
കഴിഞ്ഞ വർഷം വരിതെറ്റിയ കാമറ ഡിസൈനും ഓവർ പ്രൈസിങ്ങും ആയി എത്തി മീം ട്രെൻഡുകൾ സൃഷ്‌ടിച്ച ഫോണാണ് നതിങ്ങിന്റെ ‘നതിങ് ഫോൺ 3’. അപ്പർ മിഡ് റേഞ്ചിൽ വരേണ്ട വിലയെ ഫ്ലാഗ്ഷിപ്പ് ലെവലിൽ കൊണ്ട് വന്ന് നതിങ് ഏറ്റുവാങ്ങിയ പൊങ്കാല ചെറുതല്ല. വൻ ഹൈപ്പിൽ എത്തിയ ഫോൺ എന്നതിനാലും ഇത് വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
എന്നാൽ, നതിങ് കാണിച്ച അബദ്ധം മറ്റാരും ആവർത്തിക്കില്ലെന്ന് കരുതിയിരുന്ന ടെക് ലോകത്തിന് തുടക്കത്തിലേ തെറ്റി. ഈ വർഷം തുടക്കത്തിൽ തന്നെ ഓപ്പോയാണ് ഓവർ പ്രൈസിംഗുമായെത്തി ആരാധകരെ നിരാശയിലാഴ്ത്തിയത്.
ALSO READ; വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വൻ മാറ്റം; മെമ്പർ ടാഗും കസ്റ്റം സ്റ്റിക്കറുകളുമായി മൂന്ന് പുത്തൻ ഫീച്ചറുകൾ
എൻട്രി ലെവൽ ഫ്ലാഗ്ഷിപ് ഫീച്ചറുകൾക്ക് ഓപ്പോയുടെ തന്നെ പ്രീമിയം ഫ്ലാഗ്ഷിപ്പ് ഡിവൈസായ ഫൈൻഡ് എക്‌സ് 9 ന് അടുത്ത് നിൽക്കുന്ന വിലയാണ് റെനോ 15 പ്രോയ്ക്ക് നൽകിയിരിക്കുന്നത്; 67,999 രൂപ. കുറച്ച് കൂടി കാശുണ്ടെങ്കിൽ പ്രീമിയം കാറ്റഗറിയിലുള്ള ഫൈൻഡ് എക്‌സ് 9 തന്നെ സ്വന്തമാക്കാം.

പ്രത്യേകതകൾ അറിയാം:
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 16 ലാണ് ഓപ്പോ റെനോ 15 പ്രോയുടെ വരവ്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും 120 ഹെർട്സ് റീഫ്രഷ് റേറ്റുമുള്ള, 6.78 ഇഞ്ച് ഫുൾ-എച്ച്ഡി+ എൽടിപിഒ അമോലെഡ് ഡിസ്പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്‌സെറ്റ് എന്നിവയുമായാണ് ഫോൺ എത്തുന്നത്. പ്രധാന ആകർഷണം കാമറയാണ്.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS), PDAF എന്നിവയുള്ള 200 മെഗാപിക്സൽ പ്രൈമറി ക്യാമറ, 116 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 50 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ്, OIS ഉം 3.5x ഒപ്റ്റിക്കൽ സൂമും ഉള്ള 50 മെഗാപിക്സൽ സാംസങ് JN5 പെരിസ്കോപ്പ് ടെലിഫോട്ടോ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ കാമറാ സെറ്റപ്പാണ് ഫോണിനുള്ളത്.
80W SuperVOOC വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 6,500mAh ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ 6, ബ്ലൂടൂത്ത് 5.4, ജിപിഎസ്, എൻഎഫ്‌സി, യുഎസ്ബി ടൈപ്പ്-സി എന്നിവ ഉൾപ്പെടുന്നു. പൊടി, ജല പ്രതിരോധത്തിന് IP68 + IP69 റേറ്റിംഗുമുണ്ട്.
ALSO READ; ഐക്യൂവിന്‍റെ മൂത്ത പുത്രൻ വരുന്നു: ഐക്യൂ 15 അൾട്രാ അടുത്ത മാസമെത്തും; ഫീച്ചറുകൾ കണ്ട് ഞെട്ടി ആരാധകർ
അഴകിയ രാവണൻ; പക്ഷേ തൊട്ടാൽ പൊള്ളും:
ഫോണുകൾക്കിടയിലെ സൂപ്പർ മോഡലായാണ് ഓപ്പോ റെനോ സീരീസ് അറിയപ്പെടുന്നത്. സ്ലിം ആയ ഡിസൈനും പ്രീമിയം കളർ ഓപ്‌ഷനുകളും പിന്നിലെ പ്രത്യേക പാറ്റേൺ ഡിസൈനുകളും ഫോണിനെ വേറിട്ടതാക്കുന്നുണ്ട്. റെനോ 16 പ്രോയും ഒരു അഴകിയ രാവണൻ തന്നെയാണ്.
എന്നാൽ, 50000 രൂപയുടെ ഫോണിൽ കിട്ടുന്ന ഫീച്ചറുകൾ മാത്രമുള്ള ഫോണിന് 70000 രൂപക്ക് അടുത്ത് വിലയിടുന്നത് വിപണിയിൽ തിരിച്ചടി ആകുമെന്ന് വിലയിരുത്തപ്പെടുന്നു. മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്‌സെറ്റ് 30000 രൂപയുടെ ഫോണുകളിൽ പോലും കിട്ടുന്ന ചിപ്‌സെറ്റാണ്. ഇത് ഒരു പെർഫോമൻസ് ചിപ്പേ അല്ല. കാമറ ഒഴികെയുള്ള മറ്റ് ഫീച്ചറുകൾ മിഡ്‌റേഞ്ച് ഫോണുകളിൽ സുലഭമായി ലഭിക്കുന്നതാണ്.
What kind of pricing is this for the Oppo Reno 15 series? Oppo Reno 15 Pro for 72999, who would pick this instead of a Find X9 or a OnePlus 15? And then Reno 15C with Snapdragon 6 Gen 1 for Rs 35000. SD 6 Gen 1 was launched in 2022! pic.twitter.com/zttBSNfsGe
— Nirmal TV (@nirmaltv) January 8, 2026
എതിരാളികളെ തൊടാനാവില്ല:
മറ്റു ഫോണുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് വിലയിലെയും ഫീച്ചറുകളിലെയും യഥാർത്ഥ വ്യത്യാസം മനസിലാക്കുക. വൺപ്ലസ് തന്നെയെടുക്കാം. വൺപ്ലസിന്‍റെ പ്രീമിയം ഫോണായ വൺപ്ലസ് 15 നും റെനോ 15 നും ഒരേ വിലയാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 എന്ന ഒറ്റക്കാരണം മതി ഓപ്പോക്ക് മുകളിൽ വൺപ്ലസിനെ തിരഞ്ഞെടുക്കാൻ. കാമറയും മികച്ചത്. ഒപ്പോയേക്കാൾ മികച്ച ഒഎസും ഡിസ്പ്ളേയും ബാറ്ററിയും വൺപ്ലസിനുണ്ട്.
ഇനി കാമറയുടെ കാര്യത്തിലാണ് മത്സരമെങ്കിൽ ഈ വിലയ്ക്ക് ഐഫോൺ 16 സീരീസ്, വിവോ എക്‌സ് 200 എഫ് ഇ, പിക്‌സൽ 9 സീരീസ് ഇങ്ങനെ ഒരുപാട് ഓപ്‌ഷനുകളുണ്ട്. ഇതെല്ലം റെനോ 15 പ്രോയെക്കാൾ കുറഞ്ഞ വിലയിൽ ലഭിക്കും. പിന്നെ എന്ത് അടിസ്ഥാനത്തിലാണ് ഓപ്പോ ഇങ്ങനെ ഒരു സാഹസത്തിന് മുതിർന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. എന്തായാലും ചർച്ചകൾ ഉയരുന്ന സ്ഥിതിക്ക്, ഓഫർ സീസണിൽ നതിങ് ചെയ്തത് പോലെ ഓപ്പോ വില കുത്തനെ കുറയ്ക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

