പതിനായിരം കോടിയുടെ നിക്ഷേപം സംബന്ധിച്ച മുഖ്യമന്ത്രി വി ഡി സതീശൻ്റെ ഒരു അവകാശവാദം കൂടി പൊളിയുന്നു. ടാറ്റ ആർട്സൺ – മലബാർ സിമൻ്റ്സ് സംയുക്ത സംരംഭമായ വൻകിട ബോട്ട് നിർമ്മാണ യൂണിറ്റ് യു ഡി എഫ് സർക്കാരിൻ്റേതാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം നുണയാണെന്ന് തെളിഞ്ഞു.
പദ്ധതി എൽഡിഎഫ് സർക്കാരിൻ്റെ കാലത്തേത് ആണെന്ന് തെളിയിക്കുന്ന രേഖകൾ കൈരളി ന്യൂസ് പുറത്തുവിട്ടു.
10000 കോടിയുടെ ടാറ്റാ നിക്ഷേപ കഥ ടാറ്റ തന്നെ നിഷേധിച്ചതോടെ വെട്ടിലായ മുഖ്യമന്ത്രി ഒരു വിശദീകരണക്കുറിപ്പ് ഇന്നലെ പുറത്തിറക്കിയിരുന്നു. അതിലെ മറ്റൊരു പ്രഖ്യാപനമായിരുന്നു മലബാർ സിമൻറ്സ് ആർട്സൺ എൻജിനീയറിങ് സംയുക്ത സംരംഭം. യു ഡി എഫ് സർക്കാരിൻ്റേത് എന്ന പേരിൽ മുഖ്യമന്ത്രി അവകാശപ്പെട്ട പദ്ധതി പുതിയതല്ല എന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്തുവന്നത്. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പി രാജീവ് വ്യവസായ മന്ത്രിയായിരിക്കെ ധാരണാപത്രം ഒപ്പുവക്കുകയും പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. 500 കോടി രൂപ മുതൽ മുടക്കുള്ള ബോട്ട് നിർമ്മാണ യൂണിറ്റാണ് പദ്ധതി.
2025 ഫെബ്രുവരി 19 പുറത്തിറങ്ങിയ സർക്കാർ ഉത്തരവാണിത്. പദ്ധതി നടപ്പാക്കുന്നത് പോർട്ട്ട്ര സ്റ്റിൽ നിന്നും പത്ത് വർഷങ്ങൾ മുൻപ് മലബാർ സിമൻറ്സ് പാട്ടത്തിനെടുത്ത ഭൂമിയിലാണ്. സംയുക്ത സംരംഭത്തിൽ മലബാർ സിമൻ്റ് സിൻ്റെ ഓഹരിയായി ഭൂമിയുടെ മൂല്യമായ 58 കോടി രൂപ. ടാറ്റ ടെക്നോളജി സിൻ്റേതാണ് സാങ്കേതികവിദ്യ. ഭൂമി കൈമാറ്റം പൂർത്തിയായതോടെ ഇതിനകം പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു.
2026 ഫെബ്രുവരിയിൽ തന്നെ ഇതിനുള്ള എല്ലാ അനുമതിയും ലഭിച്ചിരുന്നു എന്നതിന്റെ രേഖകളും പുറത്തുവന്നു. ഈ പദ്ധതിയാണ് യുഡിഎഫ് സർക്കാരിൻറെ നേട്ടം എന്ന അവകാശപ്പെട്ട് മുഖ്യമന്ത്രി പത്രക്കുറിപ്പ് ഇറക്കിയത്.
ടാറ്റയുടെ പതിനായിരം കോടിയുടെ നിക്ഷേപ കഥ പൊളിഞ്ഞപ്പോൾ പിടിച്ചുനിൽക്കാൻ പറഞ്ഞ പകരം പദ്ധതി എൽഡിഎഫ് സർക്കാരുടേതായിരുന്നു എന്ന് മാത്രം.
കൊച്ചിൻ ഷിപ്പിയാർഡും ഹ്യുണ്ടായി കമ്പനിയും സംയുക്തമായി ആരംഭിക്കുന്ന മറ്റൊരു പദ്ധതി ഇതേ കാലത്ത് എൽഡിഎഫ് സർക്കാരിൻ്റെ മുൻകൈയ്യിൽ തുടക്കം കുറിച്ചിരുന്നു. 3700 കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ധാരണാപത്രം 2025 സെപ്റ്റംബറിലാണ് ഒപ്പുവച്ചത്. ഇതിൻ്റെയും ഭൂമി കൈമാറ്റം പൂർത്തിയായി. ഉടൻ യാഥാർത്ഥ്യമാകാൻ പോകുന്ന പദ്ധതിയും യുഡിഎഫിന്റെ കണക്കിൽ മുഖ്യമന്ത്രി ഉൾപ്പെടുത്തുമോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

