
ഓസ്ട്രേലിയൻ ഓപ്പൺ 2026 പുരുഷ സിംഗിൾസ് സെമിഫൈനലിൽ ലോക ഒന്നാം നമ്പർ താരം കാർലോസ് അൽക്കാരാസ്, അലക്സാണ്ടർ സ്വെരേവിനെ അഞ്ച് സെറ്റുകളുടെ ആവേശപ്പോരാട്ടത്തിൽ കീഴടക്കി ഫൈനലിൽ കടന്നു. അഞ്ചര മണിക്കൂർ നീണ്ട മത്സരത്തിൽ പരിക്ക് ഭീഷണി മറികടന്നാണ് അൽക്കാരാസ് 6-4, 7-6(5), 6-7(3), 6-7(4), 7-5 എന്ന സ്കോറിനാണ് ജയം സ്വന്തമാക്കിയത്.
റോഡ് ലേവർ അരീനയിൽ നടന്ന മത്സരത്തിൽ രണ്ട് സെറ്റുകൾ ലീഡിൽ ആയിരുന്ന അൽക്കാരാസ്, പിന്നീട് സ്വെരേവിന്റെ ശക്തമായ തിരിച്ചുവരവ് നേരിടേണ്ടി വന്നു. നിർണായക അഞ്ചാം സെറ്റിൽ അസാധാരണമായ പ്രകടനം പുറത്തെടുത്താണ് 22 കാരനായ സ്പാനിഷ് താരം വിജയം ഉറപ്പിച്ചത്. ഫൈനലിൽ അൽക്കാരാസ്, രണ്ടുതവണ ഡിഫൻഡിങ് ചാമ്പ്യനായ ജാനിക് സിന്നറിനെയോ 10 തവണ മെൽബണിൽ കിരീടം ചൂടിയ നോവാക് ജോക്കോവിച്ചിനെയോ നേരിടും.
Also Read: ഇന്ത്യ – ന്യൂസിലൻഡ് ടി20: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ച് ഇന്ത്യൻ താരങ്ങൾ
വനിതാ സിംഗിൾസ് ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ആരിന സബാലെങ്ക, എലീന റിബാക്കിനയെ നേരിടും. ഇരുവരും ഫൈനലിലേക്കുള്ള യാത്രയിൽ ഒരു സെറ്റും നഷ്ടപ്പെടുത്തിയിട്ടില്ല. നാലാം വർഷം തുടർച്ചയായി ഫൈനലിൽ എത്തുന്ന സബാലെങ്ക, മെൽബൺ പാർക്കിൽ നാല് സീസണിൽ മൂന്നാം കിരീടം സ്വന്തമാക്കിയാൽ മാർട്ടിന ഹിങിസും മാർട്ടിന നവ്രാറ്റിലോവയും നേടിയ റെക്കോർഡിനൊപ്പമെത്തും.അതേസമയം, 2022 വിംബിള്‍ഡൺ ജേതാവായ റിബാക്കിന, തന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ കിരീടവും രണ്ടാം ഗ്രാൻഡ് സ്ലാം നേട്ടവും ലക്ഷ്യമിടുകയാണ്. ജെസിക്ക പെഗുലയെ സെമിയിൽ തോൽപ്പിച്ചാണ് റിബാക്കിന ഫൈനലിലെത്തിയത്.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


