read: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :
പണ്ഡിറ്റ് നെഹ്രുവുവിനെയും പ്രതിപക്ഷ നേതാക്കളെയും പഹല്ഗാമിൽ കൊല്ലപ്പെട്ട മനുഷ്യരുടെ ഭാര്യമാരെയും തുടങ്ങി ഫോറിൻ സെക്രട്ടറിയേയും പറ്റിയൊക്കെ കഥകളുണ്ടാക്കുന്ന അതേ ലാഘവത്തിൽ ഇന്ത്യൻ സൈന്യത്തെക്കുറിച്ചു കഥകളുണ്ടാക്കുന്ന മിത്രങ്ങൾ പൊടിക്കടങ്ങണം.
ഇന്ത്യൻ ആക്രമണത്തിൽ പാകിസ്‌താന്റെ ആണവായുധ കേന്ദ്രമായ കിരാന ഹിൽസ് തകർന്നു എന്നും അവിടെയുണ്ടായിരുന്ന ആണുവായുധങ്ങളെല്ലാം നിർവീര്യമാക്കി എന്നും ചിലതൊക്കെ പൊട്ടി എന്നും അവിടെ ഭൂമി കുലുക്കമുണ്ടായി എന്നും അവിടെയുണ്ടായ അണുവികിരണം പഠിക്കാൻ അമേരിക്കൻ സായിപ്പ് പെട്ടിയുമായി പുറപ്പെട്ടിട്ടുണ്ടെന്നും….
അങ്ങിനെ മിത്രപാണന്മാർ വടക്കൻ പാട്ട് കഥകൾ പാടി മെഴുകി നടക്കുകയാണ്.
ഇക്കാര്യമൊന്നും തങ്ങൾ അറിഞ്ഞില്ലെന്നും ഇന്ത്യ കിരാന ഹിൽസിനെ ആക്രമിച്ചില്ലെന്നും വ്യോമസേനയുടെ ഓപ്പറെഷൻസ് ഡയറക്ടർ ജനറൽ ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞു. അവിടെ അണുവായുധം ഉള്ള കാര്യം പോലും തങ്ങൾക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരവാദിത്തമുള്ള സൈന്യം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന രീതിയിലാണ് ഇന്ത്യൻ സൈന്യം പ്രവർത്തിച്ചത്. ഒരു ന്യൂക്ലിയർ ഫസിലിറ്റിയിൽ ബോംബിടാൻ മാത്രം ഉത്തരവാദ രഹിതമായി ഇന്ത്യ പ്രവർത്തിക്കില്ല എന്നെങ്കിലും മിത്രങ്ങൾ ഓർക്കണം. 2014-ൽ ഉണ്ടായതല്ല ഈ രാജ്യം; അതിനു അതിന്റെതായ പ്രവർത്തന സ്വഭാവവും രീതികളുമുണ്ട്.
ഇനി അതെല്ലാം മാറ്റാൻ തീരുമാനിക്കുകയും മിത്രരീതികളിൽ ചെയ്തു തുടങ്ങുകയും ചെയുമ്പോഴല്ലേ; അപ്പോൾ പറഞ്ഞുതുടങ്ങൂ.
അതുവരെ വെറുതെ ഓരോന്ന് പറഞ്ഞുനടന്നു നാടിനെ നാറ്റിക്കരുത്.
ഇത് നിങ്ങളുടെയും കൂടി നാടാണ്. അപേക്ഷയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

